സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ സൂപ്പർ ക്ലാസികോ; റയലും ബാഴ്‌സയും നേർക്കുനേർ
പരിക്കേറ്റ കിലിയൻ എംബാപ്പെ ഇറങ്ങുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ജിദ്ദ: സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ ലാലിഗ വമ്പൻമാരായ റയൽ മാഡ്രിഡും ബാഴ്‌സലോണയും ഏറ്റുമുട്ടാനൊരുങ്ങുന്നു. ജിദ്ദയിലെ കിങ് അബ്ദുള്ള സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ ഞായറാഴ്ച്ച ഇന്ത്യൻ സമയം രാത്രി 12:30 നാണ് മത്സരം. സെമി ഫൈനലിൽ അത്‌ലറ്റികോ ബിൽബാവോയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്താണ് ബാഴ്‌സയുടെ വരവ്. റയലാവട്ടെ സെമിയിൽ അത്‌ലറ്റികോ മാഡ്രിഡിനെ 2-1 ന് പരാജയപ്പെടുത്തിയാണ് കലാശക്കളിക്ക് ടിക്കറ്റെടുത്തത്.
കഴിഞ്ഞ തവണ ഇതേ വേദിയിൽ റയലിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ച് ബാഴ്‌സലോണ സൂപ്പർ കപ്പ് ചാമ്പ്യൻമാരായിരുന്നു. ആ തോൽവിക്ക് പകരം വീട്ടുക എന്നതു കൂടിയാണ് റയലിന്റെ ലക്ഷ്യം. കാൽമുട്ടിന് പരിക്കേറ്റ കിലിയൻ എംബാപ്പെ ഇറങ്ങുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
സെമി ഫൈനലിൽ അത്‌ലറ്റികോ ബിൽബാവോയ്‌ക്കെതിരെ കാഴ്ച്ചവെച്ച മികച്ച പ്രകടനം ബാഴ്‌സക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. സെമിയിൽ ബാഴ്‌സക്കായി ഗോൾ നേടിയത് റഫീന്യ,ഫെർമിൻ ലോപ്പസ്, ഫെറാൻ ടോറസ്, റോണി ബാർദ്ജി എന്നിവരാണ് ബാഴ്‌സക്കായി ലക്ഷ്യം കണ്ടത്. ഇവർക്കൊപ്പം മാർക്കസ് റാഷ്‌ഫോഡ്, റോബർട് ലെവൻഡോസ്‌കി എന്നിവരും കൂടി ചേരുമ്പോൾ മുന്നേറ്റ നിരയിൽ ബാഴ്‌സക്ക് പേടിക്കാനില്ല.
മാഡ്രിഡ് ഡെർബിയിൽ അത്‌ലറ്റികോ മാഡ്രിഡിനെ കടുത്തപോരാട്ടത്തിനൊടുവിലാണ് ലോസ് ബ്ലാങ്കോസ് കീഴടക്കിയത്. ഫ്രെഡ്രികോ വാൽവർദെയുടെ ഫ്രീകിക്ക് ഗോളിലാണ് റയൽ മുന്നിലെത്തുന്നത്. രണ്ടാം പകുതിയിൽ റോഡ്രിഗോയും ലക്ഷ്യം കണ്ടു. അലക്‌സാണ്ടർ സൊർലോത്താണ് അത്‌ലറ്റ്‌കോയ്ക്കായി ആശ്വാസ ഗോൾ കണ്ടെത്തിയത്. പരിക്കുമൂലം വിശ്രമത്തിലുള്ള കിലിയൻ എംബാപ്പെ ഇല്ലാതെയാണ് റയൽ സെമിയിൽ ഇറങ്ങിയത്.