തന്ത്രങ്ങൾ മെനയാൻ വിദേശ പരിശീലകർ; സൂപ്പർലീഗ് കേരള രണ്ടാം പതിപ്പിനൊരുങ്ങി ക്ലബുകൾ
അടുത്തമാസമാണ് സൂപ്പർലീഗ് കേരളക്ക് തുടക്കമാകുക
കൊച്ചി: സൂപ്പർ ലീഗ് കേരള രണ്ടാം പതിപ്പിനുള്ള അവസാനഘട്ട ഒരുക്കത്തിൽ ടീമുകൾ. ലീഗിലെ ആറ് ക്ലബ്ബുകളും അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലകരെ കൂടാരങ്ങളിൽ എത്തിച്ചത്തോടെ ഇത്തവണയും പോരാട്ടം കടുക്കുമെന്നുറപ്പായി. മൂന്ന് ക്ലബ്ബുകളും സ്പാനിഷ് പരിശീലകരെ നിയോഗിച്ചപ്പോൾ, അർജന്റീന, ഇംഗ്ലണ്ട്, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള പരിചയസമ്പന്നരായ ഫുട്‌ബോൾ കോച്ചുമാരും കേരളത്തിൽ പയറ്റിതെളിയാനായെത്തി. കണ്ണൂർ വാരിയേഴ്‌സ് മാത്രമാണ് പോയ സീസണിലെ തങ്ങളുടെ പരിശീലകനെ നിലനിർത്തിയ ഏത ക്ലബ്. സീസൺ ഒന്നിൽ സെമിഫൈനലിലേക്ക് ടീമിനെയെത്തിച്ച സ്പാനിഷ് കോച്ച് മാനുവൽ സാഞ്ചസ് മുരിയസിൽ ടീം വീണ്ടും വിശ്വാസമർപ്പിക്കുകയായിരുന്നു.
ആദ്യ സീസണിൽ പ്രതീക്ഷകൾക്കൊത്ത് ഉയരാനാവാതിരുന്ന മലപ്പുറം എഫ്.സി, പനാമൻ ക്ലബ്ബുകളെ പരിശീലിപ്പിച്ച 34 കാരൻ യുവ സ്പാനിഷ് മാനേജർ മിഗ്വൽ കോറലിനെയാണ് എത്തിച്ചത്. സീസൺ 1 കിരീടം കൈയകലെ നഷ്ടപെട്ട ഫോഴ്സ കൊച്ചി സ്പാനിഷ് കോച്ച് മിക്കേൽ ലാഡോ പ്ലാനെയിലൂടെയാണ് ഇത്തവണ തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നത്.
നിലവിലെ ചാമ്പ്യൻമാരായ കാലിക്കറ്റ് എഫ്സി അർജന്റൈൻ കോച്ച് എവർ അഡ്രിയാനോ ഡെമാൽഡെയാണ് മുഖ്യ പരിശീലകനായി നിയമിച്ചത്. 44 കാരൻ എവർ ഫ്രഞ്ച് വമ്പൻമാരായ ഒളിമ്പിക് മാഴ്‌സെയ്ക്കൊപ്പവും സൗദി ദേശീയ ടീമിനൊപ്പവും അസിസ്റ്റന്റ് മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം കൊമ്പൻസ് ബ്രസീലിയൻ പരിശീലകൻ സെർജിയോ അലക്‌സാണ്ടറിന് പകരം ഇംഗ്ലീഷ് മാനേജർ ജെയിംസ് മക്അലൂണിനെയാണ് ടീമിലെത്തിച്ചിരിക്കുന്നത്.
അതേസമയം, ഉദ്ഘാടന സീസണിൽ നിരാശപ്പെടുത്തിയ തൃശ്ശൂർ മാജിക് എഫ്.സി, റഷ്യൻ തന്ത്രങ്ങൾ തേടി മുഖ്യ പരിശീലകനായി ആൻഡ്രെയ് ചെർണിഷോവുമായി കരാറിലെത്തിയിട്ടുണ്ട്. മുഹമ്മദൻസ് ക്ലബിനെ പരിശീലിപ്പിച്ച് അനുഭവസമ്പത്തുള്ള ചെർണിഷോവ്, കൊൽക്കത്തൻ ക്ലബിനെ ഐ ലീഗ് കിരീടത്തിലേക്കും ഒടുവിൽ ഐഎസ്എല്ലിലേക്ക് നയിച്ചതിന് ശേഷമാണ് തൃശൂര്ർ ടീമിനൊപ്പം ചേരുന്നത്.