സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റിനെതിരെ കണ്ണൂരിന് തോൽവി, സെമി സാധ്യത തുലാസിൽ
കാലിക്കറ്റിനായി സെബാസ്റ്റിയൻ റിങ്കൺ, മുഹമ്മദ് ആഷിക് എന്നിവരാണ് ഗോൾ സ്‌കോർ ചെയ്തത്.
കണ്ണൂർ: ഹോം ഗ്രൗണ്ടിലെ അവസാന മത്സരത്തിൽ കാലിക്കറ്റ് എഫ്‌സിയോട് തോറ്റ് കണ്ണൂർ വാരിയേഴ്‌സ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പരാജയപ്പെട്ടത്. ഇതോടെ കണ്ണൂരിന്റെ സെമി സാധ്യത തുലാസിലായി. ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കാലിക്കറ്റിനായി സെബാസ്റ്റ്യൻ റിങ്കൺ, മുഹമ്മദ് ആഷിഖ് എന്നിവരും കണ്ണൂരിനായി പെനാൽറ്റിയിലൂടെ നായകൻ അഡ്രിയാൻ സെർഡിനറോയും സ്‌കോർ ചെയ്തു.
ഒൻപത് കളികളിൽ 20 പോയന്റുള്ള കാലിക്കറ്റ് നേരത്തെ സെമി ഉറപ്പിച്ചിരുന്നു. ഇത്രയും കളികളിൽ 10 പോയന്റുള്ള കണ്ണൂർ അഞ്ചാമതാണ്. ഹോം ഗ്രൗണ്ടിൽ ഒരു മത്സരം പോലും ജയിക്കാൻ സാധിക്കാത്ത കണ്ണൂരിന് സെമിയിൽ കയറണമെങ്കിൽ അവസാന മത്സരത്തിൽ തൃശൂരിനെ തോൽപ്പിക്കുന്നതിനൊപ്പം മറ്റു ടീമുകളുടെ ഫലവും അനുകൂലമായി വരണം. ആറ് ഗോളുകളുമായി ലീഗിൽ ടോപ് സ്‌കോറർ സ്ഥാനത്തുള്ള മുഹമ്മദ് അജ്‌സലിനെ ബെഞ്ചിലിരുത്തിയാണ് കാലിക്കറ്റ് കളത്തിലിറങ്ങിയത്. അവസാനം കളിച്ച ടീമിൽ കാലിക്കറ്റ് എട്ട് മാറ്റങ്ങൾ വരുത്തി. കെവിൻ ലൂയിസ്, അർജുൻ ഉൾപ്പടെയുള്ളവർക്ക് കണ്ണൂരും ആദ്യ ഇലവനിൽ അവസരം നൽകി.
കണ്ണൂർ ഗോളിനായി സമ്മർദ്ദം ചെലുത്തുന്നതിനിടെ ഇരുപത്തിനാലാം മിനിറ്റിൽ കാലിക്കറ്റ് മത്സരത്തിൽ ലീഡെടുത്തു. ത്രോബോൾ സ്വീകരിച്ച് മുഹമ്മദ് ആഷിഖ് ഇടതുവിങിൽ നിന്ന് നൽകിയ ക്രോസ്സ് കൊളമ്പിയക്കാരൻ സെബാസ്റ്റ്യൻ റിങ്കൺ ഫാസ്റ്റ് ടൈം ടച്ചിലൂടെ ഗോളാക്കി മാറ്റി (1-0). മുപ്പത്തിയഞ്ചാം മിനിറ്റിൽ സിനാൻ കാലിക്കറ്റ് വലയിൽ പന്തെത്തിച്ചെങ്കിലും റഫറി ഓഫ്സൈഡ് കൊടിയുയർത്തി. ആദ്യപകുതി അവസാനിക്കാനിരിക്കെ പരുക്കൻ കളിക്ക് കാലിക്കറ്റിന്റെ അസ്ലമിന് മഞ്ഞക്കാർഡ് ലഭിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ കാലിക്കറ്റ് ഫെഡറിക്കോ ബുവാസോയെ പകരക്കാരനായി കൊണ്ടുവന്നു. അൻപത്തിരണ്ടാം മിനിറ്റിൽ അഡ്രിയാൻ സെർഡിനറോയുടെ ഷോട്ട് കാലിക്കറ്റ് ഗോൾ കീപ്പർ ഹജ്മൽ തട്ടിത്തെപ്പിച്ചു.
അറുപത്തിയഞ്ചാം മിനിറ്റിൽ കാലിക്കറ്റ് ലീഡ് രണ്ടാക്കി. ഫെഡറിക്കോ ബുവാസോയുടെ പാസിൽ മുഹമ്മദ് ആഷിഖിന്റെ ഗോൾ (2-0). പിന്നാലെ കാലിക്കറ്റ് റോഷൽ, ഷഹബാസ് എന്നിവരെയും കണ്ണൂർ ആസിഫ്, കരീം സാമ്പ് എന്നിവരെയും കളത്തിലിറക്കി. എഴുപത്തിനാലാം മിനിറ്റിൽ കണ്ണൂർ ഒരു ഗോൾ മടക്കി. അലക്‌സിസ് സോസ പന്ത് കൈകൊണ്ട് തടുത്തതിന് ലഭിച്ച പെനാൽറ്റി അഡ്രിയാൻ സെർഡിനറോ ഗോളാക്കി മാറ്റി (2-1). ഞായറാഴ്ച ഒൻപതാം റൗണ്ടിലെ അവസാന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി, മലപ്പുറം എഫ്‌സിയെ നേരിടും. വിജയിച്ചാൽ തിരുവനന്തപുരം സെമി ഫൈനലിന് യോഗ്യത നേടുന്ന മൂന്നാമത്തെ ടീമാവും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് കിക്കോഫ്.