ഇന്ത്യയുടെ കളികള്‍ക്കായി മണിക്കൂറുകള്‍ യാത്ര; രൂക്ഷ വിമര്‍ശനവുമായി ഡേവിഡ് മില്ലര്‍
സെമിയിൽ കിവീസിനോട് 50 റൺസിന്റെ തോൽവിയാണ് ദക്ഷിണാഫ്രിക്ക വഴങ്ങിയത്
ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ ദുബൈയിൽ വച്ച് സംഘടിപ്പിക്കുന്നത് മറ്റ് ടീമുകൾക്ക് ഏറെ പ്രയാസകരമാണെന്ന് ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലർ. കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ട്രോഫി സെമിയില്‍ കിവീസിനെതിരായ പരാജയത്തിന് ശേഷമാണ് മില്ലറുടെ പ്രതികരണം.
ഇന്ത്യയെ സെമിയിൽ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ആസ്‌ത്രേലിയക്കൊപ്പം ദക്ഷിണാഫ്രിക്കയും നേരത്തേ ദുബൈയിലേക്ക് വണ്ടി കയറിയിരുന്നു. എന്നാൽ ഇന്ത്യ കിവീസിനെ പരാജയപ്പെടുത്തിയതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി. അതോടെ രണ്ടാം സ്ഥാനക്കാരായ കിവീസിനെ നേരിടാൻ ദക്ഷിണാഫ്രിക്കക്ക് പാകിസ്താനിലേക്ക് തിരിച്ച് പറക്കേണ്ടി വന്നു.
''ഒരു മത്സരത്തിന് ശേഷം ഉടൻ അടുത്ത മത്സരത്തിനായി വിമാനത്തിൽ മറ്റൊരു രാജ്യത്തേക്ക് പറക്കേണ്ടി വരികയാണ്. വൈകീട്ട് നാല് മണിക്ക് ഞങ്ങൾ ദുബൈയിലെത്തി. പിറ്റേന്ന് രാവിലെ 7.30 ന് പാകിസ്താനിലേക്ക് തിരിച്ചു. ഇത് അത്ര നല്ല കാര്യമായി തോന്നിയില്ല. അഞ്ച് മണിക്കൂറേ യാത്രയുള്ളൂ, റിക്കവറി ചെയ്യാൻ മതിയായ സമയം ലഭിച്ചില്ലെന്ന് ഞാൻ പറയുന്നില്ല. പക്ഷേ തുടരെയുള്ള ഈ യാത്ര അത്ര ശരിയായ രീതിയല്ല''- മില്ലർ പറഞ്ഞു.
സെമിയിൽ കിവീസിനോട് 50 റൺസിന്റെ തോൽവിയാണ് ദക്ഷിണാഫ്രിക്ക വഴങ്ങിയത്. മത്സരത്തിന്റെ അവസാന ഓവറുകളിൽ തകർത്തടിച്ച് മില്ലർ സെഞ്ച്വറിയിൽ തൊട്ടെങ്കിലും ടീമിനെ വിജയതീരമണക്കാനായില്ല.