ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ്: കന്നി കിരീടം ഇന്ത്യയ്‌ക്കെന്ന് ടിം പെയ്ൻ

രണ്ടു പതിറ്റാണ്ടിനുശേഷം ഇംഗ്ലണ്ടിനെ അവരുടെ മണ്ണിൽ വച്ചുതന്നെ തറപറ്റിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ന്യൂസിലൻഡ് സംഘം ഫൈനല്‍ പോരാട്ടത്തിനൊരുങ്ങുന്നത്

Update: 2021-06-15 06:53 GMT
Editor : Shaheer | By : Web Desk

പ്രഥമ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഈ മാസം 18നാണ് ഇംഗ്ലണ്ടിലെ സൗത്താംപ്റ്റണിൽ ടെസ്റ്റ് പോരാട്ടം ചരിത്രം കുറിക്കാനിരിക്കുന്നത്. രണ്ടു പതിറ്റാണ്ടിനുശേഷം ഇംഗ്ലണ്ടിനെ അവരുടെ മണ്ണിൽ വച്ചുതന്നെ തറപറ്റിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ന്യൂസിലൻഡ് സംഘം പോരാട്ടത്തിനൊരുങ്ങുന്നത്. എന്നാൽ, സമീപകാലത്തെ അസാമാന്യമായ ടീം വര്‍ക്ക് ആവര്‍ത്തിക്കാനാകുമെന്ന വിശ്വാസത്തിലാണ് ടീം ഇന്ത്യ.

മത്സരം തുടങ്ങുംമുൻപ് ഇരുടീമുകളുടെയും സാധ്യതകള്‍ വിലയിരുത്തിക്കൊണ്ട് വിവിധ ക്രിക്കറ്റ് താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഇതിൽ ഓസീസ് ടെസ്റ്റ് നായകൻ ടിം പെയ്ൻ മാർക്ക് നൽകുന്നത് ഇന്ത്യയ്ക്കാണ്. ഇന്ത്യ അനായാസം കിരീടം സ്വന്തമാക്കുമെന്നാണ് പെയ്ൻ പ്രവചിച്ചിരിക്കുന്നത്. ബ്രിസ്‌ബെയ്‌നിൽ നടന്ന വാർത്താസമ്മേളത്തിലാണ് താരം അഭിപ്രായം പ്രകടിപ്പിച്ചത്. തങ്ങളുടെ ഏറ്റവും മികച്ച ഫോമിന്റെ അടുത്ത നിലവാരമെങ്കിലും കാണിച്ചാല്‍ മത്സരം ഇന്ത്യ അനായാസം വരുതിയിലാക്കുമെന്ന് പെയ്ൻ പറഞ്ഞു.

Advertising
Advertising

ഒന്നാമതായി ന്യൂസിലൻഡ് മികച്ച ടീം തന്നെയാണെന്നാണ് ഞാൻ കരുതുന്നത്. എന്നാൽ, യാഥാർത്ഥ്യബോധത്തോടെ ചിന്തിച്ചാൽ ഇപ്പോൾ ഗ്രൗണ്ടിൽ കണ്ട ഇംഗ്ലണ്ടിനെയായിരിക്കില്ല ആഷസിൽ കാണാൻ പോകുന്നത്. ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ടീമായിരുന്നില്ല കിവീസിനെതിരെ കളിച്ചത്-പെയ്ൻ കൂട്ടിച്ചേർത്തു.

ന്യൂസിലൻഡിനെതിരെയും ഇന്ത്യയ്‌ക്കെതിരെയും ഓസീസ് ടീമിനെ നയിച്ച പരിചയമുണ്ട് പെയ്നിന്. 2019ൽ കിവീസിനെതിരെ സ്വന്തം നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പര 3-0ന് പെയ്നിന്‍റെ നേതൃത്വത്തില്‍ ഓസീസ് തൂത്തുവാരിയിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം നടന്ന ബോർഡർ-ഗവാസ്‌ക്കർ ട്രോഫി പരമ്പരയിൽ 2-1നാണ് കരുത്തരായ ഓസ്ട്രേലിയന്‍ സംഘത്തെ യുവതാരങ്ങളുടെ കരുത്തില്‍ ഇന്ത്യ തകര്‍ത്തത്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News