‘ഗസ്സയിൽ കടന്നു പോകുന്ന ഓരോ ദിവസത്തിലും അന്താരാഷ്ട്ര സമൂഹത്തിന്റെ നിശബ്ദത ഭാവി തലമുറകൾ വിലയിരുത്തും’ - ലൂയിസ് ഹാമിൽട്ടൺ

ഗസ്സക്ക് വേണ്ടി നിരന്തരം ശബ്‌ദിക്കുകയും സഹായമെത്തിക്കാൻ പ്രയത്നിക്കുകയും ചെയ്യുന്ന പ്രമുഖരിൽ ഒരാളാണ് ഫോർമുല വൺ ഡ്രൈവർ ലൂയിസ് ഹാമിൽട്ടൺ

Update: 2025-07-27 06:50 GMT

ലണ്ടൻ: ഇസ്രായേൽ ഗസ്സയിൽ തുടരുന്ന ആക്രമണവും ഉപരോധവും ദിനേന വർധിച്ചുവരുന്ന സാഹചര്യത്തിൽ പല മേഖലകളിൽ നിന്നും വലിയ പ്രതിഷേധങ്ങളാണുണ്ടാവുന്നത്. ഫ്രീഡം ഫ്ലോട്ടില്ല ബോട്ടുകൾ ഇസ്രയേലിന്റെ ഉപരോധത്തെയും മറികടന്ന് ഗസ്സയിൽ സഹായമെത്തിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുമ്പോൾ ലണ്ടൻ ഉൾപ്പടെയുള്ള പല നഗരങ്ങളിലും ഫലസ്തീൻ ഐഖ്യദാർഢ്യ പരിപാടികൾ എല്ലാ ദിവസവും നടക്കുന്നു. ആക്രമിക്കപ്പെടുന്ന ഗസ്സ ജനതക്ക് പിന്തുണയുമായി രംഗത്ത് വന്നവരിൽ പ്രമുഖരുടെ എണ്ണം ദിനേന കൂടി വരികയാണ്. ഫോർമുല വൺ ചാമ്പ്യനും ഫെരാരി ഡ്രൈവറുമായ ലൂയിസ് ഹാമിൽട്ടൺ ഗസ്സ ജനത ഇപ്പോൾ അനുഭവിക്കുന്ന സാഹചര്യത്തെ സംബന്ധിച്ച് ഇന്നലെ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചു.

Advertising
Advertising

ഇതിന് മുമ്പും ഫലസ്തീൻ ജനതക്ക് ഐഖ്യദാർഢ്യവുമായി ഹാമിൽട്ടൺ രംഗത്ത് വന്നിട്ടുണ്ട്. മാത്രമല്ല ഗസ്സക്ക് വേണ്ടി നിരന്തരം ശബ്‌ദിക്കുകയും സഹായമെത്തിക്കാൻ പ്രയത്നിക്കുകയും ചെയ്യുന്ന പ്രമുഖരിൽ ഒരാളാണ് ഹാമിൽട്ടൺ. 'ഗസ്സയിൽ സംഭവിക്കുന്ന കാര്യങ്ങൾ കാണുമ്പോൾ എനിക്ക് അനുഭവപ്പെടുന്നത് വാക്കുകളിൽ വിവരിക്കാൻ പ്രയാസമാണ്. കുട്ടികൾ പട്ടിണി കിടക്കുമ്പോൾ, മനുഷ്യാവകാശ സംഘടനകൾക്ക് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, ശുദ്ധജലം, മരുന്നുകൾ എന്നിവ സുരക്ഷിതമായി ജനങ്ങൾക്ക് എത്തിക്കാൻ കഴിയുന്നില്ല എന്നതിന് ഒരു ന്യായീകരണവുമില്ല' ഹാമിൽട്ടൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

സഹായങ്ങളെത്താതെ വെടിനിർത്തലില്ലാതെ ഗസ്സയിൽ കടന്നു പോകുന്ന ഓരോ ദിവസത്തിലും അന്താരാഷ്ട്ര സമൂഹത്തിന്റെ നിശബ്ദതയും നടപടിയില്ലായ്മയും ഭാവി തലമുറകൾ വിലയിരുത്തുമെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ ഹാമിൽട്ടൺ വ്യകതമാക്കി. കഴിഞ്ഞ വർഷം വരെ മെഴ്സിഡസിന് വേണ്ടി മത്സരിച്ചിരുന്ന ഹാമിൽട്ടൺ ഈ വർഷം മുതൽ ഫെരാരിക്ക് വേണ്ടിയാണ് മത്സരിക്കുന്നത്. വെറ്ററൻ താരം മൈക്കൽ ഷൂമാക്കറുമായി ഏഴ് ലോക ചാംപ്യൻഷിപ് റെക്കോർഡും ഹാമിൽട്ടൺ പങ്കിടുന്നു.


Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News