ഒരു പോയിന്‍റിന്‍റെ ദൂരം; പ്രീമിയര്‍ ലീഗ് കിരീടത്തിനരികെ ലിവര്‍പൂള്‍
33 മത്സരങ്ങള്‍ കളിച്ച ലിവര്‍പൂളിന് 79 പോയിന്‍റാണുള്ളത്
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിന് തൊട്ടരികെ ലിവർപൂൾ. ഞായറാഴ്ച ആൻഫീൽഡിൽ നടക്കുന്ന പോരില്‍ ടോട്ടനത്തോട് തോൽവി ഒഴിവാക്കിയാൽ അഞ്ച് വർഷത്തിന് ശേഷം ലിവർപൂളിന് പ്രീമിയർ ലീഗ് കിരീടം ചൂടാം. മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ 20 കിരീടങ്ങള്‍ എന്ന നാഴികക്കല്ലിനൊപ്പം അര്‍നേ സ്ലോട്ടും സംഘവും ഇതോടെയെത്തും.
ഇന്നലെ ക്രിസ്റ്റൽ പാലസിനോട് സ്വന്തം മൈതാനത്ത് ആഴ്‌സണൽ സമനില വഴങ്ങിയിരുന്നു. ഇതോടെയാണ് നാല് മത്സരങ്ങൾ അവശേഷിക്കെ തന്നെ ലീഗ് കിരീടം ഉറപ്പാക്കാൻ ലിവർപൂളിന് അവസരം ഒരുങ്ങിയത്. നിലവിൽ രണ്ടാം സ്ഥാനത്തുള്ള ആഴ്‌സണലിന് 34 മത്സരങ്ങളില്‍ നിന്ന് 67 പോയിന്റാണുള്ളത്. ഒരു കളി കുറവ് കളിച്ച ലിവര്‍പൂളിന് 79 പോയിന്റുണ്ട്. ഞായറാഴ്ച ടോട്ടനത്തെ കീഴടക്കി തന്നെ സ്വന്തം കാണികൾക്ക് മുന്നിൽ കിരീടമുറപ്പിക്കാനാവും കോച്ച് അർനെ സ്ലോട്ടിന്റെയും സംഘത്തിന്റെയും ശ്രമം.
കഴിഞ്ഞ ദിവസം എമിറേറ്റ്സിൽ അരങ്ങേറിയ മത്സരത്തിൽ മൂന്നാം മിനുട്ടിൽ തന്നെ കിവിയോറിലൂടെ ആഴ്‌സണൽ മുമ്പിലെത്തിയിരുന്നു. എന്നാല്‍ എസെയിലൂടെ ക്രിസ്റ്റൽ പാലസ് ഗോള്‍മടക്കി. ബെൽജിയൻ താരം ട്രൊസാർഡിലൂടെ ആഴ്‌സണൽ വീണ്ടും ലീഡെടുത്തെങ്കിലും 83 ആം മിനുട്ടിൽ മറ്റേറ്റ പാലസിനായി സമനില ഗോൾ കണ്ടെത്തി.