ചാമ്പ്യൻസ് ലീഗിൽ വൻ അട്ടിമറികൾ; റയൽ, അത്‍ലറ്റികോ, ബയേൺ ടീമുകൾക്ക് തോല്‍വി

ലിവര്‍പൂളിന് ജയം

Update: 2024-10-03 03:42 GMT

യുവേഫ ചാമ്പ്യന്‍സ് ലീഗിൽ റയൽ മാഡ്രിഡിനും,ബയേൺ മ്യൂണിക്കിനും അത്ലറ്റിക്കോ മാഡ്രിഡിനും തോൽവി. റയൽ എതിരില്ലാത്ത ഒരു ഗോളിന് ലില്ലെയോട് പരാജയപ്പെട്ടപ്പോൾ ബയേൺ ആസ്റ്റൺവില്ലയോട് തോറ്റു. മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് ബെൻഫിക്കയോടാണ് അത്ലറ്റിക്കോ മാഡ്രിഡിന്റെ തോൽവി.

കളിയിൽ ഉടനീളം ആധിപത്യം പുലർത്തിയെങ്കിലും ചാമ്പ്യന്‍സ് ലീഗിലെ രാജാക്കന്മാരായ റയലിന് ലില്ലെക്ക് മുന്നിൽ കാലിടറി. തുടക്കം മുതൽ ആക്രമിച്ച് കളിച്ചെങ്കിലും റയലിന് ഗോൾ മാത്രം അകന്നുനിന്നു. 12 ഷോട്ടുകൾ പോസ്റ്റിലേക്ക് ഉതിർത്തെങ്കിലും ഫ്രഞ്ച് ക്ലബിന്റെ വല കുലുക്കാൻ ലോസ് ബ്ലാങ്കോസിനായില്ല. ആദ്യ പകുതിയുടെ അധികസമയത്ത് ജോനാതൻ ഡേവിഡ് നേടിയ ഗോളിന് ലില്ലെ റയലിൽ നിന്ന് വിജയം പിടിച്ചെടുത്തു.

Advertising
Advertising

ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിനും തോൽവിയായിരുന്നു ഫലം. ആസ്റ്റൺ വില്ലയോട് എതിരില്ലാത്ത ഒരു ഗോളിനാണ് ബയേണിന്‍റെ പരാജയം. കളിയുടെ 70 ശതമാനം പന്തടക്കം സൂക്ഷിച്ചെങ്കിലും ബയേണിന് ഗോൾ നേടാനായില്ല. 79 ആം മിനുറ്റിൽ ജോണ ഡൂറനാണ് ആസ്റ്റണ്‍ വില്ലക്കായി ഗോൾ നേടിയത്. 

ബെൻഫിക്കയോട് മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് അത്ലറ്റിക്കോ മാഡ്രിഡ് പരാജയപ്പെട്ടത്. വാശിയേറിയ പോരാട്ടത്തിൽ ബൊളോഗ്നയെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ലിവർപൂൾ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി. ലിവർപൂളിനായി മൊഹമ്മദ് സലയും അലക്സിസ് മക്കാലിസ്റ്ററും ഗോൾ നേടി

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News