ഇടിക്കൂട്ടിൽ വീണ്ടും സ്വർണവേട്ട; പൊൻതാരങ്ങളായി നീതുവും അമിത് പങ്കലും

16 സ്വര്‍ണവുമായി മെഡല്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ

Update: 2022-08-07 11:35 GMT
Editor : Shaheer | By : Web Desk
Advertising

ബിർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കായി മെഡൽവേട്ട തുടർന്ന് ബോക്‌സർമാർ. വനിതാ വിഭാഗത്തിൽ നീതു ഗാംഘസ്, അമിത് പങ്കൽ എന്നിവരാണ് ഇന്ന് രാജ്യത്തിനായി സ്വർണം നേടിയത്. കഴിഞ്ഞ ദിവസം ഗുസ്തിയിൽ ഇന്ത്യ മൂന്നു സ്വർണമാണ് പിടിച്ചെടുത്തത്. ഇതോടെ ഗുസ്തിയിൽനിന്ന് ഏഴെണ്ണമടക്കം ഇന്ത്യയുടെ ആകെ സ്വർണനേട്ടം 16 ആയി.

വനിതകളുടെ 45 കിലോ വിഭാഗത്തിൽ ഇംഗ്ലണ്ടിന്റെ ഡെമീ ജെയ്ഡ് റെസ്റ്റനെ മലർത്തിയടിച്ചാണ് ഇന്നത്തെ ആദ്യസ്വർണം നീതു സ്വന്തമാക്കിയത്. തൊട്ടുപിന്നാലെ പുരുഷന്മാരുടെ 51 കിലോ വിഭാഗത്തിൽ മറ്റൊരു ഇംഗ്ലീഷ് താരം കൈറൻ മക്‌ഡൊണാൾഡിനെ ഇടിച്ചിട്ട് അമിത് പങ്കലും സ്വർണം ചൂടി.

നീതുവിന് സീനിയർ വിഭാഗത്തിൽ ഇത് ആദ്യത്തെ പ്രധാന മെഡൽനേട്ടമാണ്. ഇതിനുമുൻപ് രണ്ടു തവണ യൂത്ത് വേൾഡ് ചാംപ്യൻഷിപ്പിൽ സ്വർണം നേടിയിരുന്നു നീതു. അമിത് പങ്കൽ ഇതിനുമുൻപ് ഏഷ്യൻ ഗെയിംസ് ഗോൾഡ് മെഡൽ ജേതാവാണ്. ലോക ചാംപ്യൻഷിപ്പിൽ വെള്ളിയും നേടിയിട്ടുണ്ട്.

മെഡൽ പട്ടികയിൽ ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 16 സ്വർണവും 11 വെള്ളിയും 16 വെങ്കലവും സഹിതം 46 മെഡലുകളുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. 59 സ്വർണമടക്കം 155 മെഡലുകളുമായി ആസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുകയാണ്. തൊട്ടുപിന്നിൽ 50 സ്വർണമടക്കം 153 മെഡലുമായി ഇംഗ്ലണ്ടും ഇഞ്ചോടിഞ്ച് പോരാടുന്നുണ്ട്. കാനഡയും ന്യൂസിലൻഡും ആണ് ഇന്ത്യയ്ക്കു മുന്നിലുള്ള മറ്റു രാജ്യങ്ങൾ.

Summary: Nitu Ghanghas and Amit Panghal give India two boxing Golds at CWG 2022 10th day

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News