ഒരു ജനത പറയുന്നു... വിരമിക്കരുതെന്ന്

ഹോക്കിയിൽ ഇതുവരെ നേടിയ ഏറ്റവും പ്രിയപ്പെട്ട നേട്ടമേതാണെന്ന ചോദ്യത്തിന് ശ്രീജേഷിന് ഇപ്പോഴും ഉത്തരമൊന്നേയുള്ളൂ. ടോക്യോ ഒളിമ്പിക്‌സിലെ വെങ്കല മെഡൽ

Update: 2024-08-10 03:53 GMT

ആ രണ്ട് മിനിറ്റുകൾക്ക് രണ്ട് മണിക്കൂറിന്റെ ദൈർഘ്യമായിരുന്നു. ടി.വി സ്‌ക്രീനുകൾക്ക് മുന്നിൽ ആരാധകർ ശ്വാസമടക്കിപ്പിടിച്ചിരുന്നാണ് ആ നിമിഷങ്ങളെ തള്ളി നീക്കിയത്. സമനിലക്കായുള്ള സ്പാനിഷ് അർമാഡയുടെ കുതിപ്പുകൾ പലപ്പോഴും ഇന്ത്യൻ ഗോൾമുഖം വിറപ്പിച്ച് കൊണ്ടിരുന്നു. ഈ കുതിപ്പിന് മുന്നിൽ അവസാന മിനിറ്റിൽ മാത്രം ഇന്ത്യക്ക് വഴങ്ങേണ്ടി വന്നത് രണ്ട് പെനാൽട്ടി കോർണറുകളാണ്.

ഹോക്കിയിലെ പെനാൽട്ടി കോർണറുകൾ വിതക്കുന്ന ഭീതി ഏറെ അപകടകരമാണ്. കളിയിൽ ഇന്ത്യക്കായി നായകൻ ഹർമൻപ്രീത് സിങ് നേടിയ ഗോളുകളിലൊന്ന് വന്ന വഴിയും അതായിരുന്നല്ലോ. പക്ഷെ ഇന്ത്യൻ ഗോൾവലക്ക് മുന്നിൽ പി.ആർ ശ്രീജേഷ് എന്ന വന്മരം കുലുങ്ങാതെ നിലയുറപ്പിച്ചു. അയാളെ ഭേദിച്ച് പിന്നെ ഒരിക്കൽ പോലും സ്പാനിഷ് മുന്നേറ്റങ്ങൾക്ക് വലതുളക്കാനായില്ല. ഒടുവിൽ ഫൈനൽ സൈറൻ. ഫീൽഡിൽ ശ്രീജേഷ് മുഖമമർത്തിക്കിടന്നു. സഹതാരങ്ങൾ അയാളെ എടുത്തുയർത്തി ഗ്രൗണ്ടിനെ വലംവച്ചു. ഗാലറിയിലപ്പോള്‍ ഉയര്‍ന്ന ഒരു പ്ലക്കാര്‍ഡ് സ്ക്രീനില്‍ തെളിഞ്ഞു. 'ശ്രീജേഷ് അവര്‍ വാള്‍.. ഹര്‍മന്‍ പ്രീത് അവര്‍ സോള്‍' എത്ര മനോഹരമാണീ കാഴ്ച്ചകൾ.  

Advertising
Advertising

2020 ടോക്കിയോ ഒളിമ്പിക്‌സ് വരെ പ്രതാഭകാലത്തിന്റെ നിഴലിൽ മാത്രമായിരുന്ന ഇന്ത്യൻ ഹോക്കിയെ ആകാശത്തോളം കൈപ്പിടിച്ചുയർത്തിയ പടനായകരിൽ ആദ്യമെണ്ണേണ്ട പേരുകളിലൊന്നാണ് പി.ആർ ശ്രീജേഷിന്റേത്.  1980 ൽ മോസ്‌കോ ഒളിമ്പിക്‌സിലെ സ്വർണ നേട്ടത്തിന് ശേഷം മെഡലില്ലാത്ത നീണ്ട നാല് പതിറ്റാണ്ടുകൾ.  

ഒടുവിൽ വിസ്മൃതിയിലാണ്ടു തുടങ്ങിയ ദേശീയ കായികവിനോദത്തെ കൈപിടിച്ചുയർത്താൻ അയാൾക്കൊപ്പം ഒരു കളിക്കൂട്ടം ഉയിർക്കൊണ്ടു. തുടർച്ചയായ രണ്ട് ഒളിമ്പിക്‌സുകളിൽ രണ്ട് യൂറോപ്യൻ ശക്തികളെ തകർത്തെറിഞ്ഞ് അവർ വെങ്കലമണിഞ്ഞു. ടോക്യോയിൽ ജർമനിയെ കെട്ടുകെട്ടിച്ചപ്പോൾ പാരീസിൽ ഇന്ത്യൻ പോരാട്ടവീര്യത്തിന് മുന്നിൽ വീണത് സ്പാനിഷ് സംഘം. രണ്ടിലും ഇന്ത്യൻ കോട്ടയുടെ കരുത്തായി പി.ആർ ശ്രീജേഷ് എന്ന വന്മതിൽ തലയെടുപ്പോടെ നിന്നു.

സ്പാനിഷ് അർമാഡയെ തകർത്തെറിഞ്ഞ ശേഷം അയാൾ ഗോൾ പോസ്റ്റിന് മുകളിൽ കയറിയിരുന്ന് വിജയമാഘോഷിക്കുമ്പോൾ ഒരു ഫ്‌ളാഷ് ബാക്ക് എന്ന പോലെ ടോക്യോ ഒളിമ്പിക്‌സ് ഇന്ത്യൻ ആരാധകരുടെ മനസ്സിൽ മിന്നി മറഞ്ഞു കാണണം. ജർമനിയെ തകർത്തെറിഞ്ഞ ശേഷം അയാളന്നും ആ പോസ്റ്റിന് മുകളിലുണ്ടായിരുന്നു. ഇനി ഇങ്ങനെയൊരാഘോഷം നടത്താൻ പോസ്റ്റിന് മുകളിലും മുന്നിലും അയാളില്ല എന്നത് വേദനിപ്പിക്കുന്നൊരു യാഥാർഥ്യമാണെങ്കിലും അയാൾ നൽകിയതൊക്കെ ഇന്ത്യൻ ഹോക്കിയുടെ ചരിത്രത്തിൽ തങ്കലിപികളിലെന്നുമുണ്ടാവും.

ഹോക്കിയിൽ ഇതുവരെ നേടിയ ഏറ്റവും പ്രിയപ്പെട്ട നേട്ടമേതാണെന്ന ചോദ്യത്തിന് ശ്രീജേഷിന് ഇപ്പോഴും ഉത്തരമൊന്നേയുള്ളൂ. ടോക്യോ ഒളിമ്പിക്‌സിലെ വെങ്കല മെഡൽ. ഇന്ത്യൻ ഹോക്കിയുടെ ചരിത്രത്തിലെ രണ്ടാം അധ്യായം ആരംഭിക്കുന്നത് അവിടെ നിന്നാണല്ലോ. ആ ചരിത്രത്തിൽ അയാളുടെ പേര് ഇന്ത്യയെന്നും ഓർമിക്കും വിധം ആദ്യ ഏടുകളിൽ തന്നെയുണ്ട്.

പാരീസ് ഒളിമ്പിക്‌സിന് മുമ്പേ വിരമിക്കൽ പ്രഖ്യാപിച്ച ശ്രീജേഷ് തന്റെ കരിയറിലെ സുവർണകാലത്താണ് ഇന്ത്യൻ ജഴ്‌സിയഴിക്കുന്നത് എന്നോർക്കണം. പ്രായം തളർത്തിയെന്നോ വിരമിക്കാൻ സമയമായെന്നോ ഒന്നും ഒരാളും നാളിതുവരെ അയാളെക്കുറിച്ച് പറഞ്ഞിട്ടില്ല. ഈ ഒളിമ്പിക്‌സിലെ അയാളുടെ അവിശ്വസനീയ പ്രകടനം മാത്രം മതിയല്ലോ അയാളെന്തിനാണ് ഇപ്പോൾ വിരമിക്കുന്നത് എന്ന സംശയമുയരാൻ. പാരീസ് ഒളിമ്പിക്‌സിൽ എട്ട് മത്സരങ്ങളിൽ നിന്നായി എതിരാളികളുടെ 50 ലേറെ ഗോൾശ്രമങ്ങളാണ് ശ്രീജേഷ് തട്ടിയകറ്റിയത്. ക്വാർട്ടർ ഫൈനലിൽ ഗ്രേറ്റ് ബ്രിട്ടണെതിരെ കളിയുടെ ഭൂരിഭാഗം സമയത്തും പത്ത് പേരായി ചുരുങ്ങിയ ഇന്ത്യയെ 11 സേവുകളുമായി ചിറക് വിടർത്തി കാത്തത് ശ്രീജേഷാണ്. ഒടുവിൽ പെനാൽട്ടി ഷൂട്ടൗട്ടിലും ഒരു നിർണായക സേവുമായി അയാൾ രക്ഷകവേഷമെടുത്തണിഞ്ഞു.

ഇന്ത്യൻ മെഡൽ നേടും മുമ്പേ ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലീപ് ടിർക്കി പറഞ്ഞത് ശ്രീജേഷ് വിരമിക്കൽ തീരുമാനം പിൻവലിക്കണമെന്നാണ്. ഒരൽപ്പം കൂടി കടത്തി ശ്രീജേഷ് ഇന്ത്യൻ ഹോക്കിയുടെ ദൈവമാണെന്ന് വരെ പറയാൻ മുൻ ഇന്ത്യൻ താരം കൂടിയായ ദിലീപിനെ പ്രേരിപ്പിച്ചത് എന്താവും. ശ്രീജേഷ് ഇന്ത്യൻ ഹോക്കിയുടെ ചരിത്രത്തിന് നൽകിയ സംഭാവനകളെക്കുറിച്ച കൃത്യമായ ബോധ്യമാവണമത്.

നാല് ഒളിമ്പിക്‌സുകളിൽ നിന്ന് ഇന്ത്യക്കായി രണ്ട് മെഡലുകൾ.. രണ്ട് ഏഷ്യൻ ഗെയിംസ് സ്വർണം, രണ്ട് കോമൺവെൽത്ത് ഗെയിംസ് വെള്ളി, നാല് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി സ്വർണം. സ്വപ്‌ന തുല്യമാണ് പി.ആർ ശ്രീജേഷിന്റെ കരിയർ. രണ്ട് പതിറ്റാണ്ടിനിടയിൽ 336 മത്സരങ്ങളിൽ ഇന്ത്യൻ ജഴ്‌സിയണിഞ്ഞു. ഹോക്കിക്ക് അധികം വേരോട്ടമില്ലാത്ത കേരളത്തിൽ നിന്ന് ഇന്ത്യൻ ഹോക്കിയുടെ നെറുകെയിലെക്ക് ഓടിക്കയറിയ ശ്രീജേഷിന്റെ കരിയറിനെ ഐതിഹാസികം എന്നല്ലാതെ മറ്റെന്താണ് വിശേഷിപ്പിക്കാനാവുക.

ഹോക്കി കേരളത്തിന്റെ ഇവന്റല്ല പക്ഷെ കേരളത്തിലേക്ക് വന്ന മൂന്ന് ഒളിമ്പിക്‌സ് മെഡലും ഹോക്കിയിൽ നിന്നാണ്. നമ്മൾ ഹോക്കിയെ ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞിരിക്കുന്നു.. ഒളിമ്പിക്‌സ് മെഡൽ നേട്ടത്തിന് ശേഷം ശ്രീജേഷിന്റെ പ്രതികരണങ്ങളിലൊന്ന് ഇതായിരുന്നു.

1972 ലെ മ്യൂണിക്ക് ഒള്മ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിൽ ഒരു മലയാളിയുണ്ടായിരുന്നു. മാനുവൽ ഫെഡറിക്. അതിന് ശേഷം ഇന്ത്യൻ ഹോക്കിയുടെ ചരിത്രത്തിലെ മലയാള മേൽവിലാസം ശ്രീജേഷായിരുന്നു. അയാൾ മാത്രമായിരുന്നു. ഇന്ത്യൻ ജേഴ്‌സിയിൽ ഒട്ടനവധി അവിസ്മരണീയ മുഹൂർത്തങ്ങൾ ആരാധകർക്ക് സമ്മാനിച്ചാണ് മലയാളത്തിന്റെ സ്വന്തം ശ്രീയുടെ പടിയിറക്കം.

'ചില ചരിത്രങ്ങൾ വഴിമാറുമെന്ന് നിങ്ങൾ കേട്ടിട്ടില്ലേ. ഡൽഹിയിലേക്ക് സെക്കന്റ് ക്ലാസിൽ ബാത്രൂമിനടുത്തിരുന്നൊരു യാത്ര. ഇപ്പോൾ ഇതാ ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് ബിസിനസ് ക്ലാസിൽ ഞാൻ തിരിച്ച് പോവുന്നു'- നിറപുഞ്ചിരിയോടെ ശ്രീജേഷ് പറഞ്ഞവസാനിപ്പിച്ചു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - ഹാരിസ് നെന്മാറ

contributor

Similar News