ഇനി കീറിയ ഷൂ ഒട്ടിച്ചു കളിക്കേണ്ട; സിംബാബ്‌വെ ക്രിക്കറ്റ് ടീമിന്റെ സ്‌പോൺസർഷിപ്പ് ഏറ്റെടുത്ത് പ്യൂമ

സിംബാബ്‌വെ ക്രിക്കറ്റിന്റെ ദയനീയ സ്ഥിതി വിവരിച്ചുകൊണ്ടുള്ള യുവതാരം റയാൻ ബേളിന്റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു കമ്പനി

Update: 2021-05-23 13:58 GMT
Editor : Shaheer | By : Web Desk

ഒരുകാലത്ത് ലോകക്രിക്കറ്റിലെ അതികായരായിരുന്നു സിംബാബ്‌വെ. ഫ്‌ളവർ സഹോദരന്മാർ, തതേന്ദ തയ്ബു, ഹെൻട്രി ഒലോങ്ക, ഹീത്ത് സ്ട്രീക്ക്, അലിസ്റ്റർ കാംപൽ, നീൽ ജോൺസൻ എന്നിങ്ങനെ ഏതു ടീമിനെയും വിറപ്പിക്കാൻ പോന്ന ശക്തമായ ഒരു നിരയുണ്ടായിരുന്നു സിംബാബ്‌വെയ്ക്ക്.

എന്നാൽ, ഇതേ രാജ്യത്തെ ക്രിക്കറ്റ് രംഗം ഇപ്പോൾ എത്തിനിൽക്കുന്ന ദയനീയാവസ്ഥ വ്യക്തമാക്കുന്നതായിരുന്നു സിംബാബ്‌വെ യുവതാരം റയാൻ ബേൾ ഇന്ന് ട്വിറ്ററിൽ പങ്കുവച്ച കുറിപ്പ്. ഞങ്ങൾക്ക് സ്‌പോൺസർമാരെ കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ? എന്നാൽ, ഓരോ പരമ്പരയ്ക്കുശേഷവും ഇങ്ങനെ ഷൂവിന് പശ ഒട്ടിക്കേണ്ട ഗതികേട് ഒഴിവാക്കാമായിരുന്നു എന്നായിരുന്നു റയാൻ ബേൾ ട്വീറ്റ് ചെയ്തത്. ഇതോടൊപ്പം കീറിയ ഷൂവിന്റെ ചിത്രവും പങ്കുവച്ചു.

Advertising
Advertising

ട്വീറ്റ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതോടെ ടീമിന്റെ സ്‌പോൺസർഷിപ്പ് ഏറ്റെടുത്തു രംഗത്തെത്തിയിരിക്കുകയാണ് ലോകോത്തര കായിക ഉപകരണ നിർമാതാക്കളായ പ്യൂമ. പ്യൂമയുടെ ക്രിക്കറ്റ് വിഭാഗമാണ് ട്വിറ്റിലൂടെ തന്നെ സ്‌പോൺസർഷിപ്പ് വാഗ്ദാനം ചെയ്തിരിക്കുന്നത്. പശ എടുത്തെറിഞ്ഞേക്കൂ, നിങ്ങളെ കാര്യം നമ്മളേറ്റു എന്നായിരുന്നു റയാൻ ബേളിനെ ടാഗ് ചെയ്ത് പ്യൂമ ക്രിക്കറ്റിന്‍റെ പ്രതികരണം.

ഇടംകൈയൽ ബാറ്റ്‌സ്മാനായ റയാൻ ബേൾ നിലവിൽ സിംബാബ്‌വെയുടെ ടെസ്റ്റ്, ഏകദിന, ടി20 ടീമുകളുടെയെല്ലാം ഭാഗമാണ്. മൂന്ന് ടെസ്റ്റും 18 ഏകദിനങ്ങളും 15 ടി20 മത്സരങ്ങളും 27കാരൻ രാജ്യത്തിനായി കളിച്ചിട്ടുണ്ട്.

ലോകോത്തര താരങ്ങളുടെ വിരമിക്കലിനു പിറകെ ക്രിക്കറ്റ് ബോർഡിലെ ആഭ്യന്തര പ്രശ്‌നങ്ങളുമാണ് സിംബാബ്‌വെ ക്രിക്കറ്റിനെ ഇപ്പോഴത്തെ സ്ഥിതിയിലേക്കെത്തിച്ചത്. 2019ൽ സിംബാബ്‌വെ സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് ക്രിക്കറ്റ് ബോർഡ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ പിരിച്ചുവിടുന്ന സ്ഥിതിയുമുണ്ടായി. ഇതേ വർഷം നടന്ന ടി20 ലോകകപ്പ് യോഗ്യതാമത്സരത്തിൽനിന്ന് ടീമിനെ വിലക്കുകയും ചെയ്തു. വിലക്ക് പിന്നീട് പിൻവലിച്ചു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News