മാറ്റമില്ലാതെ രാജസ്ഥാന്‍; പ്ലേ ഓഫിനരികെ പഞ്ചാബ്
പഞ്ചാബിന്‍റെ ജയം പത്ത് റണ്‍സിന്
ജയ്പൂര്‍: ഐ.പി.എല്ലിൽ പ്ലേ ഓഫിനരികെ പഞ്ചാബ് കിങ്‌സ്. രാജസ്ഥാന്‍റെ തട്ടകമായ ജയ്പൂരിൽ അരങ്ങേറിയ പോരിൽ പത്ത് റൺസിനാണ് പഞ്ചാബ് രാജസ്ഥാനെ വീഴ്ത്തിയത്. പവർ പ്ലേയിൽ തകർത്തടിച്ച ശേഷം പടിക്കൽ കലമുടക്കുന്ന പതിവു പല്ലവി രാജസ്ഥാൻ ഒരിക്കൽ കൂടി ആവർത്തിച്ചു. പഞ്ചാബ് ഉയർത്തിയ 220 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ആതിഥേയർക്ക് 209 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. പഞ്ചാബിനായി ഹർപ്രീത് ബ്രാർ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ മാർക്കോ യാൻസനും അസ്മത്തുല്ലാഹ് ഒമർസായിയും രണ്ട് വിക്കറ്റ് വീതം പോക്കറ്റിലാക്കി.
നേരത്തേ നെഹാൽ വധേരയുടേയും ശശാങ്ക് സിങ്ങിന്റേയും അർധസെഞ്ച്വറികളാണ് പഞ്ചാബിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. ടോപ് ഓർഡർ വലിയ സംഭാവനകൾ നൽകാതെ മടങ്ങിയ പഞ്ചാബ് നിരയിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യരും വധേരയും ചേർന്നാണ് രക്ഷാ പ്രവർത്തനം ഏറ്റെടുത്തത്. വധേര 37 പന്തിൽ അഞ്ച് ഫോറും അഞ്ച് സിക്‌സും സഹിതം 70 റൺസ് അടിച്ചെടുത്തു. ശ്രേയസ് അയ്യർ 25 പന്തിൽ 30 റൺസുമായി വധേരക്ക് മികച്ച പിന്തുണ നൽകി. അവസാന ഓവറുകളിൽ ശശാങ്ക് സിങ്ങും അസ്മത്തുല്ലയും തകർത്തടിച്ചതോടെ പഞ്ചാബ് സ്‌കോർ 200 കടന്നു. ശശാങ്ക് 30 പന്തിൽ 59 റൺസുമായും അസ്മത്തുല്ലാഹ് 9 പന്തിൽ 21 റൺസുമായും പുറത്താവാതെ നിന്നു.
മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളും വൈഭവ് സൂര്യവംശിയും രാജസ്ഥാന് മികച്ച തുടക്കമാണ് നൽകിയത്. എട്ടോവറിന് മുമ്പേ രാജസ്ഥാൻ സ്‌കോർ ബോർഡ് 100 കടന്നു. എന്നാൽ ഓപ്പണർമാർ വീണതോടെ രാജസ്ഥാന്റെ കഥ തീർന്നു. അവസാന ഓവറുകളിൽ ധ്രുവ് ജുറേൽ പ്രതീക്ഷ നൽകിയെങ്കിലും ജുറേലിനും രാജസ്ഥാനെ വിജയതീരമണക്കാനായില്ല. ജുറേൽ 31 പന്തിൽ 53 റൺസെടുത്തു. ഷിംറോൺ ഹെറ്റ്‌മെയർ ഒരിക്കൽ കൂടി പരാജയമായപ്പോൾ ക്യാപ്റ്റൻ സഞ്ജു സാംസൺ 20 റൺസുമായി പുറത്തായി.