ടോക്യോയില്‍ വെങ്കലത്തിളക്കമായി സിന്ധു

ഒളിംപിക്‌സ് ബാഡ്മിന്റണില്‍ പിവി സിന്ധുവിന് വെങ്കലം. തുടര്‍ച്ചയായി രണ്ട് ഒളിംപിക്സ് മെഡല്‍നേട്ടത്തിനു പുറമെ ഇരട്ട ഒളിംപിക്സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമായിരിക്കുകയാണ് സിന്ധു

Update: 2021-08-01 14:29 GMT
Editor : Shaheer | By : Web Desk

ടോക്യോയിലും ഇന്ത്യന്‍ മെഡല്‍ സ്വപ്നങ്ങള്‍ക്ക് സിന്ദൂരം ചാര്‍ത്തി പിവി സിന്ധു. റിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ വെള്ളിത്തിളക്കമായ ഹൈദരാബാദുകാരിക്ക് ഇത്തവണ വെങ്കലപ്രഭ. ബാഡ്മിന്റണ്‍ വനിതാ വിഭാഗത്തിലാണ് ചൈനീസ് താരം ഹി ബിന്‍ജിയാവോയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ച് സിന്ധു ടോക്യോയില്‍ ഇന്ത്യയുടെ രണ്ടാം  മെഡല്‍ സ്വന്തമാക്കിയത്.  സ്‌കോര്‍: 21-13, 21-15

വെങ്കല നേട്ടത്തോടെ ഇരട്ട ഒളിംപിക്സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായിരിക്കുകയാണ് സിന്ധു. സൈന നെഹ്‍വാളിനുശേഷം ഒളിംപിക്സ് വെങ്കലം നേടുന്ന ബാഡ്മിന്‍റണ്‍ താരവുമായി. വെങ്കല ജേതാവിനെ തിരഞ്ഞെടുക്കാന്‍ നടന്ന പോരാട്ടത്തില്‍ മെഡലുറപ്പിച്ചിറങ്ങിയ സിന്ധു കളിയിലുടനീളം നിറഞ്ഞാടുകയായിരുന്നു. എതിരാളിക്ക് ഒരു ഘട്ടത്തിലും മേധാവിത്വം പുലര്‍ത്താന്‍ താരം അവസരം നല്‍കിയില്ല. രണ്ടു ഗെയിമുകളും അനായാസമാണ് സിന്ധു സ്വന്തമാക്കിയത്. രണ്ടാം ഗെയിമില്‍ ചൈനീസ് താരം തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും സിന്ധുവിനു മുന്‍പില്‍ വെല്ലുവിളിയുയര്‍ത്താനായില്ല. 

Advertising
Advertising

തുടര്‍ച്ചയായ രണ്ടാം ഒളിംപിക്‌സ് ഫൈനലെന്ന പ്രതീക്ഷയുമായി ടോക്യോയിലെത്തിയ പിവി സിന്ധുവിന് സെമി പോരാട്ടത്തില്‍ കാലിടറിയിരുന്നു. ഏകപക്ഷീയ പോരാട്ടത്തില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ്‌പേയിയുടെ തായ് സു യിങ്ങിനുമുന്‍പിലാണ് താരം അടിയറവ് പറഞ്ഞത്. ആദ്യ ഗെയിമില്‍ പൊരുതിനോക്കിയ സിന്ധുവിനെ തായ് സു യിങ് രണ്ടാം ഗെയിമില്‍ നിലംപരിശാക്കുകയായിരുന്നു. റിയോ ഒളിംപിക്‌സില്‍ സിന്ധുവിനോടേറ്റ തോല്‍വിക്ക് കൃത്യമായി കണക്കുതീര്‍ത്തായിരുന്നു യിങ്ങിന്റെ വിജയം.

മെഡല്‍ നേട്ടത്തില്‍ സിന്ധുവിനെ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചു. സ്ഥിരതയുടെയും സമര്‍പ്പണത്തിന്റെയും മികവിന്റെയും പുതിയൊരു അളവുകോലാണ് സിന്ധു സൃഷ്ടിച്ചിരിക്കുന്നതെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ അഭിമാനമാണ് സിന്ധുവെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News