ടീമിന്‍റെ നെടുന്തൂണ്‍, പക്ഷേ പ്രതിഫലം...!

സീസണില്‍ കൊല്‍ക്കത്തക്ക് വേണ്ടി തകര്‍പ്പന്‍ ഫോമിലാണ് റിങ്കു ബാറ്റ് വീശുന്നത്

Update: 2023-04-10 10:40 GMT

rinku singh

കഴിഞ്ഞ കുറേ മണിക്കൂറുകളായി സോഷ്യൽ മീഡിയയിൽ ക്രിക്കറ്റ് ആരാധകരുടെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്ന് റിങ്കു സിങ്ങെന്ന 25 കാരനാണ്. കഴിഞ്ഞ ദിവസം ഐ.പി.എല്ലിൽ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിനെ അവസാന ഓവറിൽ അഞ്ച് സിക്‌സ് അടിച്ച് വിജയിപ്പിച്ച റിങ്കുവിന് അഭിനന്ദന പ്രവാഹമാണിപ്പോൾ. ഓരോ സീസണിലും ഐ.പി.എല്ലിൽ ചില പുത്തൻ താരോദയങ്ങൾ ഉണ്ടാകുന്നത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയെ സംബന്ധിച്ച ശുഭസൂചനയാണ്.

ഐ.പി.എല്ലിൽ വലിയ തുക കൊടുത്ത് പലടീമുകളും വാങ്ങിച്ച ക്രിക്കറ്റ് ലോകത്തെ വലിയ പേരുകൾ പലരും പരാജയപ്പെടുമ്പോൾ ടീമുകൾ തുച്ഛം തുകക്ക് ടീമിലെത്തിക്കുകയോ നിലനിർത്തുകയോ ചെയ്ത താരങ്ങൾ വൻഫോമിൽ കളിക്കുന്ന കാഴ്ചയാണ് ഈ സീസണിന്റെ തുടക്കത്തിൽ കാണാനാവുന്നത്. കഴിഞ്ഞ ദിവസം ഗുജറാത്തിനെതിരെ കൊൽക്കത്തയെ വിജയതീരമണച്ച റിങ്കുസിങ്ങിനെ കൊൽക്കത്ത ഇക്കുറിയും ടീമിൽ നിലനിർത്തുകയായിരുന്നു. എന്നാൽ ടീം റിങ്കുവിന് നൽകുന്ന പ്രതിഫലത്തുക മറ്റ് താരങ്ങളെ അപേക്ഷിച്ച് വളരെ  കുറവാണ്. റിങ്കുവിന് ഒരു കോടി പോലും ഐ.പി.എല്ലിൽ നിന്ന് പ്രതിഫലം ലഭിക്കുന്നില്ല എന്നതാണ് വസ്തുത. 55 ലക്ഷം രൂപക്കാണ് റിങ്കുവിനെ കൊൽക്കത്ത ഇക്കുറി നിലനിര്‍ത്തിയത്.

Advertising
Advertising

ഐ.പി.എല്‍ ചരിത്രത്തില്‍ ഇന്നേവരെ സംഭവിക്കാത്തതും ആര്‍ക്കും നേടാനാവാത്തതുമായ ഒരുപിടി റെക്കോര്‍ഡുകള്‍ കൂടിയാണ് റിങ്കു ഇന്നലെ അടിച്ചിട്ടത്. ആ റെക്കോര്‍ഡുകള്‍ പരിശോധിക്കുകയാണ് ഇവിടെ. മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ വിജയം. ഗുജറാത്ത് ഉയർത്തിയ 204 എന്ന വിജയലക്ഷ്യം അവസാന പന്തിൽ സിക്‌സറിടിച്ച് കൊൽക്കത്ത വിജയിക്കുകയായിരുന്നു. 21 പന്തിൽ 48 റൺസാണ് റിങ്കു നേടിയത്.

ഐ.പി.എല്ലിന്റെ അവസാന ഓവറിൽ ഏറ്റവും കൂടുതൽ സിക്സറുകൾ

ഐപിഎല്ലിന്റെ 16 വർഷത്തെ ചരിത്രത്തിൽ, ഒരു മത്സരത്തിന്റെ അവസാന ഓവറിൽ തുടർച്ചയായി അഞ്ച് സിക്‌സറുകൾ ഒരിക്കലും സംഭവിച്ചിട്ടില്ല. യാഷ് ദയാലിന്റെ ഓവറിൽ റിങ്കു സിംഗ് പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു.

വെറും 7 പന്തിൽ 40 റൺസ്

അവസാന 5 പന്തിൽ 30 റൺസാണ് റിങ്കു നേടിയതെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാൽ ഈ ബാറ്റ്സ്മാൻ തന്റെ ഇന്നിംഗ്സിന്റെ അവസാന 7 പന്തിൽ 40 റൺസ് നേടിയിരുന്നുവെന്ന് പറഞ്ഞാലോ? വിശ്വസിക്കണം, ആറ് സിക്സും ഒരു ഫോറും ഉള്‍പ്പെടെയായിരുന്നു റിങ്കുവിന്റെ തീപ്പൊരി ഇന്നിങ്സ്. ഒരു ബാറ്റ്സ്മാനും തുടർച്ചയായി 7 പന്തിൽ 40 റൺസ് നേടിയിട്ടില്ല.

ചേസിംഗ് സമയത്ത് ഏറ്റവും വലിയ ഓവർ

ഐ.പി.എൽ ചരിത്രത്തിൽ ഒരു ടീമും ചേസിങ്ങിൽ ഒരോവറില്‍ 29 റൺസ് നേടിയിട്ടില്ല. യാഷ് ദയാലിന്റെ അവസാന ഓവറിൽ കൊല്‍ക്കത്തക്ക് വേണ്ടിയിരുന്നത് 29 റൺസ്. ആദ്യ പന്തിൽ തന്നെ ഉമേഷ് റിങ്കുവിന് സിംഗിൾ നൽകി, അതിന് ശേഷമുള്ള കഥ ചരിത്രം.

അവസാന ഓവറിൽ 30 റൺസ് പിന്തുടരുന്നു

ഐ.പി.എൽ ചരിത്രത്തിൽ ഒരു ചേസിന്റെ അവസാന ഓവറിൽ 30 റൺസ് നേടുന്ന ആദ്യ ബാറ്ററാകാനും റിങ്കു സിംഗായി. ഐ.പി.എല്ലിൽ ഇതിനുമുമ്പ് ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല.

കൊല്‍ക്കത്തക്ക് വേണ്ടി ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബാറ്റര്‍

റിങ്കുവിന്റെ റെക്കോർഡുകളുടെ പട്ടിക അവസാനിക്കുന്നില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ചരിത്രത്തില്‍ ഒരു ഓവറിൽ തുടർച്ചയായി അഞ്ച് സിക്‌സറുകൾ നേടുന്ന ആദ്യ ബാറ്റ്‌സ്മാനാവാനും റിങ്കുവിനായി. ആന്ദ്രേ റസ്സൽ, യൂസഫ് പത്താൻ തുടങ്ങിയ വെടിക്കെട്ട് ബാറ്റര്‍മാര്‍ ഈ ടീമിനായി നിരവധി വേഗമേറിയ ഇന്നിംഗ്‌സുകൾ കളിച്ചിട്ടുണ്ടെങ്കിലും റിങ്കു ചെയ്തതുപോലൊന്ന് ആര്‍ക്കും സാധിച്ചിട്ടില്ല.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News