'പോൾ നീരാളി പ്രവചിക്കുമോ ഇങ്ങനെ?...' ഇന്ത്യയുടെ തോൽവിയും മത്സര നിമിഷങ്ങളും കൃത്യമായി പ്രവചിച്ച് സംഗീത് ശേഖർ

ഇന്ത്യയുടെ തോൽവിയും കളിയിലെ നിർണായക നിമിഷങ്ങളും കൃത്യമായി പ്രവചിച്ച് താരമായിരിക്കുകയാണ് സോഷ്യൽ മീഡിയയിലെ പ്രമുഖ കളിയെഴുത്തുകാരനായ സംഗീത് ശേഖർ

Update: 2022-11-10 13:09 GMT
Editor : André | By : Web Desk
Advertising

ടി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനോടേറ്റ വൻ തോൽവിയുടെ നിരാശയിലാണ് ഇന്ത്യയുടെ ആരാധകർ. ഗ്രൂപ്പ് ചാമ്പ്യന്മാരായി മുന്നേറിയ ഇന്ത്യക്ക് കടുപ്പമേറിയ ഇംഗ്ലീഷ് പരീക്ഷ അതിജീവിക്കാൻ കഴിയാത്തതിനാൽ ഇന്ത്യ-പാകിസ്താൻ സ്വപ്ന ഫൈനലിനായുള്ള ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷകളും അസ്ഥാനത്തായി.

എന്നാൽ, ഇന്ത്യയുടെ തോൽവിയും കളിയിലെ നിർണായക നിമിഷങ്ങളും കൃത്യമായി പ്രവചിച്ച് താരമായിരിക്കുകയാണ് സോഷ്യൽ മീഡിയയിലെ പ്രമുഖ കളിയെഴുത്തുകാരനായ സംഗീത് ശേഖർ. ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിന് ടോസ് വീണതിനു തൊട്ടുപിന്നാലെയാണ് കളിയുടെ വിശദാംശങ്ങൾ പ്രചവിച്ചുകൊണ്ട് സംഗീത് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും ബാറ്റിങും കളിക്കാരുടെ ഫോമുമെല്ലാം ഉൾപ്പെടുന്ന സംഗീതിന്റെ പ്രവചനത്തിന്റെ സിംഹഭാഗവും അച്ചട്ടായതിന്റെ അമ്പരപ്പിലാണ് സോഷ്യൽ മീഡിയ.

ഇംഗ്ലണ്ടിന്റെ ബൗളിങ് നിര ഇന്ത്യൻ ടോപ് ഓർഡറിനെ തകർക്കും, ഇന്ത്യൻ സ്‌കോർ 140 കടക്കണമെങ്കിൽ ഹാർദിക്കും കോഹ്ലിയും നന്നായി കളിക്കേണ്ടി വരും, കെ.എൽ രാഹുൽ രണ്ടാം ഓവറിൽ ഔട്ടാവും, ഇംഗ്ലണ്ട് ബാറ്റ് ചെയ്യുമ്പോൾ പവർപ്ലേയിൽ തന്നെ കളി തീരുമാനമാവും, പവർ പ്ലേയിൽ 60-നു മുകളിൽ റൺസ് ഇംഗ്ലണ്ട് സ്‌കോർ ചെയ്യും, ഇന്ത്യൻ ബൗളർമാർ റൺസ് നന്നായി വഴങ്ങും, ജോസ് ബട്‌ലറുടെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിൽ ഒന്നായിരിക്കും ഇന്നത്തേത്... ഇങ്ങനെ പോകുന്നു സംഗീതിന്റെ പോസ്റ്റിലെ ശരിയായി ഭവിച്ച പ്രവചനങ്ങൾ. അതേസമയം, സാം കരന് കൈനിറയെ വിക്കറ്റ് കിട്ടുമെന്നും രോഹിത് ശർമ തിളങ്ങില്ലെന്നും ഇന്ത്യൻ സ്‌കോർ 160-നു മുകളിൽ എത്താൻ ഇടയില്ലെന്നുമുള്ള പ്രവചനം തെറ്റാവുകയും ചെയ്തു.

സംഗീത് പ്രവചിച്ചതു പോലെ ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഇന്ത്യക്ക് രണ്ടാം ഓവറിൽ തന്നെ കെ.എൽ രാഹുലിനെ നഷ്ടമായിരുന്നു. ഇംഗ്ലണ്ടിന്റെ കൃത്യതയാർന്ന ബൌളിങിനു മുന്നിൽ റൺനിരക്കുകയർത്താൻ നീലപ്പട വിയർക്കുകയും ചെയ്തു. പത്ത് ഓവർ പിന്നിടുമ്പോൾ രണ്ടുവിക്കറ്റ് നഷ്ടത്തിൽ വെറും 62 റൺസ് ആയിരുന്നു ടീമിന്റെ സമ്പാദ്യം. വിരാട് കോഹ്ലിയും (50) ഹാർദിക് പാണ്ഡ്യയും (63) ചേർന്ന അഞ്ചാം വിക്കറ്റ് സഖ്യമാണ് ഇന്ത്യക്ക് 168 എന്ന ഭേദപ്പെട്ട സ്കോർ നൽകിയത്. 

മറുപടി ബാറ്റിങിൽ ഇന്ത്യൻ ബൌളിങിനെ വശംകെടുത്തി ഇംഗ്ലണ്ട് അനായാസം ലക്ഷ്യത്തിലെത്തി. ജോസ് ബട്ലറും (80) അലക്സ് ഹെയിൽസും (86) പുറത്താകാതെ ഇംഗ്ലണ്ടിനെ വിജയതീരമണിയിച്ചു. സംഗീതിന്റെ പ്രവചനം ശരിവെക്കുംവിധത്തിൽ ആറ് പവർപ്ലേ ഓവറുകളിൽ 63 റൺസ് ഇംഗ്ലണ്ട് അടിച്ചെടുത്തിരുന്നു.

സംഗീതിന്റെ പോസ്റ്റിന്റെ പൂർണരൂപം:

ടോസ് കിട്ടി ഇംഗ്ലണ്ട് ബൗൾ ചെയ്യുന്നു. ജോർദാൻ , വോക്ക്സ്, സാം കരൻ & സ്റ്റോക്ക്സ്,പാക്കിസ്ഥാൻ കഴിഞ്ഞാൽ ടൂർണമെന്റിലെ ടോപ്‌ ബൗളിംഗ് നിര ഇന്ത്യൻ ടോപ്‌ ഓർഡറിനെ തകർക്കും. ഇന്ത്യൻ സ്‌കോർ 160 കടക്കണമെങ്കിൽ ആരോടെങ്കിലും പത്തിരുപതു റൺസ് കടം വാങ്ങേണ്ടി വരും.മാർക്ക് വുഡ്‌ കളിക്കാത്തത് ഭാഗ്യം.സാം കരനു കൈ നിറയെ വിക്കറ്റ്..

ഹാർദ്ദിക്കും കോഹ്ലിയും കളിച്ചാൽ 140 കടക്കും. ബംഗാളി സൂര്യകുമാറിനെ ഇന്ന് നോക്കേണ്ട.364 ദിവസം അഞ്ചാളുടെ പണിയെടുത്ത് കഷ്ടപ്പെട്ടിരിക്കുന്നവന് ഒരീസം റസ്റ്റ് ആകാം. രോഹിത് സാറിനെ പതിവുപോലെ ടോസ് ചെയ്യാൻ നേരത്ത് ശരിക്ക് കണ്ടു വച്ചേക്കുന്നത് നന്നായിരിക്കും, പിന്നീട് കാണാൻ പറ്റിയെന്നു വരില്ല.

രാഹുൽജി ആദ്യ ഓവറിൽ ഔട്ട് ആയില്ലെങ്കിൽ രണ്ടാമത്തെ ഓവറിൽ പൊയ്ക്കോളും. എന്തായാലും പോകുമ്പോഴേക്കും പുള്ളി പിച്ചിന്റെ സ്വഭാവം പഠിച്ചിരിക്കും.അത് പോയി കോച്ചായ മതിലിനു പറഞ്ഞു കൊടുക്കും, മതിൽ പിച്ചിന്റെ സ്വഭാവം വച്ച് എന്ത് ചെയ്യണമെന്ന് ഗണിച്ചെടുക്കുമ്പോഴേക്കും കളി തീരും. കാര്യം ഇന്ന് കളിക്കുന്നില്ലെങ്കിലും ദിനേശ് കാർത്തിക്ക് ആളൊരു സാധുവാണ്, കളിച്ചാലും ഇല്ലേലും അങ്ങേരെ കൊണ്ടൊരു ശല്യം എതിർ ടീമിനുമില്ല, സ്‌കോർ ബോർഡിനുമില്ല.മൂന്നാല് ഷെയറിട്ടാൽ പന്തിനു ഇന്നൊരു 50 അടിക്കാവുന്നതാണ്.

ഇംഗ്ലണ്ട് ബാറ്റ് ചെയ്യുമ്പോൾ പവർ പ്ളേയിൽ തന്നെ കളി ഒരു തീരുമാനമാകും. ഇന്ത്യൻ ബൗളിംഗിന്റെ മൂർച്ച വച്ച് നോക്കുമ്പോൾ ആദ്യ 6 ഓവറിൽ 60 നു മുകളിൽ സ്‌കോർ വരും.ഷാമിയും അർഷ് ദീപും ഭുവിയുമൊക്കെ മനസ്സും വയറും നിറഞ്ഞു യാത്രയാകും.ജോസ് ബട്ലറുടെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്ന് ഇന്നായിരിക്കും.പോരാത്തതിന് ഫിൽ സോൾട്ടും...ഹാരി ബ്രൂക്കും ലിവിങ്സ്റ്റണും മൊയിനും വരുന്ന മിഡിൽ ഓർഡർ ഒരു ദയയുമില്ലാതെ ഇന്ത്യൻ ബൗളിങ്ങിനെ കശാപ്പ് ചെയ്യും(അവർക്ക് ബാറ്റിംഗ് കിട്ടിയാൽ ).

Full View

എറണാകുളം സ്വദേശിയായ സംഗീത് ശേഖർ സ്പോർട്സ് കുറിപ്പുകൾ കൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനാകുന്നത്. മീഡിയവൺ അടക്കമുള്ള മാധ്യമങ്ങളിലും അദ്ദേഹം എഴുതാറുണ്ട്.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News