ശ്രീലങ്കയ്ക്കെതിരായ തുടർ മത്സരങ്ങളിൽ സഞ്ജു ഔട്ട്; പകരക്കാരനായി ജിതേഷ് ശർമ ടീമിൽ

വ്യാഴാഴ്ച പൂനെയിലാണ് രണ്ടാം മത്സരം നടക്കുന്നത്.

Update: 2023-01-05 02:26 GMT
Advertising

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് സഞ്ജു സാംസൺ പുറത്ത്. സഞ്ജു സാംസണിന് പകരക്കാരനായി വിദർഭ വിക്കറ്റ് കീപ്പർ ജിതേഷ് ശർമയെ ടീമിൽ ഉൾപ്പെടുത്തി.

വ്യാഴാഴ്ച പൂനെയിലാണ് രണ്ടാം മത്സരം നടക്കുന്നത്. പരിക്ക് മൂലമാണ് മലയാളി താരത്തിന് ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ അവസരം നഷ്ടമായത്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഒന്നാം ടി20യിൽ ബൗണ്ടറി റോപ്പിന് സമീപം പന്ത് ഫീൽഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഇടതു കാൽമുട്ടിന് പരിക്കേറ്റതാണ് സഞ്ജുവിന് തിരിച്ചടിയായത്.

ബുധനാഴ്ച ഉച്ചയ്ക്ക് ബി.സി.സി.ഐ മെഡിക്കൽ ടീം സഞ്ജുവിനെ സ്‌കാനിങ്ങിന് വിധേയമാക്കിയിരുന്നു. സഞ്ജുവിന് വിശ്രമം നിർദേശിച്ചിരിക്കുകയാണ് മെഡിക്കൽ ടീം.

2022ൽ പഞ്ചാബ് കിങ്‌സിനായി മികച്ച അരങ്ങേറ്റ ഐ.പി.എൽ സീസണിൽ കളിച്ച ജിതേഷ് ശർമ 163.64 സ്‌ട്രൈക്ക് റേറ്റിൽ 234 റൺസ് നേടിയിരുന്നു. ഹാർഡ്-ഹിറ്റിങ് ശൈലിക്ക് പേരുകേട്ട 29കാരനായ ജിതേഷ് ആകെ 76 ടി20കളിൽ കളിച്ചിട്ടുണ്ട്.

ആദ്യ മത്സരത്തിൽ നേടിയ രണ്ട് റൺസിന്റെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലാണ്. രോഹിത് ശർമയുടെ അഭാവത്തിൽ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്.

വിജയലക്ഷ്യവുമായി ഇറങ്ങിയ ലങ്കയ്ക്ക് അവസാന പന്തിൽ നാല് റൺസ് വേണ്ടിയിരുന്നെങ്കിലും ഒരു റൺസെടുക്കാനേ സാധിച്ചുള്ളൂ. നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് ഇന്ത്യ നേടിയത്. എന്നാൽ പൊരുതിക്കളിച്ച എതിരാളികളോട് ഇന്ത്യ രണ്ട് റൺസിന്റെ വിജയം നേടിയ കളിയിൽ തിളങ്ങാൻ സഞ്ജുവിന് കഴിഞ്ഞിരുന്നില്ല.

വെറും അഞ്ച് റണ്‍സുമായി പുറത്താകാനായിരുന്നു സഞ്ജുവിന്‍റെ വിധി. സെക്കന്‍ഡ് ഡൌണായി ഇറങ്ങിയ സാംസണ്‍ ആറ് പന്തുകളില്‍ അഞ്ച് റണ്‍സുമായി ധനഞ്ജയ ഡിസില്‍വക്ക് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു. ഒരു മോശം ഷോട്ടിലൂടെ മധുശങ്കക്ക് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News