ആളുമാറി ടീമിലെത്തി, ഇപ്പോള്‍ കോടികള്‍ വാരുന്നു; ശശാങ്കിന്‍റെ മധുരപ്രതികാരം

20 ലക്ഷം രൂപക്ക് ആളുമാറി ടീമിലെത്തിയ ശശാങ്കിനെ ടീമിൽ നിലനിർത്താൻ പഞ്ചാബ് ഇക്കുറി മുടക്കിയത് അഞ്ച് കോടി രൂപയാണ്

Update: 2024-11-05 09:45 GMT

2023 ഡിസംബർ 19. കൊച്ചിയിൽ ഐ.പി.എല്ലിനായുള്ള മിനി ലേലം അരങ്ങേറുകയായിരുന്നു. സ്‌ക്രീനിൽ ശശാങ്ക് സിങ് എന്ന പേര് തെളിഞ്ഞു. ഉടൻ പ്രീതി സിന്റ ബിഡ് ബോർഡുയർത്തി. മറ്റാരും ശശാങ്കിനായി രംഗത്ത് വരാതിരുന്നതോടെ അടിസ്ഥാന വിലയായ 20 ലക്ഷത്തിന് പഞ്ചാബ് ശശാങ്കിനെ കൂടാരത്തിലെത്തിച്ചു. എന്നാൽ നിമിഷങ്ങൾക്കകം സിൻറക്ക് തനിക്ക് പറ്റിയ അമളി ബോധ്യമായി. താനുദ്ധ്യേശിച്ച ശശാങ്ക് ഇതല്ലല്ലോ. ഇതുവരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത 19 കാരൻ ശശാങ്ക് സിങ്ങായിരുന്നു പഞ്ചാബിന്റെ പ്ലാനിലുണ്ടായിരുന്നത്. ആളുമാറി ടീമിലെടുത്തതാവട്ടെ ഛത്തീസ്ഗഢിൽ നിന്നുള്ള 32 കാരൻ ശശാങ്ക് സിങ്ങിനേയും.

Advertising
Advertising

ഉടൻ ഞങ്ങൾ ഉദ്ദേശിച്ച താരം ഇതല്ലെന്നും ലേലത്തിലെടുത്ത താരത്തെ തിരിച്ചെടുക്കാനാവുമോയെന്നും പഞ്ചാബ് മാനേജ്മെന്റ് പരസ്യമായി ചോദിച്ചു. എന്നാൽ അതു സാധ്യമല്ലെന്നായിരുന്നു ലേലം നടത്തിയ മല്ലികാ സാഗറിന്റെ മറുപടി. അങ്ങനെ മനസില്ലാമനസോടെ തങ്ങളുടെ ചിന്തയിൽ പോലുമില്ലാത്ത ശശാങ്ക് സിങ്ങിനെ പഞ്ചാബിന് സ്‌ക്വാഡിൽ എടുക്കേണ്ടി വന്നു. ആ സംഭവം കഴിഞ്ഞ് ഒരു വർഷത്തോടടുക്കുന്നു.

ഐ.പി.എൽ ഫ്രാഞ്ചസികൾ ഇക്കുറി തങ്ങൾ ടീമിൽ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്ത് വിട്ടത് കഴിഞ്ഞ ദിവസമാണ്. മറ്റു ടീമുകളൊക്കെ കോടികൾ വാരിയെറിഞ്ഞ് വമ്പൻ പേരുകാരെ പലരെയും ടീമിൽ നിലനിർത്തിയപ്പോൾ പഞ്ചാബ് കിങ്‌സ് ഇക്കുറി നിലനിർത്തിയത് രണ്ടേ രണ്ട് താരങ്ങളെ മാത്രം. പ്രഭ് സിംറാൻ സിങ്ങും ശശാങ്ക് സിങ്ങും. ഇക്കുറി പഞ്ചാബിന് ആളുമാറിയിട്ടില്ല. പേരും. 20 ലക്ഷം രൂപക്ക് ആളുമാറി ടീമിലെത്തിയ ശശാങ്കിനെ ടീമിൽ നിലനിർത്താൻ പഞ്ചാബ് മുടക്കിയത് അഞ്ച് കോടി രൂപയാണ്. ഇതിലും മനോഹരമായൊരു മധുരപ്രതികാരത്തിൻറെ കഥ സമീപകാലത്തൊന്നും നമ്മൾ ക്രിക്കറ്റ് ലോകത്ത് നിന്ന് കേട്ടിട്ടില്ല.

പ്രീതി സിൻറക്ക് പറ്റിയ അമളിയെ കഴിഞ്ഞ സീസണിന് തൊട്ട് മുമ്പ് സോഷ്യൽ മീഡിയ ആഘോഷമാക്കിയതാണ്. പഞ്ചാബ് മാനേജ്‌മെൻറിനും ശശാങ്ക് സിങ്ങിനുമെതിരെ അക്കാലത്ത് ട്രോളുകളുടെ ഘോഷയാത്രയായിരുന്നു. എന്നാൽ സമൂഹ മാധ്യമങ്ങളിൽ തനിക്കെതിരെ ഉയർന്ന പരിഹാസ സ്വരങ്ങൾക്ക് ചെവികൊടുക്കാൻ ശശാങ്ക് കൂട്ടാക്കിയില്ല. തന്നെ ലേലത്തിൽ പിടിച്ച പഞ്ചാബിന് നന്ദി പറയുക മാത്രമാണ് അന്നയാൾ ചെയ്തത്. കാര്യങ്ങൾ ഇത്രയും ആയ സ്ഥിതിക്ക് 17ാം സീസണിൽ പഞ്ചാബ് കിങ്സ് ഒരു തീരുമാനമെടുത്തു. തങ്ങൾക്ക് സംഭവിച്ചത് അബദ്ധമല്ലെന്ന് തെളിയിക്കണം. ശശാങ്കിൽ വിശ്വാസമർപ്പിച്ച ടീം അയാൾക്ക് നിരന്തരം അവസരം നൽകാൻ തന്നെ തീരുമാനിച്ചു. ഇത് ചെന്നവസാനിച്ചത് ഐ.പി.എൽ മൈതാനങ്ങളെ ത്രസിപ്പിച്ച കുറെ വെടിക്കെട്ടുകളിലാണ്.

ഐ.പി.എൽ 17 ാം സീസണിൽ 14 മത്സരങ്ങളിൽ പഞ്ചാബിനായി കളത്തിലിറങ്ങിയ ശശാങ്ക് 164 സ്ട്രൈക്ക് റൈറ്റിൽ അടിച്ചെടുത്തത് 354 റൺസാണ്. 44.25 ആയിരുന്നു താരത്തിന്റെ ബാറ്റിങ് ആവറേജ്. സൺറൈസേഴ്‌സ് ഹൈദരാബാദിൻറെ ഡഗ്ഗൌട്ടിൽ അവസരമില്ലാതെയിരുന്ന ശശാങ്ക് സിങ് തന്നെയാണോ ഇതെന്ന് ചോദിക്കുന്നുണ്ടായിരുന്നു ആരാധകരപ്പോൾ.

2024 ഏപ്രിൽ 26 . ടി 20 ക്രിക്കറ്റിൻറെ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതപ്പെട്ട ദിവസമാണത്. ഈഡൻ ഗാർഡനിൽ അന്നൊരു റൺമഴ പെയ്തു. പഞ്ചാബ് കൊൽക്കത്ത മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത പടുത്തുയർത്തിയത് ഒരു കൂറ്റൻ റൺമല. 20 ഓവറിൽ 261 റൺസ്. എത്തിപ്പിടിക്കൽ അസാധ്യമെന്ന് തോന്നാവുന്ന ആ ലക്ഷ്യം ഒരോവർ ബാക്കി നിൽക്കേ പഞ്ചാബ് മറികടക്കുന്ന കാഴ്ചക്കാണ് പിന്നെ കൊൽക്കത്ത സാക്ഷ്യം വഹിച്ചത്. 45 പന്തിൽ സെഞ്ച്വറി കുറിച്ച ജോണി ബെയര്‍‌സ്റ്റോ ആയിരുന്നു ആ തിരിച്ചുവരവിന് തുടക്കമിട്ടത്. അതവസാനിപ്പിച്ചതാവട്ടെ വിമർശകർ വളഞ്ഞിട്ട് ആക്രമിച്ച ശശാങ്ക് സിങ്ങും. 28 പന്തിൽ 68 റൺസാണ് ശശാങ്ക് അന്ന് അടിച്ചെടുത്തത്. എട്ട് പടുകൂറ്റൻ സിക്‌സുകളും രണ്ട് ഫോറുകളും അന്നയാളുടെ ബാറ്റിൽ നിന്ന് പിറന്നു. ടി 20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ റൺചേസായിരുന്നു അത്.

അഹ്‌മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്തിനെതിരെ അരങ്ങേറിയൊരു അതിശയ റൺചേസിലും പഞ്ചാബിൻറെ ഹീറോ ശശാങ്കായിരുന്നു. അന്ന് ശശാങ്ക് ആറാമനായി ക്രീസിലെത്തുമ്പോൾ പഞ്ചാബിന് ലക്ഷ്യം ഒരുപാട് അകലെയായിരുന്നു. സ്‌കോർബോർഡിൽ അപ്പോൾ 111 റൺസാണ് ആകെ ഉണ്ടായിരുന്നത്. ഗുജറാത്തിൻറെ പ്രധാന ബോളർമാരിൽ ഒരാളായ മോഹിത് ശർമ്മ ആ സമയം ഒരോവർപോലും എറിഞ്ഞിരുന്നില്ല. എന്നാൽ റാഷിദ്ഖാനും മോഹിത് ശർമ്മയും അടക്കമുള്ള ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റുകളെ സധൈര്യം ഗ്യാലറിയിലെത്തിച്ച് ആ 32 കാരൻ അർധ സെഞ്ച്വറി കുറിച്ചു. ഒടുക്കം ഗുജറാത്തുയർത്തിയ റൺമല പഞ്ചാബ് കീഴടക്കി. അന്ന് വിജയശേഷം ഡഗൗട്ടിലേക്ക് ബാറ്റ് ചൂണ്ടി ശശാങ്ക് നടത്തിയ ആഘോഷത്തിൽ എല്ലാമുണ്ടായിരുന്നു. കോടികൾ വിലകൊടുത്ത താരങ്ങൾ പലരും നിരന്തരം പരാജയപ്പെട്ടപ്പോൾ 20 ലക്ഷം അടിസ്ഥാന വിലയിൽ അബദ്ധത്തിൽ ടീമിലെത്തിയ ശശാങ്കിൻറെ പ്രകടനം കഴിഞ്ഞ സീസണിൽ പഞ്ചാബിന് വലിയ ബോണസായിരുന്നു. എന്നാൽ ഇക്കുറി അങ്ങനെയല്ല കാര്യങ്ങൾ. പഞ്ചാബ് നിരയിലെ പ്രധാനികളുടെ കൂട്ടത്തിൽ തന്നെ അയാളുടെ പേരുണ്ട്. ഇൻസൽട്ടാണല്ലോ ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെൻറ്

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News