ചുംബന വിവാദം: സ്പാനിഷ് ഫുട്‌ബോൾ പ്രസിഡന്റ് ലൂയിസ് റൂബിയാലെസ് രാജിവെച്ചു

ഫിഫ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെയാണ് രാജിവെച്ചത്

Update: 2023-09-11 01:59 GMT
Editor : Lissy P | By : Lissy P
Advertising

സൂറിച്ച് (സ്വിറ്റ്‌സര്‍ലന്‍ഡ്): വനിതാ ലോകകപ്പ് താരത്തെ ചുംബിച്ച് വിവാദത്തിൽപ്പെട്ട സ്പാനിഷ് ഫുട്‌ബോൾ പ്രസിഡന്റ് ലൂയിസ് റൂബിയാലെസ് രാജിവെച്ചു. ചുംബന വിവാദത്തിന് പിന്നാലെ റുബിയാലെസിനെ ഫിഫ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജി വെക്കുന്നതായി പ്രഖ്യാപിച്ചത്.  ഞായറാഴ്ച ഒരു ടെലിവിഷൻ ഷോയിലാണ് ലൂയിസ് റൂബിയാലെസ് രാജിക്കാര്യം അറിയിച്ചത്. യൂറോപ്യൻ ഫുട്‌ബോൾ ഭരണസമിതിയായ യുവേഫയുടെ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയാണെന്ന് ഫെഡറേഷനെയും അറിയിച്ചിട്ടുണ്ട്.

വനിതാ ലോകകപ്പിന് പിന്നാലെ സ്പാനിഷ് താരം ജെന്നിഫർ ഹെർമോസയെ അനുവാദമില്ലാതെ ചുംബിച്ചതിനെ തുടർന്നാണ് ലൂയിസ് റുബിയാലെസ് വിവാദത്തിലായത്. തുടർന്ന് ഫിഫ അച്ചടക്ക സമിതി നടപടിയെടുക്കുകയും ദേശീയ അന്തർദേശീയ തലത്തിൽ ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽ നിന്നും താൽക്കാലികമായി സസ്‌പെൻഡ് ചെയ്തിരുന്നു. ആഗസ്റ്റ് 26 മുതൽ 90 ദിവസത്തേക്കായിരുന്നു സസ്‌പെൻഡ് ചെയ്തിരുന്നത്.

സംഭവത്തിൽ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും വിമർശനവുമായി രംഗത്തെത്തിയിരുന്നു. കൂടാതെ സ്പെയിനിലെ വനിതാ ലീഗുകൾ, പുരുഷന്മാരുടെ ലാ ലിഗ ക്ലബ്ബുകൾ, കൂടാതെ അന്തർദ്ദേശീയ തലങ്ങളിൽ നിന്നും വിമർശനമുയർന്നു. സ്പെയ്നിലെ വനിതാ ഫുട്ബോൾ ലീഗായ ലിഗ എഫ് റൂബിയാലസിനെ പുറത്താക്കാൻ ആവശ്യപ്പെടുകയും മോശം പെരുമാറ്റത്തിനെതിരേ നാഷണൽ സ്പോർട്സ് കൗൺസിലിൽ പരാതി നൽകുകയും ചെയ്തിരുന്നു.



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Lissy P

Web Journalist, MediaOne

Similar News