തോറ്റാൽ വിരമിക്കും; ജെയ്ക് പോളിന്റെ പ്രഖ്യാപനം
പരാജയപ്പെട്ടാൽ ബോക്സിങ് കരിയർ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ യൂട്യൂബറും ബോക്സറുമായ ജെയ്ക് പോൾ. ഡിസംബർ 24ന് ദുബായിൽ നടക്കുന്ന പോരാട്ടത്തിൽ എംഎംഎ താരം സെഡ്രിക് ഡൂംബെയാണ് എതിരാളി. മുൻ ലോക ഹെവിവെയ്റ്റ് ചാമ്പ്യൻ ആന്തണി ജോഷ്വയോട് കഴിഞ്ഞ ഡിസംബറിൽ ആറാം റൗണ്ടിൽ നോക്കൗട്ടായതിന് ശേഷം ഒരു വർഷത്തെ ഇടവേള കഴിഞ്ഞാണ് പോൾ റിങ്ങിലേക്ക് തിരിച്ചെത്തുന്നത്. മത്സരത്തിനിടെ താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റ താരത്തിന് രണ്ട് ടൈറ്റാനിയം പ്ലേറ്റുകൾ ഘടിപ്പിക്കുകയും ചില പല്ലുകൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു.
'ഇതൊരു അപകടകരമായ പോരാട്ടമാണ്. രണ്ട് തവണ ലോക ചാമ്പ്യനായ സെഡ്രിക് ആരെയും ഭയപ്പെടുന്നില്ല. എന്നാൽ ഇതെന്റെ കായിക ഇനമാണ്. ഇവിടെ കിക്കുകളോ ടേക്ക്‌ഡൗണുകളോ ഉണ്ടാകില്ല. സെഡ്രിക് വിജയിച്ചാൽ ഞാൻ ബോക്സിങ് അവസാനിപ്പിക്കും. എന്നാൽ അയാൾ തോറ്റാൽ സ്വയം 'ദ ബെസ്റ്റ്' എന്ന് വിശേഷിപ്പിക്കുന്ന താരം ഒരു യൂട്യൂബറോട് പരാജയപ്പെടും. ഈ പോരാട്ടം അവസാന റൗണ്ട് വരെ നീളില്ല. ഒരാൾ നോക്കൗട്ടാകുമെന്ന് ഉറപ്പാണ്' - പോൾ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. എട്ട് റൗണ്ടുകളുള്ള പ്രൊഫഷണൽ ക്രൂസർവെയ്റ്റ് പോരാട്ടത്തിൽ 10 ഔൺസ് ഗ്ലൗസുകളിലായിരിക്കും ഇരുവരും ഏറ്റുമുട്ടുക. 14 പ്രൊഫഷണൽ മത്സരങ്ങളിൽ 12 എണ്ണത്തിൽ വിജയിച്ച പോളിന്റെ തോൽവികൾ ടോമി ഫ്യൂറിയോടും ജോഷ്വയോടുമാണ്.
സെഡ്രിക് ഡൂംബെ കിക്ക്‌ബോക്സിങ്ങിൽ ഒന്നിലധികം ലോക കിരീടങ്ങൾ നേടിയിട്ടുണ്ട്. പിന്നീട് എംഎംഎയിലേക്ക് മാറിയ 34കാരൻ നിലവിൽ പ്രൊഫഷണൽ ഫൈറ്റേഴ്സ് ലീഗിന്റെ (പിഎഫ്എൽ) താരമാണ്. 2023ൽ പിഎഫ്എല്ലിലെത്തിയ ശേഷം മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ വിജയിച്ചു. എന്നാൽ പ്രൊഫഷണൽ ബോക്സിങ്ങിൽ ഒരു മത്സരം മാത്രമാണ് ഡൂംബെ കളിച്ചിട്ടുള്ളത്. 2015ൽ നടന്ന ആ മത്സരത്തിൽ വിജയിക്കുകയും ചെയ്തു. അതിനാൽ തന്നെ പോളിനെതിരായ പോരാട്ടം ഡൂംബെയ്ക്കും വലിയ വെല്ലുവിളിയാണ്. പരിക്കിനുശേഷമുള്ള തിരിച്ചുവരവിൽ പോളിന് വിജയിക്കാനായില്ലെങ്കിൽ അത് താരത്തിന്റെ ബോക്സിങ് കരിയറിന് വിരാമമാകും.