ഡി മിഗ്വേലിന്റെ കുടുംബത്തിന് റൊണാൾഡോയുടെ ക്ലബിന്റെ കൈത്താങ്ങ്
മരിച്ച താരത്തിന്റെ കുടുംബത്തിന് ടിക്കറ്റ് വരുമാനം മുഴുവൻ നൽകും
സ്പാനിഷ് ക്ലബായ അൽമേരിയയുടെ ഹോം മത്സരത്തിലെ ടിക്കറ്റ് വരുമാനം മുഴുവൻ അന്തരിച്ച ടെനറിഫെ താരം ജീസസ് ഡി മിഗ്വേലിന്റെ കുടുംബത്തിന് നൽകും. സെഗുണ്ട ഡിവിഷനിലെ ടെനറിഫെയ്‌ക്കെതിരായ മത്സരത്തിൽ നിന്ന് ലഭിക്കുന്ന വരുമാനമാണ് കുടുംബത്തിന് കൈമാറുക. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 25 ശതമാനം ഓഹരിയുള്ള ക്ലബാണ് അൽമേരിയ. ക്ലബ് പ്രസിഡന്റ് മുഹമ്മദ് അൽ ഖെരീജിയുടെ മുൻകൈയിലാണ് ഈ തീരുമാനമെന്ന് അൽമേരിയ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. മത്സരത്തിന് ഡി മിഗ്വേലിന്റെ കുടുംബത്തെ ക്ഷണിച്ചിട്ടുമുണ്ട്.
തിങ്കളാഴ്ച ആൻഡോറയ്‌ക്കെതിരായ സെഗുണ്ട ഡിവിഷൻ മത്സരത്തിനിടെയുണ്ടായ അപകടത്തെ തുടർന്നാണ് 30കാരനായ ഡി മിഗ്വേൽ മരണപ്പെട്ടത്. മത്സരത്തിനിടെ എതിർതാരവുമായുണ്ടായ അപ്രതീക്ഷിത കൂട്ടിയിടിയിൽ നെഞ്ചിന് ശക്തമായ ആഘാതമേറ്റ താരത്തിന് മൈതാനത്ത് വെച്ചുതന്നെ ചികിത്സ നൽകി. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് 2-2 എന്ന സ്കോറിൽ മത്സരം ഉപേക്ഷിച്ചിരുന്നു. എന്നാൽ, ചൊവ്വാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്ന് താരം മരണത്തിന് കീഴടങ്ങുകയായിരുന്നു.
2015ൽ ലെഗാനെസ് ബി ടീമിലൂടെയാണ് ഡി മിഗ്വേൽ സീനിയർ ഫുട്ബോൾ കരിയർ ആരംഭിച്ചത്. കഴിഞ്ഞ വർഷമാണ് താരം ടെനറിഫെയിലെത്തിയത്. താരത്തിന്റെ മരണത്തിൽ സ്പാനിഷ് പൊലീസ് പതിവ് നടപടിക്രമങ്ങളുടെ ഭാഗമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫുട്ബോൾ സമൂഹത്തിലെ അംഗങ്ങൾക്കൊപ്പം നിൽക്കേണ്ടത് സാമൂഹികവും മാനുഷികവുമായ ഉത്തരവാദിത്തമാണെന്നും ഈ പ്രതിസന്ധി ഘട്ടത്തിൽ കുടുംബത്തിന് പിന്തുണ നൽകുകയാണ് തീരുമാനത്തിന്റെ ലക്ഷ്യമെന്നും അൽമേരിയ വ്യക്തമാക്കി.