യുനൈറ്റഡിന്റെ വണ്ടർകിഡ് ഗബ്രിയേൽ മാഡ്രിഡിലേക്ക്
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വണ്ടർകിഡ് ജെജെ ഗബ്രിയേലിനെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ്. 16കാരനായ ഇംഗ്ലീഷ് താരത്തെ ജനുവരിയിൽ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ ഏറെ പുരോഗമിച്ചു എന്നാണ് റിപ്പോർട്ട്. കരാർ നടപടികൾ പൂർത്തിയായിട്ടില്ലെങ്കിലും ദീർഘകാല കരാറിൽ താരത്തെ സ്വന്തമാക്കാനാണ് റയലിന്റെ പദ്ധതി. ബാഴ്സലോണ, പി.എസ്.ജി, ബയേൺ മ്യൂണിക്ക് തുടങ്ങിയ വമ്പൻ ക്ലബ്ബുകളും ഗബ്രിയേലിനായി രംഗത്തുണ്ടായിരുന്നു. എന്നാൽ യുനൈറ്റഡിൽ തുടരാൻ ക്ലബ്ബ് നടത്തിയ ശ്രമങ്ങൾക്കിടയിലും റയലിനൊപ്പം ചേരാനാണ് താരം തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
സെപ്റ്റംബർ മധ്യത്തിൽ തന്നെ യുണൈറ്റഡ് വിടാനുള്ള ആഗ്രഹം ഗബ്രിയേൽ ക്ലബ്ബിനെ അറിയിച്ചിരുന്നു. കരാറിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കത്തും കൈമാറി. പ്രീ സീസണിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിൽ വെറും എട്ട് മിനിറ്റ് മാത്രം അവസരം ലഭിച്ചതും ടീമിന്റെ ചില തീരുമാനങ്ങളും താരത്തിന്റെ അതൃപ്തിക്ക് കാരണമായെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ സീസണിൽ യൂത്ത് ടീമിനായി ഓരോ മത്സരത്തിലും ശരാശരി ഒരു ഗോൾ നേടിയ ഗബ്രിയേൽ, എഫ്എ യൂത്ത് കപ്പ് പോരാട്ടത്തിലും മികവ് കാട്ടിയിരുന്നു. സബാഹിനെതിരായ യുവേഫ യൂത്ത് ലീഗ് മത്സരത്തിൽ ഹാട്രിക് നേടിയതോടെ ക്ലബ്ബിനായി ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും മാറി. ജിമ്മി മർഫി പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്.
ഗബ്രിയേലിനെ നിലനിർത്താൻ യുണൈറ്റഡ് പരമാവധി ശ്രമിച്ചെങ്കിലും താരത്തിന്റെ തീരുമാനം മാറ്റാനായില്ല. മുൻ പരിശീലകൻ റൂബൻ അമോറിമിനെയും ഇതിഹാസ താരം സർ അലക്സ് ഫെർഗൂസനെയും കാണാനും സീനിയർ ടീമിനൊപ്പം പരിശീലനം നടത്താനും അവസരം നൽകിയിരുന്നു. മൈക്കൽ കാരിക്കിന്റെ കീഴിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ സീനിയർ അരങ്ങേറ്റവും നടത്തി. എന്നാൽ താരത്തിന്റെ ഭാവി വളർച്ചയ്ക്ക് മറ്റൊരു ക്ലബ്ബാണ് അനുയോജ്യമെന്ന നിലപാടിലാണ് കുടുംബമെന്നാണ് സൂചന. ഗബ്രിയേൽ പോകുന്നതോടെ യുണൈറ്റഡിന് വലിയ ട്രാൻസ്ഫർ തുക ലഭിക്കില്ല. പരിശീലന നഷ്ടപരിഹാരം മാത്രമായിരിക്കും ക്ലബ്ബിന് ലഭിക്കുക. സാധാരണയായി ആറ് അക്കത്തിലുള്ള തുകയായിരിക്കും ഇത്.