'വാതുവെപ്പ് കേസിൽ ജയിലിൽ കിടന്ന ശ്രീശാന്ത് കളിക്കാരുടെ സംരക്ഷണം ഏറ്റെടുക്കേണ്ട'; കടന്നാക്രമിച്ച് കെ.സി.എ

''അച്ചടക്ക ലംഘനം ആര് നടത്തിയാലും അനുവദിക്കില്ല, അസോസിയേഷനെതിരെ കളവായ കാര്യങ്ങൾ പറഞ്ഞ് അപകീര്‍ത്തി ഉണ്ടാക്കിയാൽ മുഖം നോക്കാതെ നടപടി എടുക്കും''

Update: 2025-02-07 12:14 GMT

സഞ്ജു സാംസണുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ മുന്‍ ഇന്ത്യന്‍ താരം എസ്.ശ്രീശാന്തിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതില്‍ വിശദീകരണവുമായി കെ.സി.എ. സഞ്ജുവിനെ പിന്തുണച്ചതിനല്ല നോട്ടീസെന്നും അസോസിയേഷനെതിരായ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ക്കെതിരാണെന്നും കെ.സി.എ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. 

കേരള ക്രിക്കറ്റ് അസോസിയേഷൻ താരങ്ങളെ എന്നും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചു പോന്നിട്ടുള്ളത്. ഇന്ത്യൻ ക്രിക്കറ്റിന്‍റെ കറുത്ത അധ്യായമായിരുന്ന വാതുവെപ്പിൽ ആരോപണം നേരിട്ട് ശ്രീശാന്ത് ജയിലിൽ കഴിയുന്ന സമയത്തും അസോസിയേഷൻ ഭാരവാഹികൾ അദ്ദേഹത്തെ സന്ദർശിക്കുകയും പിന്തുണ നൽകുകയും ചെയ്തിരുന്നു.

Advertising
Advertising

എന്നാൽ വാതുവെയ്‌പ്പിൽ ആരോപണം ശരിയാണെന്നു കണ്ടെത്തിയതോടെയാണ് ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. കോടതി ക്രിമിനൽ കേസ് റദ്ദ് ചെയ്‌തെങ്കിലും വാതുവെപ്പ് വിഷയത്തിൽ കുറ്റവിമുക്തനായിട്ടില്ല എന്നതാണ് വാസ്തവം. അത്തരത്തിലുള്ള ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിഷന്‍റെ കളിക്കാരുടെ സംരക്ഷണം ഏറ്റെടുക്കേണ്ടതില്ലെന്ന് കെ.സി.എ പ്രസ്താവനയില്‍ പറഞ്ഞു. അച്ചടക്ക ലംഘനം ആര് നടത്തിയാലും അനുവദിക്കാൻ സാധിക്കില്ലെന്നും അസോസിയേഷനെതിരെ കളവായ കാര്യങ്ങൾ പറഞ്ഞ് അപകീര്‍ത്തി ഉണ്ടാക്കിയാൽ മുഖം നോക്കാതെ നടപടി എടുക്കുമെന്നും കെ.സി.എ കൂട്ടിച്ചേര്‍ത്തു. 

കെ.സി എ വാര്‍ത്താ കുറിപ്പിന്‍റെ പൂര്‍ണരൂപം

കേരള ക്രിക്കറ്റ് അസോസിഷൻ ശ്രീശാന്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് സഞ്ജുവിനെ പിന്തുണച്ചതിനല്ല, അസോസിയേഷനെതിരെ തെറ്റായതും അപകീർത്തിപരവുമായ പ്രസ്താവന നടത്തിയതിനാണ്. കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസി ടീമിന്റെ സഹ ഉടമയായ ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ അപകീർത്തികരമായി കാര്യങ്ങൾ പറഞ്ഞത് കരാർ ലംഘനമാണ്.

കേരള ക്രിക്കറ്റ് അസോസിയേഷൻ താരങ്ങളെ എന്നും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചു വന്നിട്ടുള്ളത്. ഇന്ത്യൻ ക്രിക്കറ്റിന്റെ കറുത്ത അധ്യായമായിരുന്ന വാതുവെപ്പിൽ ആരോപണം നേരിട്ട് ശ്രീശാന്ത് ജയിലിൽ കഴിയുന്ന സമയത്തും അസോസിയേഷന്‍ ഭാരവാഹികൾ അദ്ദേഹത്തെ സന്ദർശിക്കുകയും പിന്തുണ നൽകുകയും ചെയ്തിരുന്നു. എന്നാൽ വാതുവെയ്‌പ്പിൽ ആരോപണം ശരിയാണെന്നു കണ്ടെത്തിയതോടെയാണ് ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. പിന്നീട് ആജീവനാന്ത വിലക്ക് ബിസിസിഐ ഓംബുഡ്സ്മാൻ ഏഴു വർഷമായി കുറക്കുകയായിരുന്നു. കോടതി ക്രിമിനൽ കേസ് റദ്ദ് ചെയ്‌തെങ്കിലും വാതുവെപ്പ് വിഷയത്തിൽ കുറ്റവിമുക്തനായിട്ടില്ല എന്നത് വാസ്തവമാണ്. അത്തരത്തിൽ ഉള്ള ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിഷന്റെ കളിക്കാരുടെ സംരക്ഷണം ഏറ്റെടുക്കേണ്ടതില്ല.

ശിക്ഷ കാലാവധി പൂർത്തിയാക്കിയ ശ്രീശാന്തിന് രഞ്ജി ട്രോഫി ഉൾപ്പടെ ഉള്ള മത്സങ്ങളിൽ കെ.സി.എ വീണ്ടും അവസരങ്ങൾ നല്‍കിയത് അസോസിയേഷന്റെ സംരക്ഷക നിലപാടുകൊണ്ടുമാത്രമാണ്. വാതുവെപ്പിൽ ഉൾപ്പെട്ട മറ്റുതാരങ്ങളോട് അവരുടെ അസോസിയേഷനുകൾ ഇങ്ങനെ അനുകൂലസമീപനമാണോ എടുത്തത് എന്നത് അന്വേഷിച്ചാൽ അറിയാവുന്നതാണ്. ശ്രീശാന്ത് കേരള ക്രിക്കറ്റ് ലീഗിന്റെ കമന്ററി പറയുന്ന വേളയിൽ അസോസിയേഷൻ കളിക്കാർക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് വാനോളം പുകഴ്ത്തിയിരുന്നു.

സഞ്ജു സാംസണ് ശേഷം ഇന്ത്യൻ ടീമിൽ ആര് വന്നു എന്ന ശ്രീശാന്തിന്റെ ചോദ്യം അപഹാസ്യമാണ്. സജ്ന സജീവന്‍, മിന്നുമണി, ആശ ശോഭന എന്നീ സീനിയര്‍ ദേശീയ താരങ്ങളെ കൂടാതെ വനിതാ ഇന്ത്യൻ അണ്ടർ 19 വേൾഡ് കപ്പ് ജേതാക്കളുടെ ടീമിൽ ജോഷിത വി.ജെ, അണ്ടർ 19 ടീമില്‍ നജ്‌ല സി.എം.സി, പുരുഷ അണ്ടർ 19 ഏഷ്യാകപ്പ് ടീമില്‍ മുഹമ്മദ് ഇനാൻ എന്നിവർ സ്ഥാനം കണ്ടെത്തിയത് ശ്രീശാന്ത് അറിയാത്തത് കേരള ക്രിക്കറ്റിനെ കുറിച്ചുള്ള അറിവില്ലായ്മയായി കാണുന്നു. അച്ചടക്ക ലംഘനം ആര് നടത്തിയാലും അനുവദിക്കാൻ സാധിക്കില്ല. അസോസിയേഷനെതിരെ കളവായ കാര്യങ്ങൾ പറഞ്ഞ് അപകീത്തിഉണ്ടാക്കിയാൽ മുഖം നോക്കാതെ നടപടി എടുക്കുക്കുന്നതുമാണ്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News