ചരിത്ര നേട്ടത്തിൽ രോഹൻ ബൊപ്പണ്ണ; ടെന്നീസ് ലോക റാങ്കിങിൽ ഒന്നാമത്, പ്രായം കൂടിയ താരം

ഓസീസ് താരം മാത്യു എബ്ഡെനോടൊപ്പമാണ് ബൊപ്പണ്ണ ആസ്‌ത്രേലിയൻ ഓപ്പൺ സെമിയിലെത്തിയത്.

Update: 2024-01-24 07:07 GMT
Editor : Sharafudheen TK | By : Web Desk

മെൽബൺ: ടെന്നീസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണക്ക് ചരിത്ര നേട്ടം. ഡബിൾസ് റാങ്കിങിൽ ആദ്യമായി ഒന്നാം സ്ഥാനത്തെത്തി. നേട്ടത്തിലെത്തുന്ന പ്രായം കൂടിയ താരമായും 43കാരൻ മാറി. ആസ്‌ത്രേലിയൻ ഓപ്പൺ ടെന്നീസ് സെമിയിലെത്തിയതിന് പിന്നാലെയാണ് ലോക റാങ്കിങിൽ ഒന്നാം സ്ഥാനവും ഇന്ത്യൻ താരത്തെ തേടിയെത്തിയത്.

ഓസീസ് താരം മാത്യു എബ്ഡെനോടൊപ്പമാണ് ബൊപ്പണ്ണ ആസ്‌ത്രേലിയൻ ഓപ്പൺ സെമിയിലെത്തിയത്. മാക്‌സിമോ ഗോൺസാലസ്-ആന്ദ്രെസ് മോൾട്ടനി സഖ്യത്തെയാണ് തോൽപിച്ചത്. പ്രായം തളർത്താത്ത പോരാട്ടവീര്യം പുറത്തെടുത്ത ബൊപ്പണ്ണ ഇത്തവണ കിരീടം ലക്ഷ്യമിട്ട് കൃത്യമായ ചുവടുവെപ്പാണ് നടത്തുന്നത്. കരിയറിൽ ആദ്യമായി റാങ്കിങിൽ ഒന്നാമതെത്തുന്ന വെറ്ററൻ താരം ഇതുവരെ ഗ്രാൻഡ്സ്ലാം നേടിയിട്ടില്ല. പുതിയ ഡബിൾസ് റാങ്കിങ്ങിൽ ബൊപ്പണ്ണയുടെ പാർട്ണർ എബ്‌ഡെൻ രണ്ടാം സ്ഥാനത്തെത്തി.

കഴിഞ്ഞ 12 മാസത്തിൽ ബൊപ്പണ്ണ-എബ്‌ഡെൻ സഖ്യം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇരുവരും യുഎസ് ഓപ്പണിന്റെ ഫൈനൽ പ്രവശനം നേടിയിരുന്നു. 2023 ഫെബ്രുവരിയിൽ നടന്ന ഖത്തർ ഓപ്പണിൽ ബൊപ്പണ്ണ-എബ്‌ഡെൻ സഖ്യമായിരുന്നു ജേതാക്കൾ. ആസ്‌ത്രേലിയൻ ഓപ്പണിലും ഇതാവർത്തിക്കാനുള്ള പോരാട്ടത്തിലാണ് ഇരുവരും

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News