വന്മരങ്ങളെ വെട്ടിവീഴ്ത്തി യു.എസ് ഓപ്പണ്‍ ഫൈനലിലേക്ക്; അത്ഭുതമായി ഈ 18വയസുകാരി

കഴിഞ്ഞ 17 വര്‍ഷത്തിനിടെ ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്ന പ്രായം കുറഞ്ഞ താരം കൂടിയാണ് ഈ 18കാരി

Update: 2021-09-10 07:01 GMT
Editor : Roshin | By : Web Desk

യു.എസ് ഓപ്പണില്‍ ചരിത്രമെഴുതി എമ റഡുകാനു. യോഗ്യതാ റൗണ്ടിലൂടെ ഗ്രാന്‍റ് സ്ലാം ടൂര്‍ണമെന്‍റിലെത്തി ഫൈനലിലേക്ക് കടക്കുന്ന ആദ്യ താരമാണ് ഈ 18 വയസുകാരി. സെമിയില്‍ ഗ്രീക്ക് താരം മരിയ സക്കാരിയയെയും ക്വാര്‍ട്ടറില്‍ ഒളിംപിക് സ്വർണമെഡൽ ജേതാവ് ബെലിൻഡ ബെലൂസിച്ചിനെയും പരാജയപ്പെടുത്തിയാണ് ഈ കൌമാരക്കാരിയുടെ കുതിപ്പ്. ഫൈനലില്‍ അട്ടിമറി വിജയങ്ങളിലൂടെ ഏവരെയും ഞെട്ടിച്ച 19കാരി ലൈല ഫെര്‍ണാന്‍ഡസാണ് റഡുകാനുവിന്‍റെ എതിരാളി.

കഴിഞ്ഞ 17 വര്‍ഷത്തിനിടെ ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്ന പ്രായം കുറഞ്ഞ താരം കൂടിയാണ് റഡുക്കാനു. ഗ്രീക്ക് താരം സക്കാറിയെ 6-1, 6-4 എന്ന സ്‌കോറിനാണ് റഡുക്കാനു തോല്‍പ്പിച്ചത്. യോഗ്യത മത്സരങ്ങളിലുള്‍പ്പടെ ഒരു റൌണ്ട് പോലും വിട്ടുകൊടുക്കാതെയാണ് ഈ കൌമാരക്കാരിയുടെ മുന്നേറ്റം. റഡുകാനുവിന്‍റെ രണ്ടാം ഗ്രാന്‍റ് സ്ലാം ടൂര്‍ണമെന്‍റാണ് ഇത്. 62 വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു ഗ്രാന്‍റ് സ്ലാം ഫൈനല്‍ കളിക്കുന്ന ആദ്യ ബ്രിട്ടീഷ് കളിക്കാരിയാണ് റഡുകാനു. 53 വര്‍ഷങ്ങള്‍ക്കിടയില്‍ യുഎസ് ഓപ്പണ്‍ ഫൈനല്‍ കളിക്കുന്ന ബ്രിട്ടീഷ് താരമെന്ന നേട്ടവും ഈ 18കാരിക്ക് സ്വന്തമാണ്.

Advertising
Advertising

2019ല്‍ പൂനെയില്‍വെച്ച് നടന്ന എന്‍.ഇ.സി.സി ഐ.ടി.എഫ് വുമണ്‍സ് ടെന്നീസ് ടൂര്‍ണമെന്‍റാണ് റഡുകാനുവിന്‍റെ കരിയറിലെ പ്രധാന നേട്ടങ്ങളിലൊന്ന്. അന്ന് എട്ടാം സീഡായിരുന്ന നൈക്ത ബ്രെയിന്‍സിനെ തോല്‍പ്പിച്ചാണ് പൂനെയില്‍ നടന്ന ടൂര്‍ണമെന്‍റില്‍ റഡുകാനു വിജയിയായത്.

രണ്ടാം സീഡ് സബലെങ്കയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തകര്‍ത്ത 18കാരിയായ ലൈല ഫെർണാന്‍ഡസാണ് ഫൈനലില്‍ റഡുകാനുവിന്‍റെ എതിരാളി. സ്‌കോര്‍ 7-6, 4-6, 6-4. നേരത്തെ നിലവിലെ ചാമ്പ്യനായ ജപ്പാനിന്‍റെ നവോമി ഒസാക്കയെയും ലൈല മലര്‍ത്തിയടിച്ചിരുന്നു. 1999ന് ശേഷം പ്രായം കുറഞ്ഞ രണ്ട് താരങ്ങള്‍ നേര്‍ക്കുനേര്‍ വരുന്ന ഫൈനലാണിത്. അന്ന് യുഎസ് ഓപ്പണില്‍ 17കാരി സെറിന വില്യംസ്, 18 വയസുണ്ടായിരുന്ന മാര്‍ട്ടിന് ഹിംഗിസിനെ നേരിട്ടിരുന്നു.

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News