'തളർന്നിരിക്കുകയാണെന്ന് അല്ലാഹുവിന് അറിയാം; അവനെ വിശ്വസിക്കുക'; കുറിപ്പുമായി സാനിയ മിർസ

ഭർത്താവ് ശുഐബ് മാലിക്കിനും മകനുമൊപ്പം ദുബൈയിലാണ് ഇപ്പോൾ സാനിയ കഴിയുന്നത്

Update: 2022-11-01 08:43 GMT
Editor : Shaheer | By : Web Desk
Advertising

ഹൈദരാബാദ്: ഈ വർഷം ആദ്യത്തിലാണ് ഇതിഹാസതാരം സാനിയ മിർസ ടെന്നീസ് കോർട്ടിനോട് വിടപറയാനുള്ള തീരുമാനം വെളിപ്പെടുത്തിയത്. 2022 സീസണിന്റെ അവസാനത്തിൽ കളിനിർത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, യു.എസ് ഓപണിന്റെ തൊട്ടുമുൻപ് മുട്ടിനു പരിക്കേറ്റതോടെ വിരമിക്കൽ നീളുമെന്നാണ് താരം വ്യക്തമാക്കിയത്.

അതിനിടെ, നിലവിലെ മാനസികാവസ്ഥയെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. മാനസികമായി തളർന്നിരിക്കുകയാണെന്നും പ്രത്യേക അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നുമാണ് ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെ താരം സൂചിപ്പിച്ചത്. എന്നാൽ, ദൈവത്തെ വിശ്വസിക്കണമെന്നും ഏറ്റവും നല്ല മാർഗത്തിലൂടെ അവൻ നമ്മെ നയിക്കുമെന്നും സാനിയ കുറിച്ചു.

''നിന്റെ ആത്മാവ് തളർന്നിരിക്കുകയാണെന്ന് അല്ലാഹുവിന് അറിയാം. ഇപ്പോൾ കടന്നുപോകുന്നതെല്ലാം നിനക്ക് ഉൾക്കൊള്ളാനാകുന്നില്ലെന്നും നീ ചോദിച്ചുകൊണ്ടിരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ടെന്നും അവന് അറിയാം. നീ ആശയക്കുഴപ്പത്തിലാണ്, സമാധാനം അന്വേഷിക്കുകയാണെന്നെല്ലാം അവന്റെ അറിവിലുണ്ട്. എന്നാൽ, നിനക്ക് ഏറ്റവും നല്ലതെന്താണെന്ന അറിവും അവനുണ്ട്. ആ ദിശയിലേക്ക് അവൻ നിന്നെ എപ്പോഴും നയിക്കും. അവനെ വിശ്വസിക്കുക.''-ഇൻസ്റ്റ സ്‌റ്റോറിയിൽ സാനിയ കുറിച്ചു.

മറ്റൊരു സ്‌റ്റോറിയിൽ സ്വന്തമായുള്ള ഇടങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും താരം സൂചിപ്പിച്ചു. ''നമ്മൾ എല്ലാവരെയും പോലെ ചിലപ്പോൾ ഒരു പ്രത്യേക ഇടം അവളും തേടുന്നുണ്ട്. നമ്മൾ നിശബ്ദമായിരിക്കുന്ന, പുറംലോകത്തെ ബഹളങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്ന ഒരിടം. അവിടെ നമുക്ക് സ്വന്തം ആത്മാവിന്റെ മന്ത്രങ്ങൾ കേൾക്കാനാകും.''-സാനിയ സൂചിപ്പിച്ചു.

നിലവിൽ ഭർത്താവും പാകിസ്താൻ ക്രിക്കറ്റ് താരവുമായ ശുഐബ് മാലിക്കിനും മകൻ ഇഷാനും ഒപ്പം ദുബൈയിലാണ് സാനിയ കഴിയുന്നത്. മനോഹരമായ വീടിന്റെ ദൃശ്യങ്ങൾ അടുത്തിടെ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു മകൻ ഇഷാന്റെ ജന്മദിനം.

Summary: 'Trust Allah, He knows your soul is tired'; Sania Mirza writes on Instagram story

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News