'സഞ്ജു തിരികെയെത്തുമോ'; രാഹുൽ ദ്രാവിഡിന്റെ മറുപടി ഇങ്ങനെ
വാരിയെല്ലിനേറ്റ പരിക്കിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ സഞ്ജു കളത്തിന് പുറത്തായിരുന്നു
രാജസ്ഥാന്റെ നായക വേഷത്തിൽ സഞ്ജു സാംസൺ എന്നാണ് തിരികെയെത്തുക? ഐ.പി.എല്ലിൽ രാജസ്ഥാന്റെ ഓരോ മത്സരങ്ങൾക്ക് മുമ്പും ആരാധകർ ഇപ്പോൾ ഈ ചോദ്യമുന്നയിക്കുന്നുണ്ട്. വാരിയെല്ലിനേറ്റ പരിക്കിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ സഞ്ജു കളത്തിന് പുറത്തായിരുന്നു. തുടർ തോൽവികളുമായി രാജസ്ഥാൻ ഈ സീസണിൽ പുറത്താവലിന്റെ വക്കിലുമാണ്. നേരിയ പ്ലേ ഓഫ് പ്രതീക്ഷകൾ മാത്രമാണ് ടീമിന് ഇനി അവശേഷിക്കുന്നത്.
അതിനിടെ രാജസ്ഥാൻ കോച്ച് രാഹുൽ ദ്രാവിഡിന് മുന്നിലും ഈ ചോദ്യമെത്തി. സഞ്ജുവിന്റെ ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരികയാണെന്നും പരിക്ക് ഗൗരവത്തിൽ കാണേണ്ടതാണെന്നുമായിരുന്നു ദ്രാവിഡിന്റെ മറുപടി.
''സഞ്ജുവിന്റെ പരിക്ക് ഭേദമാവുന്നുണ്ട്. ഞങ്ങളവനെ ദിവസവും നിരീക്ഷിക്കുന്നുണ്ട്. വാരിയെല്ലിനേറ്റ പരിക്കായതിനാൽ തന്നെ ഒരൽപം ഗൗരവത്തിലാണ് ടീം അതിനെ കാണുന്നത്. അതിനാൽ അവനെ തിരക്കിട്ട് കളത്തിലേക്ക് കൊണ്ട് വരേണ്ടതില്ല എന്നാണ് തീരുമാനം''- ദ്രാവിഡ് പറഞ്ഞു.
സീസണിൽ ടീമിനിയി മികച്ച പ്രകടനങ്ങളുമായി കളം നിറയവെയാണ് രാജസ്ഥാൻ നായകനെ തേടി അപ്രതീക്ഷിത പരിക്കെത്തിയത്. ഇന്ന് മുംബൈ ഇന്ത്യൻസിനെതിരെയും താരം കളത്തിലിറങ്ങില്ല എന്നാണ് റിപ്പോർട്ട്.