ഡബിൾ ബാരൽ ലിയോ; പെറുവിനെ പറത്തി അർജന്റീന

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കളിച്ച നാല് മത്സരങ്ങളും വിജയിച്ച അർജന്റീന പോയിന്റ് പട്ടികയിൽ ഒന്നാമത്

Update: 2023-10-18 05:10 GMT

ലിമ: ലയണൽ മെസ്സി ഇരട്ടഗോളുമായി കളം നിറഞ്ഞ പോരാട്ടത്തിൽ പെറുവിനെതിരെ അർജന്റീനക്ക് തകർപ്പൻ ജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് മെസ്സിപ്പടയുടെ ജയം. പരിക്ക് മാറി തിരിച്ചെത്തിയ ലിയോ മുഴുസമയവും കളത്തിലിറങ്ങിയ മത്സരത്തിൽ മെസി മാജികിന് തന്നെയാണ് എസ്റ്റാഡിയോ നാഷണൽ ഡി ലിമ സ്‌റ്റേഡിയം സാക്ഷിയായത്. മത്സരത്തിലെ രണ്ട് ഗോളുകളും പിറന്നത് ആദ്യ പകുതിയിലായിരുന്നു.

32ാം മിനിറ്റിലാണ് ആദ്യ ഗോളെത്തിയത്. മൈതാന മധ്യത്ത് നിന്ന് പന്ത് പിടിച്ചെടുത്ത് കുതിച്ച എൻസോ ഫെർണാണ്ടസ് ഇടതുവിങ്ങിലൂടെ പാഞ്ഞെത്തിയ നിക്കോ ഗോൺസാലസിന് പന്തിനെ നീക്കി. പെനാൽട്ടി ബോക്‌സിന് അകത്തേക്ക് കടന്ന ഗോൺസാലസ് പന്തിനെ മെസ്സിക്ക് മറിച്ചു. പെനാൽട്ടി ബോക്‌സിന് വെളിയിൽ നിന്ന് കുതിച്ചെത്തിയ ലിയോ ഒറ്റ ടച്ചിൽ പന്ത് വലയിലാക്കി.

Advertising
Advertising

ആദ്യ ഗോൾ പിറന്ന് കൃത്യം പത്ത് മിനിറ്റിനകം അടുത്ത ഗോളുമെത്തി. ഇക്കുറിയും ഗോളിലേക്കുള്ള കുതിപ്പ് തുടങ്ങിയത് എൻസോയാണ്. ഇടതുവിങ്ങിലൂടെ കുതിച്ച് ഗോൾ മുഖത്തേക്ക് പന്ത് ക്രോസ് ചെയ്തു എൻസോ. പറന്നെത്തിയ മെസ്സി ഒരിക്കൽ കൂടി പെറു ഗോൾ കീപ്പറെ കാഴ്ച്ചക്കാരനാക്കി.

ഇതോടെ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കളിച്ച നാല് മത്സരങ്ങളും വിജയിച്ച അർജന്റീന പോയിന്റ് പട്ടികയിൽ 12 പോയിന്റുമായി ഒന്നാമതെത്തി. ഇന്ന് പുലർച്ചെ നടന്ന മറ്റൊരു മത്സരത്തിൽ കരുത്തരായ ബ്രസീലിനെ യുറുഗ്വെ തകർത്തു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു യുറുഗ്വെയുടേയും വിജയം. ഡാർവിൻ നൂനസും നിക്കോളാസ് ഡെ ലാക്രൂസുമാണ് യുറുഗ്വെക്കായി വലകുലുക്കിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ സൂപ്പർ താരം നെയ്മർ ജൂനിയർ പരിക്കേറ്റ് പുറത്തായത് ബ്രസീലിന് തിരിച്ചടിയായി.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News