ഇന്നോവ കാറും വലിയ ശമ്പളവും നൽകി ഇവരെ നിയമിച്ചത് എന്തിന്? ജോസഫൈനെതിരെ ടി.പത്മനാഭന്‍
87 വയസുള്ള വൃദ്ധയെ അധിക്ഷേപിച്ചത് വളരെ ക്രൂരമായിപ്പോയി.ദയയും സഹിഷ്ണുതയും ഇല്ലാത്ത പെരുമാറ്റമാണ് ജോസഫൈന്‍റെ ഭാഗത്ത് നിന്നുമുണ്ടായത്
വനിത കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈനെ രൂക്ഷമായി വിമർശിച്ച് എഴുത്തുകാരന്‍ ടി.പത്മനാഭൻ. 87 വയസുള്ള വൃദ്ധയെ അധിക്ഷേപിച്ചത് വളരെ ക്രൂരമായിപ്പോയി. ദയയും സഹിഷ്ണുതയും ഇല്ലാത്ത പെരുമാറ്റമാണ് ജോസഫൈന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇന്നോവ കാറും വലിയ ശമ്പളവും നൽകി ഇവരെ നിയമിച്ചത് എന്തിനാണെന്നും ടി പത്മനാഭൻ ചോദിച്ചു. ഗൃഹസന്ദർശനത്തിനായി പി. ജയരാജൻ എത്തിയപ്പോഴാണ് പത്മനാഭൻ പ്രതിഷേധം അറിയിച്ചത്.
വിമര്‍ശിച്ചതിന് തനിക്കെതിരെ കേസെടുക്കാൻ ജോസഫൈന്‍ മടിക്കില്ലെന്നും പത്മനാഭന്‍ പറഞ്ഞു. ഗൃഹസന്ദർശനത്തിനായി പി ജയരാജൻ ഉൾപ്പെടെയുള്ള സി.പി.എം നേതാക്കൾ എത്തിയപ്പോഴായിരുന്നു പത്മനാഭന്‍റെ വിമർശനം.
സി.പി.എം സംസ്ഥാന വ്യാപകമായി നടത്തുന്ന ഗൃഹസന്ദര്‍ശന പരിപാടിയുടെ ഭാഗമായാണ് പി.ജയരാജന്‍ കഥാകൃത്ത് പത്മനാഭന്‍റെ പളളിക്കുന്നിലെ വീട്ടിലെത്തിയത്. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ചുളള പൊതുജനങ്ങളുടെ അഭിപ്രായം ആരായാനാണ് സന്ദര്‍ശനം എന്ന് ജയരാജന്‍ പത്മനാഭനെ അറിയിച്ചു. അപ്പോഴായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരായ കഥാകൃത്തിന്‍റെ രൂക്ഷ വിമര്‍ശം. ടി.പത്മനാഭന്‍റെ വിമര്‍ശം ജോസഫൈനെയും പാര്‍ട്ടിയെയും ധരിപ്പിക്കുമെന്ന് പി.ജയരാജന്‍ മറുപടി നല്‍കി.
കിടപ്പുരോഗിയായ പരാതിക്കാരിയോട് നേരിട്ട് ഹാജരാകാനാണ് ജോസഫൈന്‍ നിര്‍ദ്ദേശിച്ചത്. പരാതി കേള്‍ക്കാന്‍ മറ്റ് മാര്‍ഗമുണ്ടോ എന്ന് ചോദിച്ച് ബന്ധുവിനെ വനിതാ കമ്മീഷന്‍ അധ്യക്ഷ ശകാരിക്കുകയും ചെയ്തു. അയല്‍ക്കാരന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ് കിടപ്പിലായ ലക്ഷ്മിക്കുട്ടിയമ്മയോടായിരുന്നു അധ്യക്ഷയുടെ ക്രൂരമായ പെരുമാറ്റം.
സംഭവത്തില്‍ വിശദീകരണവുമായി ജോസഫൈന്‍ രംഗത്തെത്തി. ലക്ഷ്മിക്കുട്ടിയമ്മയുടെ പരാതി വനിതാ കമ്മീഷൻ പരിശോധിച്ചിരുന്നു. കമ്മീഷന്‍റെയും പൊലീസിന്‍റെയും നിയമനടപടികൾ നടക്കുന്നുണ്ട്. പരാതിക്കാരൻ ഫോണ്‍ വിളിച്ചപ്പോൾ ആശയ വിനിമയത്തിൽ അവ്യക്തത ഉണ്ടായിരുന്നു. ഇതാണ് തെറ്റിദ്ധാരണക്ക് വഴിവെച്ചതെന്നും വനിതാ കമ്മീഷൻ വിശദീകരിച്ചു.