എഐ ഇംപാക്ട്: കൂട്ടപ്പിരിച്ചുവിടലിന് ആമസോണ്‍, പണി പോവുക 16,000ത്തോളം പേര്‍ക്ക്

ആകെ 30,000 ജീവനക്കാരെ വെട്ടിക്കുറയ്ക്കാനാണ് ആമസോണ്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒക്ടോബറില്‍ 14,000ത്തോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു

Update: 2026-01-23 03:25 GMT

വാഷിങ്ടണ്‍: 16,000ത്തോളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ബഹുരാഷ്ട്ര കമ്പനിയായ ആമസോണ്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ജനുവരി 27 മുതല്‍ പിരിച്ചുവിടല്‍ അറിയിപ്പുകള്‍ നല്‍കും. രണ്ടു ഘട്ടത്തിലായി ആകെ 30,000 ജീവനക്കാരെ വെട്ടിക്കുറയ്ക്കാനാണ് ആമസോണ്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒക്ടോബറില്‍ 14,000ത്തോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

നിര്‍മിത ബുദ്ധി (എഐ) തൊഴില്‍ രംഗത്ത് സൃഷ്ടിച്ച ആഘാതത്തിനു പുറത്താണ് ടെക് കമ്പനിയിലെ പിരിച്ചുവിടലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പിരിച്ചുവിടല്‍ നടപ്പാക്കുകയാണെങ്കില്‍, 2023ല്‍ 27,000 ജീവനക്കാരെ പിരിച്ചുവിട്ടതിനു ശേഷം ആമസോണ്‍ നടത്തുന്ന ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലാകും ഇത്.

Advertising
Advertising

പിരിച്ചുവിടല്‍ സൂചനകള്‍ സമൂഹമാധ്യമങ്ങളിലൂടെ ആമസോണ്‍ ജീവനക്കാര്‍ തന്നെ പങ്കുവെക്കുന്നുണ്ട്. മാനേജര്‍മാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പിരിച്ചുവിടലിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയതായി പേരു വെളിപ്പെടുത്താതെ പല ജീവനക്കാരും പോസ്റ്റ് ചെയ്യുന്നു. ആമസോണ്‍ വെബ് സര്‍വീസസ്, റീട്ടെയില്‍, പ്രൈം വീഡിയോ, ഹ്യൂമന്‍ റിസോഴ്സ് എന്നീ വിഭാഗങ്ങളിലെ ജോലിക്കാരെയാകും പിരിച്ചുവിടല്‍ പ്രധാനമായും ബാധിക്കുക.

കോവിഡ് കാലത്തെ കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ ആമസോണ്‍ പുതിയ ജീവനക്കാരെ നിയമിച്ചിരുന്നു. ഇപ്പോള്‍ ചെലവു ചുരുക്കലിന്റെ ഭാഗമായാണ് കനത്ത നടപടികളിലേക്ക് കമ്പനി കടക്കുന്നത്. നിര്‍മിത ബുദ്ധിയുടെ ഉപയോഗം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതനുസരിച്ച് ജീവനക്കാരെ കുറയ്ക്കുമെന്ന സൂചന ആമസോണ്‍ സിഇഒ ആന്‍ഡി ജാസ്സി നല്‍കിയിരുന്നു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News