പ്രബന്ധം സ്വയമെഴുതി മടുത്തോ? എഴുതാനും പഠിക്കാനും സഹായിക്കുന്ന ചാറ്റ്ജി.പി.ടിയെ കുറിച്ച് അറിയേണ്ടതെല്ലാം...?

ഉപഭോക്താവുമായി സംഭാഷണം നടത്താനാണ് ചാറ്റ് ജി.പി.ടിക്ക് കഴിയുക

Update: 2023-01-29 12:48 GMT
Advertising

പ്രബന്ധം, ലേഖനം, ഇമെയിൽ എന്നിവയൊക്കെ എഴുതുന്നത് പലർക്കും വലിയ ബുദ്ധിമുട്ടാണ്. ഇത്തരം കാര്യങ്ങൾക്ക് വല്ല റോബോട്ടിനെയും ഏൽപ്പിക്കണമെന്ന് നമ്മൾ തമാശ പറയുകയും ചെയ്യും. എന്നാൽ ഇവയെല്ലാം ചെയ്യാൻ സഹായിക്കുന്ന ഒരു ആർട്ടിഫിഷ്യൽ ഇൻറലിജൻറ്‌സ് ടെക്‌നോളജി (എ.ഐ) വന്നിരിക്കുന്നു. ചാറ്റ് ബോട്ടുകളേക്കാൾ (ഇൻറർനെറ്റിലൂടെ മനുഷ്യരോട് സംസാരിക്കാനായി തയ്യാറാക്കപ്പെട്ട കംപ്യൂട്ടർ പ്രോഗ്രാം) നന്നായി മനുഷ്യരെ പോലെ ആശയവിനിമയം നടത്താൻ ശേഷിയുള്ള നാച്ച്വറൽ ലാംഗ്വേജ് പ്രൊസസിംഗ് ടൂളായ ചാറ്റ് ജി.പി.ടി (ChatGPT) യാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഈ ലാംഗ്വേജ് മോഡൽ വഴി ചോദ്യങ്ങൾക്ക് ഉത്തരം നൽകുക, ഇമെയിൽ, ലേഖനം, കോഡുകൾ എന്നിവ എഴുതുക തുടങ്ങിയ ജോലികൾ നിഷ്പ്രയാസം ചെയ്യാനാകും. ഗവേഷണ-ഫീഡ്ബാക്ക്-ശേഖരണ ഘട്ടത്തിലായതിനാൽ ചാറ്റ് ജി.പി.ടി ഉപയോഗം നിലവിൽ പൊതുജനങ്ങൾക്ക് സൗജന്യമാണ്.

ആരാണ് ചാറ്റ് ജി.പി.ടിയ്ക്ക് പിറകിൽ?

എ.ഐ ആൻഡ് റിസർച്ച് കമ്പനിയായ ഓപ്പൺ എ.ഐ ആണ് ചാറ്റ് ജി.പി.ടി നിർമിച്ചത്. 2022നവംബർ 30നാണ് കമ്പനി ചാറ്റ്ജി.പി.ടി ലോഞ്ച് ചെയ്തത്. ജനപ്രിയ ഓട്ടോമാറ്റിക് സ്പീച്ച് റെകഗനൈസേഷൻ സിസ്റ്റമായ ഡാൽ-ഇ 2 നിർമിച്ചതും ഇതേ കമ്പനിയാണ്.

എന്താണ് ചാറ്റ്ജി.പി.ടി?

'ChatGPT ഭയാനകമാണ്. ഏറെ ശക്തിയുള്ള AI യിൽ നിന്ന് ഞങ്ങൾ വളരെ അകലെയല്ല' OpenAI യുടെ സ്ഥാപകരിലൊരാളായ എലോൺ മസ്‌കിന്റെ വാക്കുകളാണിത്.

ലോഞ്ച് ചെയ്ത് ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ ചാറ്റ്ജി.പി.ടിക്ക് ഒരു ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ടെന്നാണ് ഓപ്പൺഎഐ മേധാവി സാം ആൾട്ട്മാൻ ട്വിറ്ററിൽ പറഞ്ഞത്. എന്നാൽ നിർമാണ ചെലവേറെയുണ്ടായതിനാൽ ചാറ്റ് ജി.പി.ടി ഇനി ഉപയോഗിക്കാൻ ഭാവിയിൽ പണം നൽകേണ്ടി വരുമെന്നാണ് കമ്പനി അധികൃതർ പറയുന്നത്.

ഈ സാങ്കേതിക വിദ്യ എങ്ങനെ ഉപയോഗിക്കാം?

ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ chat.openai.com എന്ന അഡ്രസ്സിൽ സന്ദർശിക്കുകയും ഓപ്പൺഎ.ഐ അക്കൗണ്ട് നിർമിക്കുകയും ചെയ്താൽ മതിയാകും. ഒരിക്കൽ സൈൻ ഇൻ ചെയ്താൽ നിങ്ങൾക്ക് ചാറ്റ്ജി.പി.ടിയോട് സംസാരിക്കാനാകും. ചോദ്യങ്ങൾ ചോദിച്ച് നിങ്ങൾക്ക് സംഭാഷണം തുടങ്ങാം.

എല്ലാവർക്കും ലഭ്യമാണോ?

ഗവേഷണ ഘട്ടത്തിലായതിനാൽ ചാറ്റ്ജിപിടി വെബ്‌സൈറ്റ് ഒരു സർവറിലാണ് പ്രവർത്തിക്കുന്നത്. ഒട്ടനവധി ഉപഭോക്താക്കൾ ഒരേസമയമെത്തുമ്പോൾ ഈ സർവറിന് താങ്ങാൻ കഴിയാത്ത സ്ഥിതി വരികയും ചിലർക്ക് ഉപയോഗിക്കാൻ കഴിയാതെ വരികയും ചെയ്യും. എന്നാൽ ഒരിക്കലും ഇത് ഉപയോഗിക്കാൻ കഴിയാതിരിക്കില്ല. പിന്നീട് ശ്രമിച്ചാൽ നിങ്ങൾക്ക് സംവിധാനം ഉപയോഗിക്കാനാകും.

ഉപന്യാസങ്ങൾ രചിക്കുക, കലപരമായ വിവരങ്ങൾ നൽകുക, AI ആർട്ട് പ്രോംപ്റ്റുകൾ സൃഷ്ടിക്കുക, ദാർശനിക സംഭാഷണങ്ങൾ നടത്തുക എന്നിവക്ക് പുറമേ മോഡലിന് നിരവധി സവിശേഷതകളുണ്ട്. ഹ്യൂമൻ ഫീഡ്ബാക്കിൽ നിന്നുള്ള റൈൻഫോഴ്സ്മെന്റ് ലേണിംഗ് (ആർഎൽഎച്ച്എഫ്) ഉപയോഗിച്ചാണ് ഈ മോഡൽ തയാറാക്കിയതെന്നാണ് ഓപ്പൺഎഐ പറയുന്നത്.

സേർച്ച് എൻജിനാണോ?

ഉപഭോക്താവുമായി സംഭാഷണം നടത്താനാണ് ചാറ്റ് ജി.പി.ടിക്ക് കഴിയുക. ഇൻറർനെറ്റിൽ പരതി വിവരങ്ങൾ കണ്ടെത്തി തരാനാകില്ല. പഠിച്ചുവെച്ച വിവരങ്ങളിൽ നിന്നാണ് ഇവ നമുക്ക് മറുപടി തരുന്നത്. അതിനാൽ പിശക് പറ്റാനിടയുണ്ടെന്നാണ് നിരീക്ഷപ്പെടുന്നത്.

പരിമിതികൾ?

ചോദ്യങ്ങളെ റീവേർഡ് ചെയ്ത് മനസ്സിലാക്കി ഉത്തരം തരുന്നതിനാൽ ചിലതിന് ഉത്തരം നൽകാൻ ചാറ്റ്ജി.പി.ടിക്ക് കഴിയില്ല. നമ്മുടെ ചോദ്യങ്ങൾ തെറ്റിദ്ധരിച്ച് തെറ്റായ ഉത്തരങ്ങൾ നൽകാനും സാധ്യതയുണ്ട്. ഇത്തരം പിഴവുണ്ടായതിനാൽ ചില വാക്കുകളുള്ള (StackOverflow) ചോദ്യങ്ങൾ തടഞ്ഞിരിക്കുകയാണ്.

Everything you need to know about ChatGPT...?

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News