ലോക പാസ്‌വേഡ് ദിനം: ഇനി സൈൻ ഇൻ ചെയ്യാൻ പാസ് കീയെന്ന് ഗൂഗ്ൾ

എന്താണ് പാസ്‌കീ ?

Update: 2023-05-04 12:29 GMT
Advertising

പാസ്‌വേഡുകൾ നമുക്കൊക്കെ തലവേദനയാണ്. ഓർത്തുവെക്കാനും വീണ്ടെുക്കാനുമൊക്കെ പലർക്കും പാടാണ്. എന്നാൽ ലോക പാസ്‌വേഡ് ദിനമായ ഇന്ന് ലോക ഇൻറർനെറ്റ് ഭീമനായ ഗൂഗ്ൾ ഒരു സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ഇനി മുതൽ വിവിധ അപ്ലിക്കേഷനുകളിലേക്കും വെബ്‌സൈറ്റുകളിലേക്കും സൈൻ ഇൻ ചെയ്യാൻ പാസ്‌കീകൾ ഉപയോഗിക്കാമെന്നാണ് ഗൂഗ്ൾ വ്യക്തമാക്കിയിരിക്കുന്നത്. പാസ്‌വേഡില്ലാത്ത ലോകത്തിലേക്കുള്ള സുപ്രധാന ചുവടാണിതെന്നും കമ്പനി പറഞ്ഞു. 'പാസ്‌വേഡിന്റെ അവസാനത്തിന്റെ തുടക്കം' എന്ന പേരിലെഴുതിയ ബ്ലോഗിലാണ് ഗൂഗ്ൾ ഇക്കാര്യം അറിയിച്ചത്. കമ്പനിയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിലും അക്കൗണ്ടുകൾ പാസ് കീകൾ ഉപയോഗിച്ച് പ്രവേശിക്കാനാകുമെന്നും പറഞ്ഞു.

'കഴിഞ്ഞ കുറച്ചു നാളായി ഞങ്ങളും ഇൻഡസ്ട്രിയിലെ മറ്റുള്ളവരും പാസ്‌വേഡുകൾക്ക് പകരം ലളിതവും സുരക്ഷിതവുമായ പകരം സംവിധാനത്തിനായി പ്രവർത്തിക്കുകയാണ്. പാസ്‌വേഡ് കുറച്ചുകാലം നമ്മുടെ കയ്യിലുണ്ടാകും. അവ ഓർത്തുവെക്കുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും തെറ്റായ കൈകളിലെത്തുന്നത് അപകടം വരുത്തുകയും ചെയ്യും' ഗൂഗ്ൾ ബ്ലോഗിൽ പറഞ്ഞു. ലോക പാസ്‌വേഡ് ദിനത്തിന് തൊട്ടുമുമ്പാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചത്.

എന്താണ് പാസ്‌കീ ?

ഫിംഗർ പ്രിൻറ്, ഫേസ് സ്‌കാൻ, സ്‌ക്രീൻ ലോക്ക് പിൻ എന്നിങ്ങനെയുള്ളവയാണ് പാസ് കീ കൊണ്ട് ഉദ്ദേശിക്കുന്നത്. നാം മൊബൈൽ പോലെയുള്ളവ ഇത് ഉപയോഗിച്ച് തുറക്കുന്നത് പോലെ അപ്ലിക്കേഷനുകളിലെയും വെബ്‌സൈറ്റുകളിലെയും അക്കൗണ്ടുകളും തുറക്കാനാകുന്ന സംവിധാനമാണ് ഗൂഗ്ൾ ഒരുക്കുന്നത്.

 

മെയിലെ ആദ്യ വ്യാഴാഴ്ചയാണ് ലോക പാസ്‌വേഡ് ദിനം ആചരിക്കുന്നത്. പാസ്‌വേഡ് പ്രതിജ്ഞയെടുത്ത് സുരക്ഷിത പാസ്‌വേഡുകൾ ഉപയോഗിക്കാനും ഹാക്കിംഗിൽ നിന്നും സൈബർ കുറ്റകൃത്യങ്ങളിൽ നിന്നും രക്ഷ നേടാനുമാണ് ഈ ദിനം ഓർമിപ്പിക്കുന്നത്.

വിവിധ അക്കൗണ്ടുകൾക്ക് വിവിധ പാസ്‌വേഡുകൾ ഉപയോഗിക്കാനാണ് വിദഗ്ധർ ഉപദേശിക്കുന്നത്. ഇമെയിൽ, ഓൺലൈൻ ബാങ്കിംഗ്, ഓൺലൈൻ ഷോപ്പിംഗ്, സമൂഹമാധ്യമം തുടങ്ങിയവക്കൊക്കെ ഒരോ പാസ്‌വേഡ് ഉപയോഗിക്കാതിരിക്കുന്നതാണ് ബുദ്ധിപൂർവമായ തീരുമാനം. അല്ലെങ്കിൽ ഒരു സൈബർ കുറ്റവാളിയ്ക്ക് നിങ്ങളുടെ എല്ലാ അക്കൗണ്ടുകളും ഒരു പാസ്‌വേഡ് കൈവശപ്പെടുത്തുന്നതിലൂടെ കയ്യടക്കാനാകും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News