ന്യൂയോര്‍ക്ക്: ഗൂഗിൾ ക്രോം ബ്രൗസർ വഴി ചില ഉപയോക്താക്കളുടെ കമ്പ്യൂട്ടറുകളിലേക്ക് അവരുടെ അനുവാദം കൂടാതെ തന്നെ 4 ജിബി വലിപ്പമുള്ള ഒരു കൂറ്റൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മോഡൽ ഡൗൺലോഡ് ആകുന്നുണ്ടെന്ന വാര്‍ത്ത ടെക് ലോകത്ത് ഏറെ ചര്‍ച്ചയാകുന്നുണ്ട്. ഗൂഗിളിന്റെ ഓൺ-ഡിവൈസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഗൂഗിളിന്റെ നടപടി.
ഗൂഗിളിന്റെ ഏറ്റവും ചെറിയ എഐ മോഡലായ 'ജെമിനി നാനോ' ആണ് ഇത്തരത്തിൽ സിസ്റ്റത്തിൽ ഇൻസ്റ്റാൾ ആകുന്നത്. ക്ലൗഡ് സെർവറുകളുടെ സഹായമില്ലാതെ കമ്പ്യൂട്ടറിൽ തന്നെ നേരിട്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകൾ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്നതിനാണ് ഈ ഫയൽ. ഇതിനായി weights.bin എന്ന പേരിൽ ഏകദേശം 4GB യോളം സ്റ്റോറേജ് എടുക്കുന്ന ഫയലാണ് ക്രോം ബാക്ക്ഗ്രൗണ്ടിൽ ഡൗൺലോഡ് ചെയ്യുന്നത്.
കമ്പ്യൂട്ടറിന്റെ ഹാർഡ്‌വെയർ ശേഷി പരിശോധിച്ച ശേഷമാണ് ക്രോം ഈ ഫയലുകൾ ഡൗൺലോഡ് ചെയ്യുന്നത്. കമ്പ്യൂട്ടറിലെ സ്റ്റോറേജ് പെട്ടെന്ന് കുറയുകയോ, ഇന്റർനെറ്റ് ഡാറ്റ അമിതമായി തീരുകയോ ചെയ്യുമ്പോൾ മാത്രമാണ് പലരും ഈ മാറ്റം ശ്രദ്ധിക്കുന്നത്.
ടെക്സ്റ്റ് അസിസ്റ്റൻസ്, വെബ്പേജ് വിവരങ്ങളുടെ ചുരുക്കം, ഓൺലൈൻ തട്ടിപ്പുകൾ കണ്ടെത്തൽ തുടങ്ങിയ സവിശേഷതകൾ ഇന്റർനെറ്റ് ഇല്ലാതെ തന്നെ വേഗത്തിൽ ചെയ്യാനും സ്വകാര്യത വർദ്ധിപ്പിക്കാനും ഈ ഓൺ-ഡിവൈസ് എഐ ഉപകരിക്കുമെന്നാണ് ഗൂഗിൾ പറയുന്നത്. എന്നാൽ, ഉപയോക്താക്കളുടെ കൃത്യമായ അനുവാദമോ അറിയിപ്പോ ഇല്ലാതെയാണ് ഈ വലിയ ഫയൽ സിസ്റ്റത്തിലേക്ക് ഡൗൺലോഡ് ആയതെന്നാണ് വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. സുരക്ഷാ ആശങ്കയും ഇക്കൂട്ടര്‍ ഉയര്‍ത്തുന്നു. ആവശ്യത്തിന് സ്റ്റോറേജും മികച്ച പ്രൊസസറുമുള്ള കമ്പ്യൂട്ടറുകളിലാണ് ഇത് തനിയെ ഇൻസ്റ്റാൾ ആകുന്നത്.
നിങ്ങളുടെ സിസ്റ്റത്തിൽ ഈ എഐ മോഡൽ ഡൗൺലോഡ് ആയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് ഇങ്ങനെ:
വിൻഡോസ് (Windows 11 / 10)
Run കമാൻഡ് ബോക്സ് തുറന്ന് (Windows Key + R പ്രസ്സ് ചെയ്യുക) %LOCALAPPDATA%\Google\Chrome\User Data\ എന്ന് ടൈപ്പ് ചെയ്ത് എന്റർ ചെയ്യുക. ഇതിൽ OptGuideOnDeviceModel എന്ന ഫോൾഡർ ഉണ്ടോ എന്ന് പരിശോധിക്കുക. ഇതിനുള്ളിൽ weights.bin എന്ന പേരിലായിരിക്കും 4GB ഫയൽ ഉണ്ടാവുക.
കേവലം ഈ ഫയലുകൾ ഡിലീറ്റ് ചെയ്തതുകൊണ്ട് മാത്രം പ്രശ്നം പരിഹരിക്കപ്പെടില്ല. ക്രോം വീണ്ടും ബാക്ക്ഗ്രൗണ്ടിൽ ഇത് ഡൗൺലോഡ് ചെയ്യാൻ സാധ്യതയുണ്ട്. ഇതൊഴിവാക്കാന്‍ ക്രോം സെറ്റിങ്സിൽ പോയി Settings > System വഴി On-device AI ഓഫ് ചെയ്താല്‍ പ്രവര്‍ത്തനം അവസാനിക്കും.