ന്യൂയോര്‍ക്ക്: 2026ലെ ഏറ്റവും വലിയ ടെക് ഇവന്റുകളിലൊന്നായ 'സർപ്രൈസ് ആൻഡ് ഷൈൻ' സെപ്തംബര്‍ 9ന് നടക്കുമെന്ന് ആപ്പിൾ സ്ഥിരീകരിച്ച് കഴിഞ്ഞു. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ ഐഫോൺ നിരയിലെ എല്ലാ ഫോണുകളും ഒരുമിച്ച് പുറത്തിറക്കില്ല.
സെപ്തംബര്‍ ഇവന്റിൽ ഐഫോൺ 18 പ്രോ (iPhone 18 Pro), ഐഫോൺ 18 പ്രോ മാക്സ് (iPhone 18 Pro Max), കൂടാതെ ഉപഭോക്താക്കൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോണായ 'ഫോൾഡബിൾ ഐഫോൺ' (Foldable iPhone) എന്നിവ മാത്രമായിരിക്കും അവതരിപ്പിക്കുക.
ബേസ് മോഡലായ ഐഫോൺ 18, ഐഫോൺ 18e, ഐഫോൺ എയർ2 എന്നിവ 2027 ആദ്യത്തിലായിരിക്കും എത്തുക . ചുരുക്കത്തിൽ, ഈ സെപ്തംബര്‍ ആപ്പിളിന്റെ പ്രോ ഉപഭോക്താക്കൾക്കുള്ളതാണെന്നാണ് പറയപ്പെടുന്നത്.
ഐഫോൺ 18 പ്രോ 6.3 ഇഞ്ചും പ്രോ മാക്സ് 6.9 ഇഞ്ചും ഡിസ്പ്ലേ വലിപ്പം നിലനിർത്തും. അലുമിനിയം ഫ്രെയിമും വലിയ ക്യാമറ മൊഡ്യൂളും മാറ്റമില്ലാതെ തുടരും. എന്നാൽ വലിയ ബാറ്ററിയും പുതിയ കൂളിംഗ് സിസ്റ്റവും ഉൾപ്പെടുത്താൻ ഫോണിന്റെ കനം ചെറിയ തോതിൽ കൂട്ടിയേക്കാം. മുന്നിൽ ചെറിയ ഡൈനാമിക് ഐലൻഡ് എത്തുമെന്നും പറയപ്പെടുന്നു.
പ്രകാശത്തിന്റെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്ന 'വേരിയബിൾ അപർച്ചർ' ഉള്ള പ്രധാന ക്യാമറ ഉണ്ടാകും. ഡൈനാമിക് റേഞ്ച് വർധിപ്പിക്കാനും നോയ്സ് കുറയ്ക്കാനും പുതിയ സ്റ്റാക്ക്ഡ് ഇമേജ് സെൻസറും വലിയ അപർച്ചറുള്ള ടെലിഫോട്ടോ ലെൻസും ഉണ്ടാകും. പ്രോ മാക്സ് മോഡലിൽ 6x ഒപ്റ്റിക്കൽ സൂമും പ്രോ മോഡലിൽ 5x സൂമും നൽകിയേക്കാം. പ്രധാന ക്യാമറ സിസ്റ്റത്തിൽ ട്രിപ്പിൾ 48 എംപി സെൻസറുകളും മുന്നിൽ 18 എംപി ക്യാമറയും തുടരും. ക്യാമറ കൺട്രോൾ ബട്ടണിൽ കൂടുതൽ പരിഷ്കാരങ്ങൾ വരുത്തും. TSMC-യുടെ 2 നാനോമീറ്റർ പ്രോസസ്സിൽ നിർമിക്കുന്ന ഏറ്റവും പുതിയ A20 പ്രോ ചിപ്പാണ് പ്രധാന കരുത്ത്. A19 ചിപ്പിനേക്കാൾ 18% കൂടുതൽ വേഗതയും 30% വരെ ഊർജക്ഷമതയും ഇത് വാഗ്ദാനം ചെയ്യുന്നു.
ഐഫോൺ 18 പ്രോ മാക്സിൽ വലിയ 5,567mAh ബാറ്ററിയാണ് പ്രതീക്ഷിക്കുന്നത് (മുൻ മോഡലിൽ 5,088mAh ആയിരുന്നു). A20 പ്രോ ചിപ്പിന്റെ മികവും വലിയ ബാറ്ററിയും ചേരുമ്പോൾ മികച്ച ബാറ്ററി ബാക്കപ്പ് ലഭിക്കും. പുതിയ 2nm ചിപ്പിന്റെയും മെമ്മറിയുടെയും നിർമാണച്ചെലവ് ഉയർന്നതിനാൽ ഇത്തവണ വില വർധിക്കാൻ സാധ്യതയുണ്ട്. അതേസമയം ഇതൊന്നും സ്ഥിരീകരിച്ച വിവരങ്ങളല്ല. ആപ്പിള്‍ തങ്ങളുടെ അവതരണ ചടങ്ങിലെ ഫീച്ചറുകളെല്ലാം ഔദ്യോഗികമായി പുറത്തുവിടൂ.