ചാറ്റ്ജിപിടിയോട് എല്ലാ രഹസ്യവും പറയാന്‍ നില്‍ക്കേണ്ട; പണികിട്ടുമെന്ന് സാം ആള്‍ട്ട്മാന്‍

അമേരിക്കന്‍ കൊമേഡിയനും പോഡ്കാസ്റ്ററുമായ തിയോ വോണിന്റെ യൂട്യൂബ് ചാനലില്‍ 'This Past Weekend' എന്ന പ്രോഗ്രാമില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സാം ആള്‍ട്ട്മാന്‍

Update: 2025-07-29 14:15 GMT
Editor : Shaheer | By : Web Desk

എന്തിനും ഏതിനും ഇപ്പോള്‍ ചാറ്റ്ജിപിടിയാണ്.. ഹോംവര്‍ക്ക് ചെയ്യാന്‍, ഇ-മെയില്‍ എഴുതാന്‍, ബിസിനസ് പ്ലാനുകള്‍ തയാറാക്കാന്‍.. അങ്ങനെ പോയിട്ട് സങ്കടങ്ങളും മാനസിക പിരിമുറുക്കങ്ങളും പങ്കുവയ്ക്കാനും മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ നടത്താനും സ്ഥിരമായി എഐ ചാറ്റ്‌ബോട്ടുകളെ ആശ്രയിക്കുന്നവരുണ്ട്. എന്തിനേറെ പറയണം, ജീവിതപങ്കാളിയെ പോലെ കണ്ട് ചാറ്റ്‌ബോട്ടുകളോട് ആ ഭാഷയില്‍ ചാറ്റ് ചെയ്യുന്നവരും ഏകാന്തതയ്ക്ക് ആശ്വാസം കണ്ടെത്തുന്നവര്‍ വരെയുണ്ട്.

എന്നാല്‍, അത്തരം ശീലങ്ങള്‍ കൊണ്ടുനടക്കുന്നവര്‍ക്ക് സാക്ഷാല്‍ ചാറ്റ്ജിപിടി സ്ഥാപകന്‍, ഓപണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍ വലിയൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. ചാറ്റ്ജിപിടിയെ ഒരു ലൈഫ് തെറാപിസ്റ്റോ സൈക്കോളജിസ്‌റ്റോ ആയി ഉപയോഗിച്ച് എല്ലാ രഹസ്യവും അതിനോട് പറയാന്‍ നില്‍ക്കേണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഒരുപക്ഷേ അതു പിന്നീട് നിങ്ങള്‍ക്കു വലിയ തിരിച്ചടിയാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു ആള്‍ട്ട്മാന്‍.

Advertising
Advertising
Full View

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലോകത്ത് വിപ്ലവം സൃഷ്ടിച്ച ചാറ്റ്ജിപിടിയെ സൈക്കോളജിസ്റ്റും ലൈഫ് തെറാപിസ്റ്റുമായെല്ലാം ഉപയോഗിക്കുന്നവരുണ്ട്. ചാറ്റ്ജിപിടിയുമായുള്ള സംഭാഷണങ്ങള്‍ള്‍ക്കിടയില്‍ നമ്മുടെ മനസിലുള്ള തീര്‍ത്തും വ്യക്തിപരമായ രഹസ്യങ്ങള്‍ പങ്കുവയ്ക്കുന്നവരുണ്ട്. എന്നാല്‍, ഈ സംഭാഷണങ്ങള്‍ക്ക് നിയമപരമായ രഹസ്യാത്മകത ലഭിക്കില്ലെന്നാണ് സാം ആള്‍ട്ടമാന്‍ വ്യക്തമാക്കുന്നത്.

അമേരിക്കന്‍ കൊമേഡിയനും പോഡ്കാസ്റ്ററുമായ തിയോ വോണിന്റെ യൂട്യൂബ് ചാനലില്‍ 'This Past Weekend' എന്ന പ്രോഗ്രാമില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സാം ആള്‍ട്ട്മാന്‍. ഇതിനിടയിലാണ് വോണിന്റെ ചോദ്യങ്ങളോട് പ്രതികരിക്കവെ ഈ സുപ്രധാന വിഷയം ചൂണ്ടിക്കാട്ടിയത്.

ചാറ്റ്ജിപിടിയോട് സ്വന്തം ജീവിതത്തിലെ ഏറ്റവും സ്വകാര്യമായ കാര്യങ്ങള്‍ പങ്കുവെക്കുന്നവരുണ്ട്. പ്രത്യേകിച്ച് യുവാക്കള്‍. ഇതിനെ ഒരു തെറാപിസ്റ്റായോ, ലൈഫ് കോച്ചായോ, റിലേഷന്‍ഷിപ്പ് ഉപദേശകനായോ ഒക്കെ അതിനെ ഉപയോഗിക്കുന്നവരുണ്ടെന്നും ആള്‍ട്ട്മാന്‍ പറയുന്നു. സാധാരണ തെറാപിസ്റ്റിനോടോ ഡോക്ടറോടോ വക്കീലിനോടോ ഒക്കെ നിങ്ങള്‍ പങ്കുവയ്ക്കുന്ന സ്വകാര്യ വിവരങ്ങള്‍ക്ക് നിയമപരമായ സംരക്ഷണമുണ്ട്.

എന്നാല്‍, ചാറ്റ്ജിപിടിയുമായുള്ള സംഭാഷണങ്ങള്‍ക്ക് നിലവില്‍ അത്തരം സംരക്ഷണമില്ല. നിങ്ങളുടെ ഏറ്റവും സ്വകാര്യമായ കാര്യങ്ങള്‍ ചാറ്റ്ജിപിടിയോട് നിങ്ങള്‍ പങ്കുവച്ചുവെന്നിരിക്കട്ടെ. പിന്നീട് അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും കേസോ നിയമനടപടികളോ ഒക്കെയുണ്ടായാല്‍ ഞങ്ങള്‍ക്ക് ആ വിവരങ്ങള്‍ കോടതിയില്‍ ഹാജരാക്കേണ്ടി വന്നേക്കാം. അതു വലിയ പ്രശ്‌നമാണ്. അതിന് എങ്ങനെ പരിഹാരമുണ്ടാക്കുമെന്നുള്ള ആലോചനയിലാണെടന്നും സാം ആള്‍ട്ട്മാന്‍ വെളിപ്പെടുത്തുന്നു.

ചാറ്റ്ജിപിടി പുതിയ ലോകത്തിന്റെയും, നമ്മുടെ സാധാരണ ജീവിതത്തിന്റെ തന്നെ ഭാഗമായയ തരത്തില്‍ സാര്‍വത്രികമായ ഈ ഘട്ടത്തില്‍ ആള്‍ട്ട്മാന്റെ മുന്നറിയിപ്പുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ഓപണ്‍എഐയുടെ കണക്കനുസരിച്ച്, 2025 ജൂലൈ വരെ 500 മില്യണ്‍ ആളുകളാണ് ചാറ്റ്ജിപിടി ഉപയോഗിക്കുന്നത്. അതില്‍ ഭൂരിഭാഗവും 18നും 34നും ഇടയില്‍ പ്രായമുള്ളവരാണ്. മാനസികാരോഗ്യം, റിലേഷന്‍ഷിപ്പ്, ജീവിത പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള ജീവിത കാര്യങ്ങളില്‍ ഉപദേശത്തിനായി ചാറ്റ്ജിപിടിയെ ആശ്രയിക്കുന്നവരാണ് ഈ യുവാക്കളില്‍ മിക്കവരും. അത്തരക്കാര്‍ക്കുള്ള മുന്നറിയിപ്പാണ് ആള്‍ട്ട്മാന്‍ നല്‍കിയിരിക്കുന്നത്.

ഡോക്ടര്‍ക്കും സൈക്കോളജിസ്റ്റിനും വക്കീലിനുമെല്ലാം ബാധകമായ സ്വകാര്യതാ നിയമങ്ങള്‍ നിലവില്‍ എഐ ചാറ്റ്‌ബോട്ടുകള്‍ക്ക് ബാധകമല്ല. വാട്‌സ്ആപ്പ്, സിഗ്‌നല്‍ പോലുള്ള എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് മെസേജിങ് പ്ലാറ്റ്‌ഫോമുകളിലും ഒരു പരിധി വരെ ഡാറ്റാ സെക്യൂരിറ്റി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍, ചാറ്റ്ജിപിടിയുമായുള്ള നിങ്ങളുടെ സംഭാഷണങ്ങള്‍ ഓപ്പണ്‍ എഐക്ക് വായിക്കാന്‍ കഴിയുമെന്നാണ് ആള്‍ട്ട്മാന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എഐ മോഡലിന്റെ ആശയവിനിമയം മെച്ചപ്പെടുത്താനും ദുരുപയോഗം തടയാനുമായി നിയമിക്കപ്പെട്ട കമ്പനിയിലെ മോഡറേറ്റര്‍മാര്‍ക്കും ഈ വിവരങ്ങളെല്ലാം വായിക്കാനാകുമെന്നും അദ്ദേഹം പറയുന്നുണ്ട്.

ഇതിനു പുറമെ നിങ്ങള്‍ ചാറ്റുകള്‍ ഡിലീറ്റ് ചെയ്താലും സുരക്ഷിതരാണെന്ന് ഉറപ്പിക്കേണ്ട. ചാറ്റ്ജിപിടിയുടെ ഫ്രീ, പ്ലസ്, പ്രോ മോഡലുകളിലെല്ലാം യൂസര്‍മാര്‍ ചാറ്റുകള്‍ ഡിലീറ്റ് ചെയ്താലും സെര്‍വറില്‍ അതു പൂര്‍ണമായും നീക്കം ചെയ്യപ്പെടാന്‍ ഒരു മാസത്തോളം എടുക്കുമെന്ന് ആള്‍ട്ട്മാന്‍ വെളിപ്പെടുത്തുന്നു. എന്നാല്‍, നിയമപരമോ സുരക്ഷാ കാരണങ്ങളാലോ ഈ വിവരങ്ങളും സൂക്ഷിക്കേണ്ട സാഹചര്യമുണ്ടായേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. 2025 ജൂണില്‍, ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങളുടെ കോപ്പിറൈറ്റ് കേസിന്റെ ഭാഗമായി, ഓപണ്‍ എഐയോട് എല്ലാ യൂസര്‍ ചാറ്റുകളും, ഡിലീറ്റ് ചെയ്തവ ഉള്‍പ്പെടെ, സൂക്ഷിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ ഓപണ്‍ എഐ നിയമപരമായി നീങ്ങുന്നുണ്ടെങ്കിലും അതില്‍ അന്തിമ പരിഹാരം ഉണ്ടാകുന്നതു വരെ ഇതൊരു സുരക്ഷാ ഭീഷണിയായി തുടരുമെന്നും കമ്പനി തലവന്‍ തന്നെ വ്യക്തമാക്കുന്നു.

ഏതായാലും, ആള്‍ട്ട്മാന്റെ മുന്നറിയിപ്പിനു പിന്നാലെ എഐ സാങ്കേതികവിദ്യയുടെ ധാര്‍മികവും നിയമപരവുമായ വശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്. എഐ ചാറ്റ്‌ബോട്ടുകള്‍ക്ക് ഡോക്ടര്‍-രോഗി ബന്ധത്തിന് സമാനമായ നിയമപരമായ സംരക്ഷണം നല്‍കേണ്ടതിന്റെ ആവശ്യകത ഡാറ്റാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍, മനുഷ്യരോട് സംസാരിക്കുന്ന പോലെ എല്ലാ രഹസ്യവും ഒരു ടെക് സങ്കേതത്തോട് വെളിപ്പെടുത്തുന്നത് അത്ര ബുദ്ധിയല്ലെന്ന് ഉപദേശിക്കുന്നവരുമുണ്ട്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News