ഫോൺ പൊട്ടിത്തെറിക്കുന്നത് ഒഴിവാക്കാൻ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഒരു സ്മാർട്ട്ഫോണിന് തീപിടിക്കാനോ പൊട്ടിത്തെറിക്കാനോ നിരവധി കാരണങ്ങളുണ്ട്, അത് മിക്കവാറും ഫോണിന്റെ ബാറ്ററിയുമായി ബന്ധപ്പെട്ടിരിക്കുന്നു
ഫോൺ പൊട്ടിത്തെറിച്ച് വിമാനത്തിലെ യാത്രക്കാരെ ഒഴിപ്പിച്ചത് അടുത്തിടെയാണ് വാർത്തയായത്. ഗ്ലാസ്‌ഗോയിൽ ഫോൺപൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച സംഭവവുമുണ്ടായി. മറ്റു പലയിടങ്ങളിലും കേട്ടിരുന്ന ഒന്ന് നമ്മുടെ കേരളത്തിലും സംഭവിച്ചിരിക്കുന്നു. മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് തൃശൂര്‍ തിരുവില്വാമലയില്‍ എട്ട് വയസുകാരി മരിച്ച വാര്‍ത്ത ഏറെ ഞെട്ടലോടെയും ദുഖത്തോടെയുമാണ് ഏവരും കേട്ടത്. ചാർജ് ചെയ്യുന്നതിനിടെ ഉപയോഗിച്ചതുകൊണ്ടാകാം പൊട്ടിത്തെറി ഉണ്ടായതെന്ന നിഗമനത്തിനാണ് സാധ്യത കൽപ്പിക്കുന്നത് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മുൻപും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. പലതും അശ്രദ്ധ കൊണ്ടാണ് സംഭവിക്കുന്നത്.
ഫോൺ പൊട്ടിത്തെറിക്കാനുള്ള സാധ്യത തുലോം കുറവാണ്. 2016-ൽ സാംസങ് ഗാലക്സി നോട്ട് 7 തിരിച്ചുവിളിച്ചപ്പോൾ, കയറ്റുമതി ചെയ്ത 2.5 ദശലക്ഷം യൂണിറ്റുകളിൽ 100 എണ്ണം മാത്രമാണ് പൊട്ടിത്തെറിച്ചത്. പക്ഷേ നമ്മുടെ കേരളത്തിൽ നടന്ന അതിദാരുണ സംഭവം കൂടുതൽ ജാഗ്രതയോടെ ഇരിക്കാൻ നമ്മെ ഓർമിപ്പിക്കുന്നതാണ്.
ഒരു സ്മാർട്ട്ഫോണിന് തീപിടിക്കാനോ പൊട്ടിത്തെറിക്കാനോ നിരവധി കാരണങ്ങളുണ്ട്, അത് മിക്കവാറും ഫോണിന്റെ ബാറ്ററിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ലേറ്റസ്റ്റ് മൊബൈൽ ഫോണുകളെല്ലാം തന്നെ ലിഥിയം-അയൺ ബാറ്ററികൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്, പോസിറ്റീവ്, നെഗറ്റീവ് ഇലക്ട്രോഡുകളുടെ സൂക്ഷ്മമായ ബാലൻസിലാണ് അവയിലെ ചാർജിങ് നടക്കുന്നത്. ബാറ്ററിയുടെ ആന്തരിക ഘടകങ്ങൾ തകരുന്നത് തീപിടുത്തത്തിലേക്ക് നയിച്ചേക്കാവുന്ന കാരണമാണ്.
എന്തൊക്കെ ശ്രദ്ധിക്കണം ?
- ഫോൺ ചൂടാവുന്ന സാഹചര്യം പരമാവധി ഒഴിവാക്കണം. ഫോൺ കയ്യിൽ നിന്ന് വീഴുന്നത് ബാറ്ററിയുടെ ആന്തരിക പ്രവർത്തനത്തെ തടസ്സപ്പെടുത്തും. ഒപ്പം ഫോണിനുള്ളിൽ ഷോർട്ട് സർക്യൂട്ടിന് കാരണമാകും. ഇങ്ങനെ സംഭവിച്ചാൽ അറിയണമെന്നില്ല. ചെറിയ ശബ്ദം, സ്‌മെൽ എന്നിവ തിരിച്ചറിഞ്ഞ് സുരക്ഷിരതാവാൻ ശ്രമിക്കുക എന്നതാണ് മാർഗം.
- മൊബൈൽ ചാർജ് ചെയ്യുന്നതിനിടെ ഉപയോഗിക്കുന്നത് വൻ അപകടമാണ് വിളിച്ചുവരുത്തുക. ചാർജിനിടെ ഫോൺ ചൂടാവുകയും തുടർന്നും ചാർജിലിരിക്കുന്നതും അപകടത്തിലേക്ക് നയിക്കുന്ന കാരണങ്ങളാണ്. ഫോൺ ചൂടാവുന്നുണ്ടെങ്കിൽ അൺപ്ലഗ് ചെയ്യുക. സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന ഇടങ്ങളിൽ ഫോൺ ദീർഘനേരം വയ്ക്കുന്നത് ഒഴിവാക്കുക.
- ചാർജ് ചെയ്യുമ്പോൾ നിങ്ങളുടെ ഫോൺ ഒന്നും കൊണ്ടും മൂടരുത്, കിടക്കയിൽ വെച്ച് ഫോൺ ചാർജ് ചെയ്യരുത്.
- ബാറ്ററി മാറുന്ന ഘട്ടത്തിൽ ക്വാളിറ്റിയുള്ളവ തെരഞ്ഞെടുക്കുക. കമ്പനി നൽകുന്ന ചാർജറും കേബിളുകളും മാത്രം ഉപയോഗിച്ച് ചാർജ് ചെയ്യുക.
- ഫോണിന്റെ പുറമെയുള്ള കേടുപാടുകൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ അത് പരിഹരിക്കുക ശേഷം മാത്രം ഉപയോഗിക്കുക. ബാറ്ററിക്ക് കംപ്ലെയിന്റാണെന്നതിന്റെ തെളിവാണ് അത് വീർത്ത് നിൽക്കുന്നത്. ബാറ്ററി മാറുക തന്നെ വേണം. പുതിയ ഫോണുകളിൽ ബാറ്ററിയുടെ ഈ പ്രശ്‌നം അറിയാൻ ഒരു വഴിയുമില്ല. ചാർജ് നിൽക്കാത്തതും ഫോൺ ഇടക്ക് ഓഫാവുന്നതും ശ്രദ്ധയിൽ പെട്ടാൽ ഉടൻ സർവീസിന് നൽകുക.
- ചൂട് മാത്രമല്ല തണുപ്പും ഫോണിന് പ്രശ്‌നമാണ് മൊബൈലുകളിൽ 32- 95 ഡിഗ്രി ഫാരൻ ഹീറ്റിന് ഇടയിൽ പ്രവർത്തിക്കാനായി നിർമിക്കപ്പെട്ടിട്ടുള്ള ബാറ്ററികളാണ് ഉപയോഗിച്ചിരിക്കുന്നത്.
- ഫോണിലെ ചാർജ് 30 മുതൽ 80 ശതമാനം വരെ ചാർജിൽ സൂക്ഷിക്കാൻ ശ്രമിക്കുക. ബാറ്ററി 100 ശതമാനം ചാർജ് വേണമെന്ന് നിർബന്ധം പിടിക്കേണ്ടതില്ല. രാത്രി മുഴുവൻ ചാർജിലിടുന്നതും ഒഴിവാക്കുക ഇത് ബാറ്ററി ലൈഫിനെ ബാധിക്കും.
- ദീര്‍ഘസമയം ഫോണ്‍ ഉപയോഗിക്കുന്നതും അപകടസാധ്യത കൂട്ടാം. അതിനാല്‍ തുടര്‍ച്ചയായി മണിക്കൂറുകളോളം ഫോണ്‍ ഉപയോഗിക്കാതിരിക്കുക.
കുട്ടികൾക്ക് എന്തിനാണ് മൊബൈൽ ഫോൺ ?
കുഞ്ഞുങ്ങളെ അടക്കിയിരുത്താന്‍ ഇന്നത്തെ കാലത്ത് മാതാപിതാക്കള്‍ വളരെ എളുപ്പത്തില്‍ കണ്ടെത്തിയൊരു വിദ്യയാണ് കയ്യില്‍ മൊബൈല്‍ ഫോണ്‍ നല്‍കുക എന്നത്. എന്നാൽ ഇപ്പോൾ എന്തിനും ഏതിനും കുട്ടികൾക്ക് മൊബൈൽ ഫോണും ടാബ്ലറ്റുമൊക്കെ ആവശ്യമാണ്. ഭക്ഷണം കഴിക്കുമ്പോളും പഠിക്കുമ്പോഴും കളിക്കുമ്പോളും എന്തിനേറെ ഉറങ്ങാൻ കിടക്കുമ്പോഴും മൊബൈൽ കൈയ്യിലില്ലാതെ പറ്റില്ലെന്നായിട്ടുണ്ട് പല കുട്ടികൾക്കും. കുഞ്ഞുങ്ങളുടെ തലയോട്ടിക്കു കട്ടി കുറവായതു കൊണ്ട് മൊബൈലിൽ നിന്നു വരുന്ന ഇലക്ട്രോ മാഗ്നറ്റിക്ക് റേഡിയേഷൻ മുതിർന്നവരെക്കാൾ 60 ശതമാനം കുട്ടികളെ ദോഷകരമായി ബാധിക്കുന്നു.
മുന്ന് വയസിൽ തഴെയുള്ള കുട്ടികൾക്ക് അവർ കാണുന്നതോ മനസിലാക്കുന്നതോ ആയ കാര്യങ്ങൾ തലച്ചോറിൽ ശേഖരിച്ചു വയ്ക്കാനുള്ള കഴിവ് കുറവായിരിക്കും. അതുകൊണ്ടാണ് ചെറുപ്പ കാലത്തെ പല കാര്യങ്ങലും ഓർമയിലുണ്ടെങ്കിലും മൂന്ന് വയസിൽ താഴെയുള്ള കാര്യങ്ങൾ ഒർത്തെടുക്കാൻ കഴിയാത്തത്. തലച്ചോറിൽ ഓർമയുടെ ഭാഗം വളർന്നു വരുന്ന പ്രയാമായതിനാൽ കുട്ടികൾ വാശി പിടിക്കുന്ന സമയത്ത് പെട്ടന്ന് തന്നെ മൊബൈൽ ഫോൺ കൊടുക്കുന്നത് അവരുടെ ബുദ്ധി ശേഷിയെ കാര്യമായി ബാധിക്കും. കാര്യങ്ങൾ മനസിലാക്കാനുള്ള അവരുടെ കഴിവ് ഇല്ലാതാവുന്നതിലൂടെ അവരുടെ പിടിവാശി കൂടുകയും വീടുകളിൽ നിന്നുപോലും ഇത്തരം കുട്ടികൾ അകന്നു പോകാൻ കാരണമാവുകയും ചെയ്യുന്നു.
പതിവായി രണ്ടു മണിക്കൂറിൽ കൂടുതൽ സ്ക്രീൻ സമയം ചെലവിടുന്ന 1000 കുട്ടികളിൽ നടത്തിയ പഠനത്തിൽ മനശാഃശാസ്ത്രപരമായ പ്രയാസങ്ങൾ വ്യാപകമാണെന്ന് കണ്ടിരുന്നു. വിഷാദം, ഉത്കണ്ഠ. ശ്രദ്ധക്കുറവ്, പെരുമാറ്റ പ്രശ്നങ്ങൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് ഇവരിൽ കണ്ടത്.