ഇനി ടെക്സ്റ്റ് മെസേജുകളും 'വ്യൂ വണ്‍സ്'; നോ കോപ്പി, നോ ഫോര്‍വേഡ്, പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ്

ലഭിക്കുന്നയാള്‍ക്ക് ചാറ്റ് വിന്‍ഡോയിലോ നോട്ടിഫിക്കേഷനിലോ സന്ദേശത്തിൻ്റെ ഉള്ളടക്കം കാണാന്‍ കഴിയില്ല

Update: 2026-11-15 09:26 GMT

ചിത്രങ്ങള്‍ക്ക് പുറമേ ടെക്സ്റ്റ് മെസേജുകളും 'വ്യൂ വണ്‍സ്' ആയി അയക്കാനുള്ള ഫീച്ചര്‍ വാട്‌സ്ആപ്പ് ഉടന്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഒറ്റത്തവണ മാത്രം കാണാന്‍ കഴിയുന്ന ചിത്രങ്ങള്‍ അയക്കുന്നത് പോലെ ഒറ്റത്തവണ വായിക്കാന്‍ കഴിയുന്ന സന്ദേശങ്ങള്‍ അയക്കാനും ഇതോടെ കഴിയും. ഇതുവരെ ഫോട്ടോകള്‍, വീഡിയോകള്‍, വോയ്‌സ് മെസേജുകള്‍ എന്നിവയ്ക്ക് മാത്രമായിരുന്നു ഈ സൗകര്യം ലഭ്യമായിരുന്നത്.

ഒരു തവണ വായിക്കുന്നതോടെ ടെക്‌സ്റ്റ് മെസേജ് സ്വയം ഡിലീറ്റ് ആവും. ഇത് കോപ്പി ചെയ്യാനോ സ്‌ക്രീന്‍ ഷോട്ട് എടുക്കാനോ സാധിക്കില്ല. വാട്‌സ്ആപ്പിന്റെ പുതിയ ആന്‍ഡ്രോയ്ഡ് ബീറ്റ പതിപ്പില്‍ തെരഞ്ഞെടുത്ത ഉപയോക്താക്കളില്‍ ഈ ഫീച്ചര്‍ പരീക്ഷിച്ചു തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ചാറ്റ് വിന്‍ഡോയില്‍ സന്ദേശം ടൈപ്പ് ചെയ്തശേഷം സെന്‍ഡ് ബട്ടണ്‍ അമര്‍ത്തിപ്പിടിച്ചാല്‍ വ്യൂ വണ്‍സ് ഓപ്ഷന്‍ ലഭിക്കും. ആദ്യമായി ഈ സംവിധാനം ഉപയോഗിക്കുന്നവര്‍ക്ക് ഫീച്ചറിനെക്കുറിച്ചുള്ള ചെറിയൊരു നിര്‍ദേശവും വാട്‌സാപ്പ് നല്‍കും.

ലഭിക്കുന്നയാള്‍ക്ക് ചാറ്റ് വിന്‍ഡോയിലോ നോട്ടിഫിക്കേഷനിലോ സന്ദേശത്തിന്റെ ഉള്ളടക്കം കാണാന്‍ കഴിയില്ല. ചാറ്റ് തുറന്നാല്‍ മാത്രമേ കാണാന്‍ കഴിയൂ. കോപ്പി ചെയ്യാനോ ഫോര്‍വേഡ് ചെയ്യാനോ സേവ് ചെയ്യാനോ കഴിയില്ല. രഹസ്യ വിവരങ്ങള്‍, പാസ്വേഡുകള്‍, ഒടിപികള്‍ തുടങ്ങിയ സ്വകാര്യ വിവരങ്ങള്‍ ചാറ്റ് ഹിസ്റ്ററിയില്‍ അവശേഷിപ്പിക്കാതെ കൈമാറാന്‍ ഈ ഫീച്ചര്‍ സഹായിക്കും. എല്ലാ ഉപയോക്താക്കള്‍ക്കുമായി ഈ ഫീച്ചര്‍ എപ്പോള്‍ ലഭ്യമാക്കുമെന്ന കാര്യം വാട്‌സ്ആപ്പ് വ്യക്തമാക്കിയിട്ടില്ല.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News