ടിക് ടോക് അടച്ചു പൂട്ടുന്നോ? പ്രതികരിച്ച് കമ്പനി

Update: 2018-10-27 15:37 GMT

മ്യൂസിക്കൽ ആപ്പിലൂടെ തരംഗമായ ടിക് ടോക്ക് എന്‍റര്‍ടെയിന്‍മെന്‍റ് ആപ്പ് അധികൃതര്‍ അവസാനിപ്പിക്കുന്നതായ വാര്‍ത്തകളോട് ഒടുവിൽ പ്രതികരിച്ച് ആപ്പ് കമ്പനി. പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അത്തരമൊരു നീക്കം നടക്കുന്നില്ലെന്നുമാണ് ഔദ്യോഗികമായി കമ്പനി അറിയിച്ചിരിക്കുന്നത്. 2016 ല്‍ ചൈനയില്‍ ആരംഭിച്ച ആപ്പിന് രാജ്യത്ത് മാത്രം 150 മില്യണ്‍ ഉപഭോക്താക്കളാണുള്ളത്. ആഗോളതലത്തില്‍ ഇത് 500 മില്യണോളം ഉപഭോക്താക്കളുണ്ടെന്നാണ് കണക്ക്.

ടിക് ടോക്ക് ആപ്പ് 2018 ഒക്ടോബര്‍ 26 ന് നിര്‍ത്തുന്നതായി വ്യക്തമാക്കുന്ന രൂപത്തിലുള്ള സ്ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ടിക്ടോക്കിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍നിന്നുള്ളതെന്ന് തോന്നിക്കുന്ന രീതിയിലാണ് സ്ക്രീന്‍ഷോട്ട്. എന്നാല്‍ ഇത്തരമൊരു ട്വീറ്റ് ടിക്ടോക്ക് നടത്തിയിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വാര്‍ത്തകള്‍ വ്യാജമാണെന്നതിന് ‘ഫേക്ന്യൂസ്’ എന്ന ഹാഷ്ടാഗ് മാത്രം നല്‍കിയാണ് ടിക് ടോക് അധികൃതര്‍ പ്രതികരിച്ചത്. ആദ്യം മ്യൂസിക്കലി എന്ന പേരിൽ അറിയപ്പെട്ട ടിക് ടോക്ക് വളരെ പെട്ടെന്നാണ് ഇന്റർനെറ്റ് ലോകത്ത് തരംഗമായത്. ടിക് ടോക്ക് വഴി കേരള തമിഴ്നാട് സംസ്ഥാനങ്ങൾക്കിടയിലെ യുവാക്കൾക്കിടയിൽ വെറുപ്പ് പ്രചരിപ്പിക്കുന്ന രീതിയിൽ വീഡിയോ നിർമ്മിച്ച് ഇറക്കിയത് ഇടക്കാലത്ത് വിവാദമായിരുന്നു. ടിക് ടോക്ക് ആപ്പ് വരെ നിരോധിക്കണമെന്ന ആവശ്യം ആ സമയത്ത് ഉയർന്നിരുന്നു. ആഗോള ലോകത്ത് തന്നെ വൻ തരംഗമാണ് അപ്പുകൾക്കിടയിൽ ടിക് ടോക്ക് നിർമ്മിച്ചിട്ടുള്ളത്.

Tags:    

Similar News