യുറാനസ് ‘തലതിരിഞ്ഞു’ പോയതിന് പിന്നില്‍
മറ്റെല്ലാ ഗ്രഹങ്ങളും അച്യുതണ്ടിനോട് ലംബമായി കറങ്ങുമ്പോള്‍ യുറാനസ് മാത്രം തിരശ്ചീനമായാണ് കറങ്ങുന്നത്.
നമ്മുടെ സൗരയൂഥത്തിലെ ഏറ്റവും തലതിരിഞ്ഞ ഗ്രഹം ഏതെന്ന ചോദ്യത്തിന് ഒരൊറ്റയുത്തരമേയുള്ളൂ യുറാനസ്. മറ്റുഗ്രഹങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ ചില സവിശേഷതകളാണ് യുറാനസിനെ ഈ വിശേഷണത്തിന് അര്‍ഹമാക്കുന്നത്. അതിന്റെ കാരണവും കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍.
സൗരയൂഥത്തിലെ ഏഴാമത്തെ ഗ്രഹമായ യുറാനസ് 98 ഡിഗ്രി ചെരിവില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഗ്രഹമാണ്. മറ്റെല്ലാ ഗ്രഹങ്ങളും അച്യുതണ്ടിനോട് ലംബമായി കറങ്ങുമ്പോള്‍ യുറാനസ് മാത്രം തിരശ്ചീനമായാണ് കറങ്ങുന്നത്. ഇതിന് പിന്നില്‍ യുറാനസിന് മുന്‍കാലത്തേറ്റ ഗംഭീര കൂട്ടിയിടിയാണെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍.
ദുര്‍ഹാം സര്‍വ്വകലാശാലയിലെ പി.എച്ച്.ഡി ഗവേഷകന്‍ യാക്കോബ് കഗ്ഗെരിസാണ് യുറാനസിനെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു ചെറുഗ്രഹത്തിന്റെ വലിപ്പമുള്ള പാറ യുറാനസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. ഇത് യുറാനസിന്റെ ഭ്രമണത്തിലും കാന്തിക മണ്ഡലത്തിലും ഊഷ്മാവിന്റെ വിതരണത്തിലുമെല്ലാം മാറ്റത്തിന് കാരണമായി. ഏകദേശം നാന്നൂറ് കോടി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് യുറാനസിന്റെഭാവി മാറ്റിയ ഈ കൂട്ടിയിടിയുണ്ടായതെന്നാണ് ഗവേഷകര്‍ കരുതുന്നത്.
ഈ കൂട്ടിയിടിക്ക് ശേഷമാണ് യുറാനസിന്റെ ഉപരിതലത്തില്‍ വലിയതോതില്‍ മഞ്ഞുമൂടിയത്. ഇതോടെ യുറാനസിനകത്തെ ഊഷ്മാവിന് പോലും പുറത്തേക്ക് വരാനാകാത്ത നിലയായി. ഇതോടെ -371 ഫാരന്‍ഹീറ്റ് വരെ തണുത്തുറയുന്ന ഊഷ്മാവിലേക്ക് യുറാനസ് മാറി. യുറാനസിന് വലിയ ഉപഗ്രഹങ്ങളുണ്ടാകുന്നതിനും ചുറ്റും വലയമുണ്ടായതിനു പിന്നിലും ഈ കൂട്ടിയിടിക്ക് പങ്കുണ്ടെന്നാണ് കരുതപ്പെടുന്നത്.
ഭൂമിയുടെ നാലിരട്ടി വലിപ്പമുള്ള യുറാനസിനെക്കുറിച്ച് വളരെക്കുറിച്ച് വിവരങ്ങള്‍ മാത്രമാണ് നമുക്കുള്ളത്. മനുഷ്യനിര്‍മ്മിതമായ ഒരേയൊരു വസ്തുവിന് മാത്രമാണ് യുറാനസിന് അടുത്തെങ്കിലുമെത്താനായിട്ടുള്ളത്. 1986ല്‍ വോയേജര്‍ 2 ആയിരുന്നു അത്.