രാജ്യത്തെ ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ വര്‍ധന; 2025ല്‍ 90 കോടിയിലെത്തും

ഗ്രാമീണ മേഖലയിലെ ഇന്‍റര്‍നെറ്റ് ഉപയോഗത്തില്‍ കാര്യമായ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് ഇന്‍റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ പുറത്തിറക്കിയ റിപ്പോർട്ടില്‍ പറയുന്നു.

Update: 2021-06-03 11:07 GMT

രാജ്യത്ത് ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ കുതിപ്പെന്ന് റിപ്പോര്‍ട്ട്. 2025ഓടു കൂടി ഇത് 90 കോടിയിലെത്തുമെന്നാണ് ഇന്‍റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ പുറത്തിറക്കിയ റിപ്പോർട്ടില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം 62.2 കോടിയായിരുന്നു രാജ്യത്ത് ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം. ഇതില്‍ 45 ശതമാനം വര്‍ധനയാണ് 2025ല്‍ പ്രതീക്ഷിക്കുന്നത്.

ഗ്രാമീണ മേഖലയിലെ ഇന്‍റര്‍നെറ്റ് ഉപയോഗത്തില്‍ കാര്യമായ വര്‍ധനയുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2025 ആകുമ്പോഴേക്കും നഗര മേഖലയേക്കാൾ കൂടുതൽ ഇന്‍റര്‍നെറ്റ് ഉപയോക്താക്കൾ ഗ്രാമീണ ഇന്ത്യയിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട് വിലയിരുത്തുന്നത്. 

Advertising
Advertising

നഗരപ്രദേശങ്ങളിലെ ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ നാലു ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. ആകെ ഉപയോക്താക്കളില്‍ 33 ശതമാനവും ഒമ്പത് മെട്രോകളില്‍ നിന്നാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം, നഗരങ്ങളിലായാലും ഗ്രാമങ്ങളിലായാലും കൂടുതല്‍ പേരും മൊബൈല്‍ ഫോണ്‍ വഴിയാണ് ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നത്. 

സജീവ ഇന്‍റര്‍നെറ്റ് ഉപയോക്താക്കളില്‍ പത്തിൽ ഒമ്പതുപേരും ദിവസേന ഇന്‍റര്‍നെറ്റ് ആക്സസ് ചെയ്യുന്നുവെന്നും ശരാശരി 107 മിനിറ്റ് അല്ലെങ്കിൽ 1.8 മണിക്കൂർ ഇന്‍റര്‍നെറ്റില്‍ ചെലവഴിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരവാസികളില്‍ 17ശതമാനം അധികസമയം ഇന്‍റര്‍നെറ്റില്‍ ചെലവഴിക്കുന്നുണ്ട്. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News