പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങൾക്ക് ഗർഭഛിദ്രം: ആറ് മാസത്തിനിടെ ഹൈക്കോടതി അനുമതി നൽകിയത് 8 കുട്ടികൾക്ക്

പീഡനത്തിനിരയായ കുട്ടികളുടെ അമ്മമാരുടെ അപേക്ഷയിലാണ് നടപടി; 8 കുട്ടികളും ബലാൽസംഗത്തിനിരയാകുകയായിരുന്നു

Update: 2021-02-12 05:27 GMT

പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളുടെ ഗർഭഛിദ്രത്തിന് ഹൈക്കോടതിയുടെ അനുമതി. ആറ് മാസത്തിനിടെ ഹൈക്കോടതി അനുമതി നൽകിയത് 8 കുട്ടികൾക്കാണ്. പീഡനത്തിനിരയായ കുട്ടികളുടെ അമ്മമാരുടെ അപേക്ഷയിലാണ് നടപടി

കോടതിയെ സമീപിച്ച 8 കുട്ടികളും ബലാത്സംഗത്തിനിരയാകുകയായിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലെ കുട്ടികളാണ് ഇത്തരത്തില്‍ പീഡനത്തിനിരയായി ഗര്‍ഭിണികളായത്.

ഇന്നലെ 16 വയസുള്ള ഒരു പെൺകുട്ടിയുടെ അമ്മയുടെ അപേക്ഷയിലാണ് ജസ്റ്റിസ് പി. വി. ആശാ അനുമതി നൽകിയത്. മുമ്പ് അനുമതി നല്‍കിയതെല്ലാം 14 വയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ ഗർഭഛിദ്രത്തിനാണ്.

Advertising
Advertising

16 വയസുകാരിയുടെ ഗർഭാവസ്ഥയുടെ കാലാവധി 28 ആഴ്ചകൾ പിന്നിട്ടിട്ടുണ്ട്. ഗർഭാവസ്ഥ നിയമപരമായി അനുവദനീയമായ സമയപരിധിക്കപ്പുറത്തേക്ക് കടന്നതിനലാണ് ഈ കേസുകളെല്ലാം ഹൈക്കോടതിയിലെത്തിയത്. പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകാനിടയുള്ള പ്രതികൂല മാനസിക പ്രത്യാഘാതവും കുഞ്ഞിനുണ്ടാകാവുന്ന പ്രശ്നങ്ങളും കണക്കിലെടുത്താണ് കോടതി ഈ കേസുകള്‍ കൈകാര്യം ചെയ്തത്.

സാധാരണയായി, എം‌ടി‌പി ആക്ട് 1971 പ്രകാരം 20 ആഴ്ച പിന്നിട്ട ഗര്‍ഭധാരണങ്ങള്‍ അബോര്‍ഷന്‍ നടത്താന്‍ സാധിക്കില്ല. കോടതി അനുമതിയുണ്ടങ്കില്‍ മാത്രമേ അത് സാധിക്കൂവെന്നിരിക്കെയാണ് ഈ എട്ട് കേസുകളും ഹൈക്കോടതിയിലെത്തിയത്. അല്ലെങ്കില്‍ ഗർഭാവസ്ഥയുടെ തുടർച്ച അമ്മയുടെ ജീവന്‍ അപകടമുണ്ടാക്കുമെന്നും അല്ലെങ്കിൽ ഗുരുതരമായ ശാരീരികമോ മാനസികമോ ആയ പ്രശ്നമുണ്ടാകുമെന്നോയുള്ള റിപ്പോര്‍ട്ട് വേണം. ജനിക്കുന്ന കുട്ടിക്ക് ശാരീരികമോ മാനസികമോ ആയ അസാധാരണതകൾ ഉൾപ്പെടെ കാര്യമായ അപകടസാധ്യതയുണ്ടെങ്കിലും ഗര്‍ഭധാരണം അവസാനിപ്പിക്കൽ അനുവദനീയമാണ്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് കോടതി എട്ട് കേസിലും അനുമതി നല്‍കിയത്.

Tags:    

Similar News