കര്‍ഷകനെ പൊലീസ് വെടിവച്ചു വീഴ്ത്തിയതെന്ന് കര്‍ഷകര്‍; മൃതദേഹവുമായി പ്രതിഷേധം

മരിച്ച കര്‍ഷകന്റെ മൃതദേഹവുമായി കര്‍ഷകര്‍ ദീന്‍ദയാല്‍ ഉപാധ്യായ റോഡില്‍ പ്രതിഷേധിക്കുകയാണ്

Update: 2021-01-26 08:34 GMT
Advertising

ന്യൂഡല്‍ഹി: ട്രാക്ടര്‍ റാലിക്കിടെ മരിച്ച കര്‍ഷകനെ പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു എന്ന് കര്‍ഷകര്‍. പൊലീസിന്റെ കല്ലേറിനിടെ ട്രാക്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചത് എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. മരിച്ച കര്‍ഷകന്റെ മൃതദേഹവുമായി കര്‍ഷകര്‍ ദീന്‍ദയാല്‍ ഉപാധ്യായ റോഡില്‍ പ്രതിഷേധിക്കുകയാണ്.

പൊലീസ് വച്ച തടസ്സങ്ങളെല്ലാം നീക്കി കര്‍ഷകര്‍ ഡല്‍ഹിയുടെ ഹൃദയഭാഗത്ത് പ്രവേശിച്ചിട്ടുണ്ട്. വഴിയിലുടനീളം പൊലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.

കര്‍ഷകര്‍ ട്രാക്ടറുകളുമായി ഇന്ത്യാ ഗേറ്റിലേക്ക് നീങ്ങുകയാണ്. പ്രതിഷേധക്കാര്‍ ചെങ്കോട്ടയിലെത്തിയിട്ടുണ്ട്. സെന്‍ട്രല്‍ ഡല്‍ഹിയിലെ ഐടിഒക്ക് നേരെ ആക്രമണമുണ്ടായി. നിരവധി ബസ്സുകള്‍ പ്രതിഷേധത്തിനിടെ തകര്‍ക്കപ്പെട്ടു. പൊലീസ് കര്‍ഷകരുടെ ട്രാക്ടറുകളുടെ കാറ്റഴിച്ചു വിടുകയും ചെയ്തു.

നേരത്തേ നിശ്ചയിച്ച അതേ റൂട്ട് മാപ്പിലൂടെ മാത്രമാണ് പരേഡ് പോകുന്നതെന്നും, അവിടെ തടസ്സമായി പൊലീസ് വച്ച ബാരിക്കേഡുകളാണ് മാറ്റിയതെന്നും കര്‍ഷകസംഘടനകള്‍ പറഞ്ഞു.

ഒരു ലക്ഷത്തോളം ട്രാക്ടറുകളിലായി നാല് ലക്ഷത്തോളം കര്‍ഷകരാണ് റാലിയില്‍ പങ്കെടുക്കുന്നത്.

Tags:    

Similar News