‘മുജ്റ’ പരാമർശം: മോദിക്ക് ഉടൻ ചികിത്സ നൽകണമെന്ന് പ്രതിപക്ഷം

‘അമിത് ഷായും ജെ.പി നദ്ദയും അദ്ദേഹത്തെ ഉടൻ ചികിത്സിക്കണം’

Update: 2024-05-25 14:15 GMT
Advertising

ന്യൂഡൽഹി: മുസ്‍ലിം വോട്ട് ബാങ്കിനെ പ്രീതിപ്പെടുത്താൻ പ്രതിപക്ഷം ‘മുജ്റ’ നൃത്തം കളിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷം. രാജ്യത്തിന്റെ പ്രധാനമന്ത്രി ഇത്തരത്തിൽ തരംതാഴരുതെന്നും മാനസികനില തെറ്റിയ അദ്ദേഹത്തിന് ഉടൻ ചികിത്സ നൽകണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.

ബിഹാറിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു മോദിയുടെ മുജ്റ പരാമർശം വരുന്നത്. 'സാമൂഹിക നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് പുതിയ ദിശാബോധം നൽകിയ നാടാണ് ബിഹാർ. പട്ടികജാതി, പട്ടികവർഗ, ഒ.ബി.സി വിഭാഗങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്ത് മുസ്‍ലിംകൾക്ക് നൽകാനുള്ള ഇൻഡ്യാ മുന്നണിയുടെ പദ്ധതി താൻ പരാജയപ്പെടുത്തുമെന്ന് ഈ മണ്ണിൽ നിന്ന് പ്രഖ്യാപിക്കാൻ ആഗ്രഹിക്കുന്നു. അവർ മുസ്‍ലിംകളുടെ അടിമകളായി തുടരും. മുസ്‍ലിം വോട്ട് ബാങ്കിനെ പ്രീതിപ്പെടുത്താൻ അവർ മുജ്‌റ നൃത്തം കളിക്കുകയാണ്’ -എന്നായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം. മുഗൾ കാലഘട്ടത്തിൽ ആരംഭിച്ച പരമ്പരാഗത നൃത്തരൂപമാണ് മുജ്റ.

പ്രധാനമന്ത്രി തൻ്റെ പദവിയുടെ മര്യാദ പരിപാലിക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു. ‘മോദിജി എന്താണ് പറയുന്നത്? തൻ്റെ പദവിയുടെ മര്യാദ നിലനിർത്തേണ്ടത് അദ്ദേഹത്തിൻ്റെ ഉത്തരവാദിത്തമല്ലേ? പ്രധാനമന്ത്രി പദവിയെ ഞങ്ങൾ ബഹുമാനിക്കുന്നു. അദ്ദേഹത്തിന്റെ യാഥാർത്ഥ അവസ്ഥ ഇപ്പോൾ കാണാൻ കഴിയും. ഇത്രയും യാഥാർത്ഥ്യം രാജ്യത്തോട് കാണിക്കരുത്. താൻ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ആളാണെന്ന കാര്യം അദ്ദേഹം മറന്നു. വരും തലമുറ എന്താണ് പറയുക? ചില ദിവസങ്ങളിൽ, മോദിജി എരുമകളെക്കുറിച്ചും മറ്റ് ദിവസങ്ങളിൽ മംഗളസൂത്രത്തെക്കുറിച്ചും സംസാരിക്കുന്നു. അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ പ്രശ്നം അവരുടെ കാലത്താണ് ആരംഭിച്ചത്’ -പ്രിയങ്ക പറഞ്ഞു.

പ്രധാനമ​ന്ത്രിക്ക് ഉടൻ ചികിത്സ നൽകണമെന്ന പരിഹാസവുമായി കോൺഗ്രസ് വക്താവ് പവൻ ഖേര രംഗത്തുവന്നു. ‘ഇന്ന് പ്രധാനമന്ത്രിയുടെ വായയിൽ നിന്ന് മുജ്റ എന്ന വാക്ക് കേട്ടു. മോദിജി, എന്താണ് താങ്കളുടെ മാനസികാവസ്ഥ? എന്തുകൊണ്ടാണ് നിങ്ങൾ ചികിത്സ തേടാത്തത്? അമിത് ഷായും ജെ.പി നദ്ദയും അദ്ദേഹത്തെ ഉടൻ ചികിത്സിക്കണം. ഒര​ുപക്ഷേ, സൂര്യന് താഴെ നിന്നുകൊണ്ട് പ്രസംഗങ്ങൾ നടത്തുന്നത് അദ്ദേഹത്തിന്റെ തലച്ചോറിനെ വളരെയധികം ബാധിച്ചിട്ടുണ്ടാകാം’ -പവൻ ഖേരെ എക്സിൽ കുറിച്ചു.

തൃണമൂൽ കോൺഗ്രസ് എം.പി സാകേത് ഗോഖലെയും മോദിയെ വിമർശിച്ചു. നാരീ ശക്തിയിൽ നിന്ന് ആ മനുഷ്യൻ ഇപ്പോൾ മുജ്റ പോലുള്ള വാക്കുകൾ ഉപയോഗിക്കുന്ന വിധം തരം താഴ്ന്നിരിക്കുന്നുവെന്ന് സാകേത് പറഞ്ഞു. പത്ത് വർഷം പി.ആർ വർക്കിലൂടെ അദ്ദേഹം പ്രതിച്ഛായ പരിപാലിച്ച് പോരുകയായിരുന്നു. എന്നാൽ, ഇന്ന് മോദിക്ക് തന്റെ യഥാർത്ഥ സ്വത്വം മറച്ചുവെക്കാൻ കഴിയുന്നില്ല. വളരെ മോശപ്പെട്ട ഭാഷയാണ് അദ്ദേഹത്തി​ന്റേത്. പ്രധാനമന്ത്രി എന്ന നിലയിൽ വിദേശയാത്രക്കിടെ അദ്ദേഹം എന്താണ് പറയുന്നതെന്ന് ചിന്തിക്കാൻ ഭയമാണെന്നും സാകേത് പറഞ്ഞു.

മോദി എന്തൊക്കെയാണ് പറയുന്നത് എന്നതിനെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്ന് ആർ.ജെ.ഡി നേതാവ് മനോജ് ഝാ പറഞ്ഞു. ഇന്നലെ വരെ അദ്ദേഹത്തോട് എതിർപ്പായിരുന്നു. ഇപ്പോൾ അദ്ദേഹത്തെക്കുറിച്ച് ആശങ്കയാണ്. സ്വന്തം പെരുമയുടെ ​ഭ്രമത്തിന് അദ്ദേഹം ഇരയായിട്ടുണ്ടെന്ന് ഞാൻ ഇയിടെ പറഞ്ഞിരുന്നു. മീൻ, മട്ടൺ, മംഗൾസൂത്ര, മുജ്റ... ഇതാണോ പ്രധാനമന്ത്രിയുടെ ഭാഷയെന്നും മനോജ് ഝാ ചോദിക്കുന്നു.

​മോദിക്ക് വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ച് ഉദ്ധവ് താക്കറെ വിഭാഗം ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി കുറിച്ചു.

ബി.ജെ.പി നിരാശരാണെന്ന് സമാജ്‍വാദി വക്താവ് ഫഖ്റുൽ ഹസൻ പറഞ്ഞു. ‘ഇന്ന്, ആറാം ഘട്ടത്തിലെ വോട്ടെടുപ്പ് നടക്കുകയും അടുത്ത ഘട്ടത്തിനായുള്ള പ്രചാരണം നടക്കുകയും ചെയ്യുമ്പോൾ, ബി.ജെ.പി നിരാശയിലാണ്. അവരുടെ ഭാഷ മാറി, അവർ ഇപ്പോൾ ‘മുജ്‌റ’യെക്കുറിച്ചാണ് സംസാരിക്കുന്നത്. ജനങ്ങളുടെ ചോദ്യങ്ങൾക്ക് ബി.ജെ.പിക്ക് ഉത്തരമില്ല. അവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ജനങ്ങൾക്ക് ​ഇതെല്ലാം നന്നായി അറിയാം. തെരഞ്ഞെടുപ്പിൽ അവർ ഞങ്ങൾക്ക് വോട്ട് ചെയ്യും. ഇൻഡ്യാ മുന്നണി സർക്കാർ രൂപീകരിക്കുകയും ചെയ്യും’-സമാജ്‍വാദി വക്താവ് ഫഖ്റുൽ ഹസൻ പറഞ്ഞു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News