ആറാംഘട്ട വോട്ടെടുപ്പ്; ബംഗാളിൽ പരക്കെ ആക്രമണം

ജമ്മു കശ്മീരിൽ പിഡിപി പ്രവർത്തകരും പ്രതിഷേധിച്ചു

Update: 2024-05-25 14:20 GMT
Advertising

കൊൽക്കത്ത: ആറാംഘട്ട വോട്ടെടുപ്പ് നടന്ന പശ്ചിമ ബംഗാളിലെ പോളിങ് ബൂത്തുകളിൽ പരക്കെ ആക്രമണം. ഇവിഎം തകരാറും ഏജന്റുമാരെ ബൂത്തുകളിൽ പ്രവേശിപ്പിക്കുന്നതും തടഞ്ഞുവെച്ചതും സംബന്ധിച്ച് 954 പരാതികൾ ലഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ബംഗാളിലെ എട്ട് ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്.

ഘട്ടൽ മണ്ഡലത്തിലെ ബൂത്തുകളിൽ പോളിങ് ഏജന്റുമാരെ പ്രവേശിപ്പിക്കുന്നത് തടഞ്ഞതിനെ ചൊല്ലി ടിഎംസിയുടെയും ബിജെപിയുടെയും അനുയായികൾ തമ്മിൽ ഏറ്റുമുട്ടി. ടിഎംസി ഗുണ്ടകൾ നാശം വിതയ്ക്കുകയാണെന്നും വോട്ടെടുപ്പ് പ്രക്രിയയിൽ തടസ്സങ്ങൾ സൃഷ്ടിക്കുകയാണെന്നും ബിജെപി സ്ഥാനാർത്ഥി ഹിരൺ ചാറ്റർജി ആരോപിച്ചു. ബി.ജെ.പി പ്രവർത്തകർ റോഡിൽ പ്രതിഷേധ പ്രകടനം നടത്തുകയും പ്രദേശത്ത് ടയറുകൾ കത്തിക്കുകയും ചെയ്തു. അതേസമയം ഘട്ടൽ മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന തൃണമൂലിന്റെ സിറ്റിങ് എംപി ദേവ്‌ന ഈ ആരോപണങ്ങൾ നിഷേധിച്ചു.

മറ്റൊരു മണ്ഡലമായ കാന്തിയുടെ വിവധ ഭാഗങ്ങളിലും അക്രമ സംഭവങ്ങൾ നടന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേന്ദ്രസേന വോട്ടർമാരെ ആക്രമിക്കുകയാണെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. ടിഎംസിയും കേന്ദ്രസേനയും ഞങ്ങൾക്കെതിരെ പ്രവർത്തിക്കുകയാണെന്നും അവർ ഞങ്ങളുടെ പാർട്ടി അനുഭാവികളെ മർദ്ദിക്കുകയാണെന്നും ബിജെപി സ്ഥാനാർത്ഥി സൗമേന്ദു അധികാരി പറഞ്ഞു.

മിഡ്നാപൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി അഗ്‌നിമിത്ര പോളിനെതിരെ തൃണമൂൽ പ്രവർത്തകർ ഗോ ബാക്ക് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ഇതിനെച്ചൊല്ലി ബിജെപി-ടിഎംസി പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കേന്ദ്രസേന സ്ഥലത്തെത്തി.

അതേസമയം തംലുക്കിലെ പോളിങ് ബൂത്തിലെത്തിയ ബിജെപി സ്ഥാനാർത്ഥിയും മുൻ കൊൽക്കത്ത ഹൈക്കോടതി ജഡ്ജിയുമായ അഭിജിത് ഗംഗോപാധ്യായക്ക് നേരെയും ജനങ്ങൾ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ബങ്കുര നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ സുഭാഷ് സർക്കാറും പോളിങ് ബൂത്ത് സന്ദർശിക്കുന്നതിനിടെ പ്രതിഷേധം നേരിട്ടു.

ജമ്മു കശ്മീരിലെ അനന്ത്‌നാഗ്-രജൗരി മണ്ഡലത്തിൽ പ്രവർത്തകരെ പൊലീസ് തടങ്കലിലാക്കിയെന്ന ആരോപണവുമായി പിഡിപി രംഗത്തെത്തി. സ്ഥാനാർഥി കൂടിയായ മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിൽ പിഡിപി പ്രവർത്തകർ പ്രതിഷേധിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് പൂർത്തിയായപ്പോൾ 57.70 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. ഏറ്റവും ഉയർന്ന പോളിങ് ബംഗാളിലും കുറവ് പോളിങ് ഉത്തർപ്രദേശിലുമാണ്.



Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News