രക്ഷിതാക്കൾക്കൊപ്പം യു.എ.ഇ സന്ദർശിക്കുന്ന കുട്ടികള്‍ക്ക് വിസാ ഫീസ്​ വേണ്ട

രണ്ടു മാസക്കാലം വിസ കൂടാതെ പതിനെട്ടിനു ചുവടെ പ്രായമുള്ള മക്കൾക്ക് രക്ഷിതാക്കൾക്കൊപ്പം യു.എ.ഇ സന്ദർശിച്ചു മടങ്ങാനുള്ള അവസരം.

Update: 2018-07-16 02:51 GMT

രക്ഷിതാക്കൾക്കൊപ്പം യു.എ.ഇ സന്ദർശിക്കുന്ന 18 വയസിനു ചുവടെയുള്ളവർക്ക് വിസാ ഫീസ് നൽകേണ്ട. ജൂലൈ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് എല്ലാ വർഷവും ഈ ഇളവ് ലഭിക്കുക. ടൂറിസം പ്രോൽസാഹനം ലക്ഷ്യം വെച്ച് യു.എ.ഇ മന്ത്രിസഭയാണ് തീരുമാനം കൈക്കൊണ്ടത്.

വിസാ നിയമങ്ങളിൽ കാതലായ മാറ്റങ്ങൾ ഏർപ്പെടുത്തിയതിന്റെ തുടർച്ച എന്ന നിലക്കാണ് സന്ദർശക വിസയിലും യു.എ.ഇയുടെ അപ്രതീക്ഷിത ഇളവു പ്രഖ്യാപനം. ടൂറിസ്റ്റുകളെ കുടുംബസമേതം രാജ്യത്തേക്ക്
ആകർഷിക്കാൻ ഈ നടപടി ഉപകരിക്കും. രണ്ടു മാസക്കാലം വിസ കൂടാതെ പതിനെട്ടിനു ചുവടെ പ്രായമുള്ള മക്കൾക്ക് രക്ഷിതാക്കൾക്കൊപ്പം യു.എ.ഇ സന്ദർശിച്ചു മടങ്ങാനുള്ള അവസരം ഇന്ത്യ ഉൾപ്പെടെ എല്ലാ രാജ്യങ്ങളും പരമാവധി ഉപയോഗപ്പെടുത്തും എന്നാണ് അധികൃതരുടെ പ്രതീക്ഷ.‌‌

Advertising
Advertising

സന്ദർശകർക്ക് വേണ്ടി നേരത്തെയും വിസ ചട്ടങ്ങളിൽ യു.എ.ഇ. ഇളവ്
വരുത്തിയിരുന്നു. ട്രാന്‍സിറ്റ് വിസയില്‍ എത്തുന്നവർക്ക് 48 മണിക്കൂര്‍ വരെ രാജ്യത്ത് തങ്ങാൻ ഫീസ് ഈടാക്കേണ്ടതില്ലെന്നതായിരുന്നു ഇതിൽ പ്രധാനം. 50 ദിര്‍ഹം നല്‍കി ഈ ആനുകൂല്യം 96 മണിക്കൂര്‍ വരെ ദീര്‍ഘിപ്പിക്കാനും അനുമതി നൽകി.

ലോകത്തെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രം എന്നനിലക്ക്
ഓരോ വർഷവും ഇവിടേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണുള്ളത്. ഈ വർഷം ആദ്യ 3 മാസം മാത്രം 32.8 ദശലക്ഷം യാത്രക്കാരാണ് യു.എ.ഇ വിമാനത്താവളങ്ങൾ മുഖേന കടന്നു പോയത്. കുടുംബ ടൂറിസം രംഗത്ത് വൻ മുന്നേറ്റം കുറിക്കാൻ പുതിയ നടപടി ഏറെ ഉപകരിച്ചേക്കും. വരും വർഷങ്ങളിൽ കൂടുതൽ ശക്തമായ വർധന മുന്നിൽ കണ്ടാണ് വിസാ നിയമങ്ങളിൽ ഉദാര നടപടി സ്വീകരിക്കാൻ യു.എ.ഇ തീരുമാനിച്ചിരിക്കുന്നതും.

Tags:    

Similar News