ആരോഗ്യ മേഖലയില്‍ ദുബെെയുടെ പുതിയ മാതൃക
മൂന്ന് വിധത്തിലുള്ള അര്‍ബുദ രോഗങ്ങളുടെ നിര്‍ണയവും പരിരക്ഷയും ഉള്‍പെടുത്തിയിട്ടുള്ള ഇന്‍ഷുറന്‍സ് പദ്ധതിയാണ് ഡി.എച്.എ ആവിഷ്കരിച്ചിരിക്കുന്നത്
അർബുദം ഉൾപ്പെടെ മാരക രോഗങ്ങൾക്ക് കൂടി ആരോഗ്യ ഇൻഷുറൻസ്
ആനുകൂല്യം ഉറപ്പാക്കിയതോടെ ദുബൈ വീണ്ടും മാതൃകയാകുന്നു. പുതുവർഷത്തിൽ നാമമാത്ര നിരക്കു മാത്രം അധികം നൽകി ചികിൽസ ഉറപ്പാക്കാൻ കഴിയും എന്നതാണ് പദ്ധതിയുടെ പ്രത്യേകത.
ദുബൈ നിര്‍ബന്ധ ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതിയുടെ കീഴില്‍ പുതിയ ഇന്‍ഷുറന്‍സ് സൗകര്യമൊരുക്കിയ ദുബൈ ഹെല്‍ത് അതോറിറ്റിയുടെ നടപടി നിരവധി പേർക്ക് ഗുണകരമാകും. മൂന്ന് വിധത്തിലുള്ള അര്‍ബുദ രോഗങ്ങളുടെ നിര്‍ണയവും പരിരക്ഷയും ഉള്‍പെടുത്തിയിട്ടുള്ള ഇന്‍ഷുറന്‍സ് പദ്ധതിയാണ് ഡി.എച്.എ ആവിഷ്കരിച്ചിരിക്കുന്നത്.
ഡി.എച്.എ ഫണ്ടിംഗ് ഡിപാര്‍ട്‌മെന്റിന് കീഴില്‍ ആരംഭിച്ച പദ്ധതിക്ക് ‘ബസ്മ’ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. സ്തനാര്‍ബുദം, തൊണ്ടയിലെ അര്‍ബുദം, ഉദരത്തെ ബാധിക്കുന്ന അര്‍ബുദങ്ങള്‍ എന്നിവയുടെ നിര്‍ണയവും രോഗ പ്രതിരോധവും പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കീഴില്‍ ഉള്‍പെടും.
ലോകോത്തര നിലവാരത്തില്‍ ഉന്നതമായ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശമനുസരിച്ചാണ് പുതിയ പദ്ധതികള്‍ ഏര്‍പെടുത്തിയിരിക്കുന്നത്. അതിനിടെ, പുതുവർഷത്തിൽ ആരോഗ്യ ഇൻഷുറൻസ് പുതുക്കാൻ വ്യക്തികളും സ്ഥാപനങ്ങളും ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദേശിച്ചു.