അബൂദബിയിലേക്ക് പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ് രേഖ നിർബന്ധം
48 മണിക്കൂറിനിടയിൽ നടത്തിയ പരിശോധനയുടെ രേഖ ഹാജരാക്കിയാൽ മാത്രമേ പ്രവേശനം അനുവദിക്കൂ
യു എ ഇയിലെ മറ്റു എമിറേറ്റുകളിൽ നിന്ന് അബൂദബി എമിറേറ്റിലേക്ക് പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന രേഖ നിർബന്ധമാക്കി. 48 മണിക്കൂറിനിടയിൽ നടത്തിയ പരിശോധനയുടെ രേഖ ഹാജരാക്കിയാൽ മാത്രമേ പ്രവേശനം അനുവദിക്കൂ. ഇത് അൽഹുസൻ ആപ്പ് വഴിയോ, ആശുപത്രികൾ അയക്കുന്ന എസ് എം എസ് ആയോ അതിർത്തിയിൽ കാണിക്കണം. അബൂദബി എമിറേറ്റിലേക്ക് പ്രവേശിക്കാൻ മൂന്നാഴ്ചയായി നിലനിൽക്കുന്ന വിലക്ക് നാളെ അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണം. അബുദബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻറ് കമ്മിറ്റിയാണ് തീരുമാനം അറിയിച്ചത്. ചരക്ക് ഗതാഗതം, തപാൽ ഉരുപ്പിടികൾ എന്നിവയുടെ സഞ്ചാരത്തിന് ഈ നിബന്ധന ബാധകമല്ലെന്ന് അബുദബി മീഡിയ ഓഫീസ് അറിയിച്ചു. മാസ്‌ക് ധരിക്കൽ, വാഹനങ്ങൾക്കുള്ളിലും സാമൂഹിക അകലം പാലിക്കൽ എന്നിവയുൾപ്പെടെയുള്ള എല്ലാ മുൻകരുതൽ നടപടികളും പാലിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.