ഷാർജ ഇന്റർസിറ്റി ബസുകൾ മറ്റന്നാൾ മുതൽ സർവീസ് പുനരാരംഭിക്കും

യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിച്ച് ശേഷിയുടെ 50 ശതമാനം പേരെ മാത്രമാണ് ബസിൽ പ്രവേശിപ്പിക്കുക

Update: 2020-09-13 13:43 GMT

ഷാർജയിൽ നിന്ന് മറ്റ് എമിറേറ്റിലേക്കുള്ള ബസ് സർവീസുകൾ മറ്റന്നാൾ പുനരാരംഭിക്കും. അഞ്ചുമാസത്തെ ഇടവേളക്ക് ശേഷമാണ് ഷാർജ ഇന്റർസിറ്റി ബസുകൾ സർവീസ് ആരംഭിക്കുന്നത്. യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിച്ച് ശേഷിയുടെ 50 ശതമാനം പേരെ മാത്രമാണ് ബസിൽ പ്രവേശിപ്പിക്കുക.

ഷാർജയിൽ താമസിച്ച് മറ്റ് എമിറേറ്റുകളിൽ ജോലി ചെയ്യുന്ന നിരവധി പ്രവാസികൾക്ക് ആശ്വാസ വാർത്തയാണിത്. ഈമാസം 15 മുതൽ ഷാർജ ഇന്റർസിറ്റി ബസുകൾ ഓടിത്തുടങ്ങും. കോവിഡ് മുൻകരുതലിന്റെ ഭാഗമായി ഏപ്രിൽ മാസത്തിലാണ് ഈ ബസ് സർവീസുകൾ നിർത്തിവെച്ചത്. മാസങ്ങളായി അടഞ്ഞുകിടക്കുന്ന ജുബൈൽ ബസ് സ്റ്റേഷൻ മറ്റന്നാൾ തുറക്കുമെന്ന് ഷാർജ അധികൃതർ അറിയിച്ചു. ദുരന്തനിവാരണ അതോറിറ്റി മുന്നോട്ടുവെച്ച സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ബസുകൾ ഓടിത്തുടങ്ങുക. ബസിന്റെ ശേഷിയുടെ പകുതി യാത്രക്കാരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു. യാത്രക്കാർ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. കൈയിൽ സാനിറ്റൈസർ കരുതണം. സാമൂഹിക അകലം ഉറപ്പാക്കാൻ സീറ്റുകളിൽ സ്റ്റിക്കർ പതിച്ചിരിക്കും. വിലക്കുള്ള സീറ്റിൽ ഇരിക്കാൻ പാടില്ല. ഓരോ ട്രിപ്പിന് ശേഷവും ബസുകൾ അണുവിമുക്തമാക്കുമെന്നും ഷാർജ പൊലീസ് സെന്റട്രൽ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ഡോ. അഹമ്മദ് സഈദ് അൽ നഊർ പറഞ്ഞു.

Tags:    

Similar News