രാഹുൽ പ്രധാനമന്ത്രിയാകുന്നതോടെ ദലിതര്‍ക്ക് കൂടുതല്‍ പുരോഗതിയുണ്ടാകും: ചെന്നിത്തല

മലപ്പുറം വണ്ടൂരിൽ സംഘടിപ്പിച്ച ദലിത് കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അ‍ദ്ദേഹം.

Update: 2019-04-15 11:25 GMT
Advertising

അംബേദ്കർ ജയന്തി ദിനത്തിൽ അനുസ്മരണ പരിപാടിക്കൊപ്പം ദലിത് കുടുംബ യോഗം സംഘടിപ്പിച്ച് യു.ഡി.എഫ്. രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കുടുംബയോഗം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുന്നതോടെ ദലിത് വിഭാഗങ്ങൾക്ക് കൂടുതൽ പുരോഗതിയുണ്ടാകുമെന്ന്‌ രമേശ് ചെന്നിത്തല പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ വിജയത്തിന് വേണ്ടിയുള്ള പ്രചാരണത്തിന്‍റെ ഭാഗമായാണ് ദലിത് സംവരണ മണ്ഡലമായ മലപ്പുറം വണ്ടൂരിൽ ദലിത് കുടുംബയോഗം സംഘടിപ്പിച്ചത്. യു.ഡി.എഫ് ദലിത് വിങ്ങിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി അംബേദ്കറുടെ ജന്മദിന അനുസ്മരണ പരിപാടി കൂടിയായിരുന്നു. ബി.ജെ.പി സർക്കാരിന്‍റെ കാലത്ത് രാജ്യത്ത് ദലിതുകൾക്കെതിരെ വലിയതോതിലുള്ള അക്രമ പരമ്പരകൾ അരങ്ങേറുന്ന സാഹചര്യത്തിൽ യു.പി.എ സർക്കാർ ദലിതുകളെ ചേർത്തുനിർത്തുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തല പറഞ്ഞു.

Full View

എം.എൽ.എമാരായ എ.പി അനിൽ കുമാർ, വി.ടി ബൽറാം എന്നിവരും പരിപാടിയിൽ പങ്കെടുത്തു. വണ്ടൂർ നിയോജക മണ്ഡലത്തിലെയും സമീപ പ്രദേശങ്ങളിലെയുമുൾപ്പെടെ വിവിധ ദലിത് കുടുംബങ്ങളും പരിപാടിക്കെത്തിയിരുന്നു. എസ്.സി - എസ്.ടി വിഭാഗങ്ങൾക്ക് യു.ഡി.എഫ് സർക്കാരിന്‍റെ നേതൃത്വത്തിൽ നടപ്പിലാക്കിയ വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച് നേതാക്കൾ പ്രസംഗിച്ചു. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുന്നതോടെ വണ്ടൂർ ഉൾപ്പെടുന്ന വയനാട് മണ്ഡലത്തിലെയും രാജ്യത്താകെയുമുള്ള പിന്നാക്ക വിഭാഗങ്ങൾക്ക് ഏറെ പുരോഗതിയാണ് വരാനിരിക്കുന്നതെന്നും നേതാക്കൾ വ്യക്തമാക്കി.

Tags:    

Similar News