മോദി സര്‍ക്കാര്‍ സത്യപ്രതി‍ജ്ഞ ചെയ്ത് അധികാരമേറ്റു; മന്ത്രിസഭയില്‍ 58 പേര്‍

25 ക്യാബിനറ്റ് മന്ത്രിമാരും 9 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 24 സഹമന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. വി മുരളീധരന്‍ സഹമന്ത്രി. സുഷമ സ്വരാജും അരുണ്‍ ജെയ്റ്റിലിയും മനേക ഗാന്ധിയും മന്ത്രിസഭയിലില്ല

Update: 2019-05-30 16:31 GMT

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന പ്രൌഢഗംഭീരമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം 58 കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ബിംസ്റ്റെക് രാഷ്ട്രത്തലവന്മാരുടെയും സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുള്ള പ്രമുഖരുടെയും സാന്നിധ്യം ചടങ്ങിന് മാറ്റ് കൂട്ടി.

രാഷ്ട്രപതി ഭവന് മുന്നില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ കൃത്യം ഏഴ് മണിക്ക് തന്നെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ. രണ്ടാമനായി രാജ്നാഥ് സിങ്. പിന്നാലെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ.

Advertising
Advertising

തുടര്‍ന്ന് നിതിന്‍ ഗഡ്കരി, സ്മൃതി ഇറാനി അടക്കം 25 കാബിനറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ. കൂട്ടത്തില്‍ എസ് ജയശങ്കര്‍ അടക്കമുള്ള പുതിയ മുഖങ്ങളും. വി മുരളീധരന്‍ അടക്കം 24 സഹമന്ത്രിമാരും 9 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും രണ്ടാം മോദി സര്‍ക്കാരില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി.

രാഹുല്‍ ഗാന്ധിയും സോണിയയും അടക്കമുള്ള വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍, കലാ, സിനിമ, സാഹിത്യ, വ്യവസായ മേഖലയിലെ പ്രമുഖര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍ എന്നിവരും ചടങ്ങിലെത്തി. ബിംസ്റ്റെക് രാഷ്ട്രത്തലവന്മാരുടെയും കിര്‍ഗിസ്ഥാന്‍, മൌറീഷ്യസ് രാഷ്ട്രത്തലവന്മാരുടെയും സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി.

Tags:    

Similar News