രാഹുല്‍ ശരത് പവാറിനെ കണ്ടു; എന്‍.സി.പി - കോണ്‍ഗ്രസ് ലയന ചര്‍ച്ചയെന്ന് സൂചന  

എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വസതിയിലെത്തി കണ്ടു.

Update: 2019-05-30 16:56 GMT
Advertising

എന്‍.സി.പി - കോണ്‍ഗ്രസ് ലയനത്തിന് ആലോചനയെന്ന് സൂചന. എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വസതിയിലെത്തി കണ്ടു. ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയാണ് ലയന സാധ്യതാ സൂചനകള്‍ ശക്തമാക്കിയത്.

കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നും രാജ്യസന്നദ്ധത അറിയിച്ച ശേഷം കൂടിക്കാഴ്ചകളെല്ലാം റദ്ദാക്കിയിരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഇതിനിടയിലാണ് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിന്റെ വസതിയിലെത്തി രാഹുൽ കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്നാണ് എന്‍.സി.പി - കോണ്‍ഗ്രസ് ലയന നീക്കം നടക്കുന്നതായുള്ള സൂചനകള്‍ പുറത്ത് വന്നത്.

ലോക്സഭ പ്രതിപക്ഷ കക്ഷി, നേതൃപദവികള്‍ ഉറപ്പിക്കുകയാണ് ലക്ഷ്യം. പ്രതിപക്ഷ കക്ഷി പദവിക്ക് ആകെ അംഗസംഖ്യയുടെ 10 ശതമാനവും നേതൃപദവിക്ക് 55 സീറ്റും വേണം. കോണ്‍ഗ്രസിന് ഇതിനായി കുറവുള്ള സീറ്റ് എന്‍.സി.പിയുടെ 5 സീറ്റില്‍ നിന്നും ലഭിക്കും. സെപ്തംബര്‍ - ഒക്ടോബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പും കൂടി മുന്നില്‍ കണ്ടാണ് നീക്കം.

എന്നാല്‍ ഇരു പാര്‍ട്ടികളും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. എന്‍.സി.പി സ്ഥാപക നേതാക്കളിലൊരാളായ താരിഖ് അന്‍വര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

Tags:    

Similar News